സംവിധായകർ പിടിയിലായ സംഭവം: അന്വേഷണത്തിന് ഏഴംഗ സംഘം
Tuesday, April 29, 2025 2:51 AM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ സംവിധായകരടക്കം മൂന്നുപേര്‍ പിടിയിലായ കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലാണ് ഏഴംഗ അന്വേഷണസംഘം രൂപീകരിച്ചത്.
കേസില്‍ അറസ്റ്റിലായ സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇവര്‍ക്ക് എക്സൈസ് സംഘം ഉടന്‍ നോട്ടീസ് നല്‍കും. ചോദ്യംചെയ്യലിനു ഹാജരാകാന്‍ സമീറിനും നോട്ടീസ് അയയ്ക്കും.
ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഫ്ലാറ്റിൽ ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് എത്തിച്ചത്. ഇയാള്‍ക്ക് കഞ്ചാവ് നല്കിയ കൊച്ചി സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, അറസ്റ്റിലായവരില്‍നിന്ന് എക്സൈസ് പിടിച്ചെടുത്ത 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇന്നലെ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച ഗോശ്രീ പാലത്തിനു സമീപത്തെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണു സംവിധായകരും സുഹൃത്തും പിടിയിലായത്.