വിരഹമഴയിൽ പിറവി...
Tuesday, April 29, 2025 3:03 AM IST
ബിജോ ജോ തോമസ്
പിറവി - മഴയുടെ താളവും സൗന്ദര്യവും രൗദ്രതയും ഇത്രയേറെ മനോഹരമായി ആവിഷ്്കരിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടാകില്ല. മനുഷ്യമനസിന്റെ സങ്കീർണമായ ഭാവങ്ങളാണ് ഷാജി എൻ. കരുൺ തന്റെ കന്നിച്ചിത്രമായ പിറവിയിൽ ആവിഷ്്കരിച്ചത്. കേരളസമൂഹത്തിൽ ഏറെ ചർച്ചാവിഷയമായി മാറിയ ഒരു സംഭവത്തെ സിനിമയാക്കിയപ്പോൾ അതിന്റെ എല്ലാ ഫ്രെയിമുകളിലും മഴ ഒരു പ്രധാന കഥാപാത്രമായി.
മലയാളസിനിമയിൽ പൊതുവേ പ്രണയത്തിന്റെയും ആഘോഷത്തിന്റെയുമൊക്കെ പ്രതീകമായാണ് മഴയെ ആവിഷ്കരിച്ചിരുന്നത്. എന്നാൽ വിരഹത്തിന്റെയും വിഷാദത്തിന്റെയും ബിംബങ്ങളാക്കി മഴയെ ആവിഷ്്കരിച്ച സിനിമയായിരുന്നു പിറവി. കൃത്രിമമഴയെ ആശ്രയിക്കാതെ പൂർണമായും മഴക്കാലത്താണ് അദ്ദേഹം പിറവി ചിത്രീകരിച്ചത്. ഇന്നും മലയാളസിനിമയിലെ ക്ലാസിക്കുകളിലൊന്നായി പിറവി നിലനില്ക്കുന്നതും ആവിഷ്്കാരത്തിലുള്ള ഈ നവഭാവു കത്വംകൊണ്ടാണ്.
ആറ് സിനിമകളാണ് ഷാജി എൻ. കരുൺ സംവിധാനം ചെയ്തതെങ്കിലും പിറവിയോളം അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു സിനിമയുണ്ടാകില്ല. 1989ൽ റിലീസ് ചെയ്ത ഈ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പുരസ്കാരമുൾപ്പടെ 31 അന്താരാഷ്്ട്ര അവാർഡുകളാണ് നേടിയത്. ഒപ്പം ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡും നേടി. അടിയന്തരാവസ്ഥക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു, രാജൻ എന്ന എൻജിനിയറിംഗ് വിദ്യാർഥിയുടെ പോലീസ് കസ്റ്റഡിയിലെ മരണം.
മകന്റെ മരണത്തോടെ തകർന്നടിഞ്ഞ അച്ഛൻ പ്രഫ. ഈച്ചരവാര്യരും അക്കാലത്ത് മനുഷ്യമനഃസാക്ഷിയെ പിടിച്ചുലച്ചിരുന്നു. ഒരിക്കലും തിരിച്ചുവരാത്ത മകനെ തേടിയുള്ള ഒരച്ഛന്റെ കാത്തിരിപ്പ്,- ആ സംഭവത്തെ മഴയുടെ പതിഞ്ഞ താളത്തിലൂടെ ഷാജി എൻ. കരുൺ ‘പിറവി’യിലൂടെ നമുക്ക് പറഞ്ഞുതന്നു.
രാഘവ ചാക്യാർ എന്ന വൃദ്ധനാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. വളരെ വൈകി ജനിച്ച രഘു എന്ന മകനെ രാഘവ ചാക്യാരും ഭാര്യയും വളരെ പ്രതീക്ഷകളോടെയാണ് വളർത്തിയത്. അച്ഛന്റെ തണലിൽ വളരെ ശാന്തനും സ്നേഹസന്പന്നനുമായാണ് രഘു വളർന്നത്. പ്രീഡിഗ്രി കഴിഞ്ഞതോടെ വീട്ടിൽ നിന്നും അകലെ എൻജിനിയറിംഗ് കോളജിൽ രഘു ചേർന്നു.
തന്റെ സഹോദരിയുടെ വിവാഹനിശ്ചയത്തിന് പങ്കെടുക്കാൻ രഘു എത്താതിരുന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബസ് സ്റ്റോപ്പിലേക്ക് മകന്റെ വരവ് നോക്കിയിരിക്കുന്ന അച്ഛൻ ഒടുവിൽ രഘു വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ ദിവസം മുഴുവൻ കാത്തിരുന്നു. എന്നാൽ രാഷ്്ട്രീയ കാരണങ്ങളാൽ രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരം ലഭിക്കുന്നു.
രാഘവൻ തന്റെ മകനെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്ത് എത്തുന്നു. എന്നാൽ രഘുവിനെക്കുറിച്ചോ അവൻ എവിടെയാണെന്നോ പോലീസ് അറിഞ്ഞില്ലെന്ന് നടിക്കുന്നു. മാത്രമല്ല, രഘുവിനെ കസ്റ്റഡിയിലെടുത്ത വസ്തുത നിഷേധിക്കുകയും ചെയ്യുന്നു. തന്റെ സഹോദരൻ പോലീസ് മർദനത്തിൽ മരിച്ചതാകാമെന്നും എന്നാൽ അച്ഛനോട് പറയാനുള്ള മനസ് ഉണ്ടായിരുന്നില്ലെന്നും രഘുവിന്റെ സഹോദരി ഒടുവിൽ മനസിലാക്കുന്നു. സാവധാനത്തിൽ യാഥാർഥ്യത്തിന്റെ പിടി നഷ്ടപ്പെട്ട രാഘവൻ തന്റെ മകൻ മടങ്ങിവരുമെന്ന വ്യർഥമോഹത്തിൽ ജീവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കാതൽ.
രാഘവനായി പ്രേംജി എന്ന നടൻ പകർന്നുനല്കിയത് ഒരച്ഛന്റെ കാത്തിരിപ്പിന്റെ വേദനകളായിരുന്നു. സംഭാഷണങ്ങൾ അധികമില്ലാതെ ഭാവപ്പകര്ച്ചകളിലൂടെ ഷാജി എൻ. കരുൺ ഈ കഥാപാത്രത്തെ നമുക്ക് വരച്ചുതന്നു. അതിനാകട്ടെ മഴയുടെ പശ്ചാത്തലം വളരെ സമർഥമായി ഉപയോഗിക്കുകയും ചെയ്തു.
തന്റെ മകൻ മരിച്ചുവെങ്കിലും അതറിയാതെ എന്നെങ്കിലും വരുമെന്ന് പ്രാര്ഥനയോടെ കാത്തിരിക്കുന്ന ഒരച്ഛൻ... ‘പിറവി’യിലെ മിക്ക ഫ്രെയിമുകളിലുമുള്ള ചാറ്റൽമഴയിലൂടെ കാത്തിരിപ്പിന്റെ ആ നൊമ്പരം പ്രേക്ഷകമനസിലേക്ക് ആഴത്തിൽ പതിപ്പിക്കുകയാണ് ഷാജി എൻ. കരുൺ.