വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ ആശാനെ സ്നേഹിച്ചു സ്നേഹിച്ച്...
Tuesday, April 29, 2025 3:03 AM IST
എസ്. മഞ്ജുളാദേവി
“ഞാൻ എഴുതിയ വരികളിലെ എന്റെ അർജുനനാവണം. എന്നെ അർജുനന്റെ സുഭദ്രയാക്കി മാറ്റണം. ഈ ജന്മം കൊണ്ട് ഒരിക്കലും സാധിക്കില്ലെന്നു ഞാൻ വിചാരിക്കുന്ന ആ ലഹരി എനിക്കനുഭവിക്കണം...” വാനപ്രസ്ഥത്തിൽ ദിവാന്റെ മരുമകളായ സുന്ദരിയായ, പണ്ഡിതയായ സുഭദ്ര അങ്ങനെ മന്ത്രിക്കുംപോലെ പറയുന്പോൾ കഥകളി നടനായ കുഞ്ഞിക്കുട്ടന്റെ മുഖത്തു വിടരുന്നൊരു പ്രത്യേക ഭാവമുണ്ട്. എന്താണെന്നു വേർതിരിച്ച് പറയാൻ കഴിയാത്തൊരു ഭാവം!
ചിത്രത്തിൽ സുഹാസിനി ജീവൻ പകരുന്ന സുഭദ്ര മനസിൽ ആവാഹിച്ച് ആത്മാവുകൊണ്ട് രുചിച്ചറിയുന്ന വീരനായ അർജുനനായി പിന്നെ കുഞ്ഞിക്കുട്ടൻ എന്ന മോഹൻലാൽ മാറുന്നുമുണ്ട്. സുഭദ്രയുടെ സ്വപ്നങ്ങളിലെ; സുഭദ്ര എഴുതിയ ആട്ടക്കഥയിലെ പൗരുഷമായി മാത്രം മാറേണ്ടിവരുന്ന കുഞ്ഞിക്കുട്ടന്റെ നിസഹായത, ഒടുവിലെ നിർവികാരത മോഹൻലാൽ എന്ന നടന്റെ മാറ്റുരയ്ക്കുന്ന മുഹൂർത്തമാണ്. താൻ വേഷം കെട്ടിയ, പകർന്നാടിയ അർജുനന്റെ കോപ്പുകൾ അഴിച്ചുമാറ്റുന്പോൾ സുഭദ്ര എന്ന ഉന്നതകുലജാത, ഭർതൃമതി തനിക്ക് അന്യയാണ് എന്നറിയുന്നു കുഞ്ഞിക്കുട്ടൻ. സ്വന്തം മകനെപ്പോലും കാണുവാനുള്ള അവകാശമില്ല എന്നുള്ള സത്യവും!
വാനപ്രസ്ഥത്തിൽ ഇതുപോലെ മോഹൻലാലിന്റെ അഭിനയമികവ് പ്രത്യക്ഷമാവുന്ന നിരവധി രംഗങ്ങളുണ്ട്. അച്ഛൻ ആരാണെന്ന് അറിയാതെ ജീവിതത്തിൽ ഒരു വലിയ കാലം ജീവിച്ചശേഷം അച്ഛൻ ആരെന്നതിന്റെ ഒരു സാക്ഷ്യപ്പെടുത്തൽ പോലെ ഒരു തുണ്ടുഭൂമിയുടെ ആധാരം ലഭിക്കുന്ന രംഗം മറക്കുക വയ്യ.
ആദ്യം കലികൊണ്ട് അലറുന്നുണ്ട് കുഞ്ഞിക്കുട്ടൻ. പിന്നീട് നിലവിളക്കിന്റെ തീയിൽ വച്ച് ആധാരം കത്തിച്ചുകളയുകയും പിന്നീട് തളർന്നിരുന്ന് ഇതാണോ സുകൃതം കൃഷ്ണാ... എങ്കിൽ ഈ സുകൃതം എനിക്കുവേണ്ട വേണ്ട.... എന്നു പറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്നു.
കളിയരങ്ങിൽ വില്ലാളിവീരനായ അർജുനനായും ശ്രീകൃഷ്ണനായും നിറഞ്ഞാടുകയും പട്ടിണിയും പരിവട്ടവുമായി കുടുംബത്തിരുന്ന് പതം പറഞ്ഞ് കരയുകയും കലഹിക്കുകയും ചെയ്യുന്ന കുഞ്ഞിക്കുട്ടൻ ആശാനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തു. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിനു മോഹൻലാലിനെ അർഹനാക്കിയതും വാനപ്രസ്ഥത്തിലെ ഈ അതുല്യ അഭിനയമാണ്. മികച്ച സിനിമ, മികച്ച എഡിറ്റിംഗ് എന്നിവയ്ക്കും വാനപ്രസ്ഥം ദേശീയ പുരസ്കാരം നേടിയിരുന്നു.
കുറച്ചുവർഷങ്ങൾക്കു മുന്‍പ് ഒരു പ്രമുഖ ടിവി ചാനലിലെ അഭിമുഖത്തിൽ അവതാരകൻ ഷാജി എൻ. കരുണിനോട് കുഴപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചു. മോഹൻലാലിനെ നായകനാക്കി വാനപ്രസ്ഥവും മമ്മൂട്ടിയെ നായകനാക്കി കുട്ടിസ്രാങ്കും സംവിധാനം ചെയ്തിട്ടുള്ള ഷാജി എൻ. കരുണിന് ആരുടെ അഭിനയമാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു ആ ചോദ്യം. പൊതുവെ ഒരു ചലച്ചിത്ര സംവിധായകനും ഉത്തരം നല്‍കാത്ത ചോദ്യത്തിനു പക്ഷേ ഷാജി എൻ. കരുണ്‍ മറുപടി നല്കി. മോഹൻലാൽ വാനപ്രസ്ഥത്തിൽ ഞാൻ എന്താണോ ആഗ്രഹിച്ചത്, അത് പൂർണമായും നല്കി. കുട്ടിസ്രാങ്കിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതുതന്നെയായിരുന്നു. മൂന്ന് വ്യത്യസ്ത റോളുകളിൽ അദ്ദേഹം തകർത്തഭിനയിച്ചു.
പല കമേഴ്സ്യല്‍ സിനിമകളുടെയും ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും സമയം കണ്ടെത്തിയാണ് മമ്മൂട്ടി കുട്ടിസ്രാങ്കിന്റെ സെറ്റിലെത്തി വ്യത്യസ്ത രൂപഭാവങ്ങളിൽ വരുന്ന സ്രാങ്കിനെ അവതരിപ്പിച്ചതും. എങ്കിലും ഞാൻ എന്താണോ ആഗ്രഹിച്ചത് അത് നല്‍കിയത് മോഹൻലാലാണ്.
കുട്ടിസ്രാങ്ക് ഷാജി എൻ. കരുണിന്റെ മികച്ച സിനിമകളിൽ ഒന്നുതന്നെയാണ്. 2009 ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ വലിയ അംഗീകാരങ്ങൾ കുട്ടിസ്രാങ്കിനെ തേടിയെത്തിയിട്ടുമുണ്ട്. പക്ഷേ മോഹൻലാൽ എന്ന കുഞ്ഞിക്കുട്ടന്റെ പിടച്ചിൽ, നിരാകരിക്കപ്പെട്ട പുരുഷന്റെ പിടച്ചിൽ ഷാജി എൻ. കരുണ്‍ എന്ന സംവിധായകന്റെ ഉള്ളിൽ എവിടെയോ വന്നലച്ചിരുന്നു, തീർച്ച!
മോഹൻലാലിനെ നായകനാക്കി ടി. പത്മനാഭന്റെ കടൽ സിനിമയാക്കുവാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ഷാജി എൻ. കരുണ്‍ ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.