ചാലക്കുടിയിലെ വ്യാജലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയിൽ
Tuesday, April 29, 2025 2:51 AM IST
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്നുകേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി എം.എൻ. നാരായണദാസ് (55) ബംഗളൂരുവിൽ പിടിയിൽ.
ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തന്നെ കേസിൽ കുടുക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല സണ്ണി നൽകിയ പരാതിയിലാണ് അറസ്റ്റ്.
മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് നാരായണദാസ് ഒളിവിൽ പോയത്. ഷീലയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയ ജോസിന്റെ സുഹൃത്താണിയാൾ.
ലിവിയ ആവശ്യപ്പെട്ടതനുസരിച്ച് ഷീലയുടെ വാഹനത്തിൽ ലഹരിമരുന്നു വച്ചശേഷം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതു നാരായണദാസ് ആണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഗൂഢാലോചനക്കേസിൽ ഷീലയുടെ മൊഴിയെടുത്തെങ്കിലും മകൻ സംഗീത് ഹാജരായിട്ടില്ല. ലിവിയയെക്കുറിച്ചും വിവരമില്ല.
ഷീലയുടെ സ്കൂട്ടറിൽ ലഹരി ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചിട്ടാണ് എത്തിയതെന്നും അളവ് കൂടുതലുണ്ടെന്നു ബോധ്യപ്പെട്ടപ്പോൾ മേലുദ്യോഗസ്ഥരെ അറിയിച്ചെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ മൊഴി. എന്നാൽ, സംഭവദിവസം ഈ ഉദ്യോഗസ്ഥൻ നാരായണദാസുമായി നേരിട്ടു കണ്ടതിനും ഇരുവരുടെയും ബാങ്ക് ഇടപാടുകൾ, ഫോണിന്റെ ടവർ ലൊക്കേഷനുകൾ എന്നിവയ്ക്കും തെളിവുകളുണ്ട്.
കഴിഞ്ഞവർഷം ഫെബ്രുവരി 27-നായിരുന്നു ഷീലയുടെ അറസ്റ്റ്. പിടിച്ചെടുത്ത ലഹരിപദാർഥങ്ങൾ എക്സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽനിന്ന് തൃശൂർ സെഷൻസ് കോടതി വഴി ഏപ്രിൽ ഒന്നിനാണ് കാക്കനാട്ടെ ലാബിൽ ലഭിച്ചത്.
മേയ് 12നു ലാബിൽനിന്നു റിപ്പോർട്ട് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസർക്കും സർക്കിൾ ഇൻസ്പെക്ടർക്കും അയച്ചെങ്കിലും ഒരുമാസത്തോളം മൂടിവച്ചു. പിടിച്ചതു ലഹരിമരുന്നല്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ വൻ വിവാദമായി.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സംഭവത്തിൽ വ്യക്തത വന്നത്. ലിവിയ ജോസ്, നാരായണദാസ് എന്നിവരെ പ്രതിചേർത്തു.
ഷീല സണ്ണി തന്നെ മനഃപ്പൂർവം കുടുക്കിയതാണെന്നും മാതാപിതാക്കളിൽനിന്ന് 10 ലക്ഷം ആവശ്യപ്പെട്ടത് എതിർത്തതിലുള്ള പകയാണു പിന്നിലെന്നുമാണ് ലിവിയയുടെ ആരോപണം. സാമ്പത്തികതട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നാരായണദാസ്, 28 ലക്ഷത്തിന്റെ വഞ്ചനക്കേസിൽ പ്രതിയായിരിക്കെയാണു ഷീല സണ്ണിയുടെ കേസിലും പ്രതിചേർക്കപ്പെട്ടത്.
“പ്രതിയെ പിടിച്ചതിൽ സന്തോഷം”
തൃശൂർ: എന്തിനാണ് തന്നെ ലഹരിക്കേസിൽ കുടുക്കിയതെന്ന് ഇപ്പോഴും അറിയില്ലെന്നും മുഖ്യപ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും ഷീല സണ്ണി. ആർക്കുവേണ്ടിയാണു കേസിൽ കുടുക്കിയതെന്ന് അറിയണം. നാരായണദാസിനെ വ്യക്തിപരമായി പരിചയമില്ല. മരുമകൾ, മരുമകളുടെ അനുജത്തി, റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെയാണു സംശയം.
അറസ്റ്റിനു തലേന്ന് മരുമകളും അനുജത്തിയും വീട്ടിലുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് സ്കൂട്ടർ കൊണ്ടുപോയത്. നാരായണദാസുമായി സംസാരിച്ചെന്ന് എക്സൈസ് ഓഫീസർതന്നെ മൊഴി നൽകിയിട്ടുണ്ട്. നാരായണദാസിന് എന്നോടെന്തിനാണു പകയെന്ന് അറിയില്ല.
മകന്റെ വിവാഹശേഷവും ഇയാളെക്കുറിച്ചു കേട്ടിട്ടില്ല. മരുമകളുടെ അനുജത്തിയും നാരായണദാസും ബംഗളൂരുവിൽ ഒന്നിച്ചു കഴിഞ്ഞെന്നാണു പോലീസ് പറയുന്നത്. സംഭവത്തിനുശേഷം മകനുമായി ബന്ധമില്ല. അവൻ ഒളിവിൽ പോകേണ്ട കാര്യമെന്താണെന്ന് അറിയില്ലെന്നും ഷീല പറഞ്ഞു.