വന്യജീവി ആക്രമണ മരണം: നഷ്ടപരിഹാരം 24 ലക്ഷമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്
Tuesday, April 29, 2025 2:51 AM IST
കൊച്ചി: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ 24 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹരാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥരാണെന്നും വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്നവര്‍ക്കും മറ്റും നഷ്ടപരിഹാരം നല്കുന്ന 1980ലെ നിയമപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം നല്‍കേണ്ടത്. വന്യജീവി സങ്കേതങ്ങളുടെ സമഗ്ര വികസന പദ്ധതിക്കു കീഴിലാണ് കേന്ദ്രസര്‍ക്കാര്‍ പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടത്.
ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്പ്പെടുത്തിയിട്ടുള്ളതിനാല് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നാലുലക്ഷം രൂപയുടെ മറ്റൊരു നഷ്ട പരിഹാരത്തുകയ്ക്കും അര്‍ഹതയുണ്ട്. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവര്‍ക്ക് 12 ലക്ഷം കേന്ദ്ര, സംസ്ഥാന നഷ്ടപരിഹാരമായി ലഭിക്കും.
ദുരന്ത നിവാരണ നിയമ പ്രകാരം നാലുലക്ഷത്തിന് ഇവര്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍, പൊതുജനത്തിന് ഇക്കാര്യത്തില്‍ അവബോധമില്ലാത്തതിനാല്‍ ശരിയായ രീതിയിലുള്ള നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. നഷ്ടപരിഹാരകാര്യത്തില്‍ വ്യക്തത വരുത്തലാണ് അനിവാര്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2022ല്‍ വന്യജീവി ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട സന്ദീപിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് അമിക്കസ് ക്യൂറിയുടെ വിശദീകരണം. പിതാവ് മരിക്കുമ്പോള്‍ 18 വയസ് മാത്രമുള്ള സന്ദീപിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന് വനംവകുപ്പ് താത്കാലിക ആന വാച്ചറുടെ ജോലി നല്‍കിയെങ്കിലും ജീവന് അപായമുള്ള ജോലി 14 ദിവസം മാത്രമേ ചെയ്യാനായുള്ളൂ. സ്ഥിരം ജോലിയും അര്‍ഹതപ്പെട്ട മുഴുവന്‍ നഷ്ടപരിഹാരവും ലഭിക്കാതെവന്നതോടെയാണ് ഫാര്‍മേഴ്സ് അവയര്‍നെസ് റിവൈവല്‍ മൂവ്മെന്റ് (ഫാം) എന്ന സംഘടന കോടതിയെ സമീപിച്ചത്.
വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് കേന്ദ്രവും കേരളവും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം മുഴുവന്‍ നഷ്ടപരിഹാരത്തുകയും അനുവദിക്കണം, വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ നഷ്ടപരിഹാരം തീരുമാനിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണം, കൊല്ലപ്പെടുന്നവരുടെ നിയമപരമായ അവകാശികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.