അസാധാരണനായ ക്രാഫ്റ്റ്സ്മാൻ
Tuesday, April 29, 2025 3:03 AM IST
മഴയെ, നിറങ്ങളെ, ശബ്ദത്തെ, നിശബ്ദതയെ ചലച്ചിത്രഭാഷ്യമാക്കുവാൻ കഴിയുമോ? കഴിയുമെന്ന് കവിതപോലെ സുന്ദരങ്ങളായ തന്റെ സിനിമകളിലൂടെ തെളിയിച്ച സംവിധായകനാണ് ഷാജി എൻ. കരുണ്‍.
വെളിച്ചത്തിന്റെ മൂർച്ചയും ഇരുട്ടിന്റെ ആഴങ്ങളും ഒപ്പിയെടുക്കുന്ന കാമറയുമായി സിനിമാജീവിതം തുടങ്ങിയതുകൊണ്ടാവണം സംവിധായകനായപ്പോഴും വെളിച്ചത്തെയും വെളിച്ചത്തിനപ്പുറമുള്ള ഇരുളിനെയും സിനിമയുടെ തുടിപ്പാക്കുവാൻ ഷാജി എൻ. കരുണിനു സാധിച്ചു. പിറവിയിൽ മഴ ഒരു പ്രതീകമായെങ്കിൽ സ്പന്ദനമായെങ്കിൽ ‘സ്വം’ എന്ന ചിത്രത്തിൽ നിറവിന്യാസങ്ങൾകൊണ്ട് ജീവിതം വരയ്ക്കുകയായിരുന്നു അദ്ദേഹം.
ഭർത്താവ് നഷ്ടപ്പെട്ട, ജീവിതത്തോട് ഒറ്റയ്ക്ക് മല്ലടിക്കുന്ന കുടുംബിനിയുടെ വ്യഥകളെ കറുപ്പിന്റെയും വെളുപ്പിന്റെയും ചായത്തിൽ കലർത്തി ഷാജി എൻ. കരുണ്‍. ഇടിമിന്നൽ, ചെണ്ടമേളം, എന്തിന് കാക്കയുടെയും ചീവീടിന്റെയും കരച്ചിൽ കൊണ്ടുവരെ സിനിമയിൽ സംഗീതം അനുഭവിപ്പിക്കാം എന്നും അദ്ദേഹം തെളിയിച്ചു.
പല സന്ദർഭങ്ങളിലും മലയാളസിനിമ തനിക്ക് എന്താണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഛായാഗ്രഹകനായി പേരെടുത്ത തുടക്ക കാലത്തു തന്നെ ബോളിവുഡ് ഉൾപ്പെടെ ഇന്ത്യൻ സിനിമാ മേഖലകളിൽ നിന്നും ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. മലയാളത്തിൽ നല്ല സിനിമകൾ എടുക്കുക എന്ന തന്റെ നിലപാടുകൊണ്ട് മാത്രമാണ് വന്പൻ ഓഫറുകൾ വേണ്ടെന്നു വച്ചത്.
മലയാള സിനിമയോടുള്ള തന്റെ കമ്മിറ്റ്മെന്റ് അടയാളപ്പെടുത്താതെ പോകുന്നുണ്ടോ എന്ന സംശയവും ഷാജി എൻ. കരുണ്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
1989ൽ പുറത്തുവന്ന പിറവി ഷാജി എൻ. കരുണിന്റെ ഒരു പുതുജന്മത്തിനുതന്നെ തുടക്കം കുറിച്ചു.
മകൻ രഘുവിനെ കാത്തിരിക്കുന്ന വൃദ്ധനായ രാഘവചാക്യാരെ (പ്രേംജി), പ്രേക്ഷകരുടെ തീരാവിങ്ങലാക്കി മാറ്റി സംവിധായകൻ. ആർത്തലച്ചു പെയ്യുന്ന മഴയുടെ ഹുങ്കാരനാദത്തിലൂടെ പിറവി തുറന്നുവച്ചത് ഒരു പുതിയ ഭാവുകത്വം കൂടിയായിരുന്നു. ജി. അരവിന്ദനും മോഹൻ സിത്താരയും ചേർന്ന് പകർന്ന പശ്ചാത്തല സംഗീതവും ഓർമിക്കാം.
‘പിറവി’ കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ‘സ്വം’ വന്നത്. ഓരോ സിനിമയും പരിപൂർണ കലാരൂപമായി പ്രേക്ഷകർക്കു നല്‍കുകയായിരുന്നു എന്നും ലക്ഷ്യം.
തിയറ്ററിലിരുന്ന് ഒരു സിനിമ പൂർണമായി കാണണം. മുറിച്ചുമുറിച്ചു കാണാൻ കഴിയുന്ന സിഡി, ഡിവിഡി തുടങ്ങിയ സംവിധാനങ്ങളിലൂടെയല്ല സിനിമ ആസ്വദിക്കേണ്ടത്. അങ്ങനെയൊക്കെയാണ് ഷാജി എൻ. കരുണ്‍ പറഞ്ഞിരുന്നതും.