വിശുദ്ധ നാട് സന്ദർശനത്തിനിടെ രണ്ട് മലയാളികളെ ഇസ്രയേലിൽ കാണാതായി; സഹയാത്രികരെ തടഞ്ഞുവച്ചു
Tuesday, April 29, 2025 2:51 AM IST
ഇരിട്ടി: വിശുദ്ധ നാട് സന്ദർശനത്തിനുപോയ സംഘത്തിലെ രണ്ടുപേരെ കാണാതായതിനെത്തുടർന്ന് മൂന്നു വൈദികർ ഉൾപ്പെടുന്ന യാത്രാസംഘത്തെ ഇസ്രയേൽ അധികൃതർ തടഞ്ഞുവച്ചതായി വിവരം. ഇരിട്ടി സ്വദേശികളായ ജോസഫ് മാത്യു, ജോസഫ് ഫ്രാൻസിസ് എന്നിവരെയാണ് കാണാതായത്.
ബെത്ലഹേം സന്ദർശനത്തിനിടെയാണ് ഇരുവരെയും കാണാതായത്. ഒരാഴ്ച മുമ്പ് കൊച്ചി ആസ്ഥാനമായ ട്രാവൽ ഏജൻസി വഴിയാണ് സംഘം പോയത്. ഇപ്പോൾ കാഞ്ഞങ്ങാട് താമസിച്ചുവരുന്ന ജോസഫ് മാത്യു യൂറോപ്പിലേക്ക് പോകുന്നുവെന്നും ജോസഫ് ഫ്രാൻസിസ് ഒരു മാസത്തെ ചികിത്സയ്ക്കായി പോകുന്നുവെന്നുമാണ് നാട്ടിലുള്ളവരോട് പറഞ്ഞിരുന്നത്.
രണ്ടു പേരെയും കാണാതായതിനെത്തുടർന്ന് സംഘത്തെ ഇസ്രയേൽ അധികൃതർ തടഞ്ഞുവച്ചതോടെയാണ് വിവരം നാട്ടിലറിയുന്നത്. ഇവരെ കണ്ടെത്തിയാൽ ഇരുവരെയും സഹായിച്ചവർ ഉൾപ്പെടെ ഇസ്രയേലിലുള്ളവർ നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾക്ക് വിധേയമാകും. കൂടാതെ ട്രാവൽ ഏജൻസി ഉൾപ്പെടെ വളരെ വലിയ തുക പിഴയായും നൽകേണ്ടി വരും.
കാണാതായവരെ കണ്ടെത്തി പിഴ അടച്ചാൽ സംഘത്തിലുള്ളവരെയും നാട്ടിലേക്ക് വരാൻ അനുവദിക്കുകയുള്ളൂവെന്നാണ് വിവരം.