വാക്സിൻ എടുത്ത ശേഷവും പേവിഷബാധ
Tuesday, April 29, 2025 2:51 AM IST
മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഗുരുതരാവസ്ഥയിലുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മാർച്ച് 29ന് മിഠായി വാങ്ങാൻ പുറത്തുപോയപ്പോഴാണ് സിയ ഫാരിസിന് തെരുവുനായയുടെ കടിയേറ്റത്.
തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെത്തിച്ച് ഐഡിആർബി വാക്സിൻ നൽകി.
എന്നാൽ പനിയും പേവിഷബാധ ലക്ഷണങ്ങളും അനുഭവപ്പെട്ടതോടെ 23ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
26നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റ ദിവസം മറ്റ് അഞ്ച് പേരെ കൂടി തെരുവുനായ കടിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.