അവശനിലയിൽ കണ്ട കാട്ടാന ചെരിഞ്ഞു
Tuesday, April 29, 2025 2:51 AM IST
അഗളി: കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് അവശനിലയിൽ കഴിഞ്ഞിരുന്ന കൊമ്പനാന ഇന്നലെ പുലർച്ചെ ചെരിഞ്ഞു. ശരീരത്തിൽ പത്തോളം മുറിവുകളോടെ വെള്ളിയാഴ്ചയാണ് 35 വയസ് വരുന്ന കാട്ടാന മുക്കാലി ഭവാനി റേഞ്ചിൽ കീരിപ്പതിയിൽ പ്രത്യക്ഷപ്പെട്ടത്. കൈകാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു.
മയക്കുവെടി വച്ച് വിദഗ്ധചികിത്സ നൽകാനുള്ള പദ്ധതി വനംവകുപ്പ് തയാറാക്കിവരുന്നതിനിടെയാണ് കാട്ടാന ചെരിഞ്ഞത്. ചതുപ്പുനിലത്തു മൂന്നുദിവസത്തോളം നിലയുറപ്പിച്ച കാട്ടുകൊമ്പൻ ഞായറാഴ്ച വീഴുകയും തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ചെരിയുകയുമായിരുന്നു.
വനംവകുപ്പ് വെറ്ററിനറി ഡോക്ടർ ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചിരുന്നു. സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ സാജു വർഗീസ്, അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ ഗണേശ്, റേഞ്ച് ഓഫീസർമാർ തുടങ്ങി വനപാലകസംഘവും ആർആർടി വിഭാഗവും സ്ഥലത്തെത്തിയിരുന്നു.മാർച്ച് 29നു പൊട്ടിക്കൽ വനത്തിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഈ ഏറ്റുമുട്ടലിൽ പരിക്കേറ്റ ആനയാകാം കീരിപ്പതിയിൽ ചെരിഞ്ഞതെന്നാണ് വനപാലകരുടെ നിഗമനം. ഏപ്രിൽ 12നു ഷോളയൂർ പഞ്ചായത്തിലെ പുളിയപ്പതിയിൽ കാട്ടാനകൾ കൊമ്പുകോർത്തതിനെത്തുടർന്ന് 12 വയസുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞിരുന്നു.