ജിജിഎം രാജ്യാന്തര കോണ്‍ഗ്രസിന് തുടക്കം
Tuesday, April 29, 2025 2:51 AM IST
ചങ്ങനാശേരി: ഫിയാത്ത് മിഷന് സംഘടിപ്പിക്കുന്ന ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് (ജിജിഎം) രാജ്യാന്തര കോണ്‍ഗ്രസ് ചെത്തിപ്പുഴയില്‍ തുടക്കമായി.
തിരുഹൃദയ പള്ളി, ക്രിസ്ത്യുജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാര്‍മല്‍ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളിലാണ് ക്രൈസ്തവ സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളുടെ കലവറ തുറക്കുന്ന പ്രദര്‍ശനങ്ങളും സെമിനാറുകളും നടക്കുന്നത്. ആദ്യദിനംതന്നെ നൂറുകണക്കിനാളുകള്‍ പ്രദര്‍ശനനഗരിയില്‍ എത്തി.ഇറ്റാനഗര്‍ ബിഷപ് ഡോ. ബെന്നി വര്‍ഗീസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ബിഷപ് എമരിറ്റസ് ഡോ. ജോണ്‍ തോമസ്, ഗുഡ്ഗാവ് ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, ഇടവക വികാരിയും ആശ്രമം പ്രിയോറുമായ ഫാ. തോമസ് കല്ലുകളം, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
മിഷന് എക്സിബിഷന് ബിഷപ് തോമസ് മാര്‍ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ സന്നിഹിതനായിരുന്നു.
പ്രദര്‍ശന സ്റ്റാളുകളിലേക്കു വരൂ...മിഷന് രൂപതകളെ പരിചയപ്പെടാം
ധ്യാനങ്ങള്‍, ഫിയാത്ത് മിഷനെ പരിചയപ്പെടുത്തുന്ന എക്സിബിഷനുകള്‍, ബൈബിള്‍ എക്സ്പോ, രാജ്യാന്തര ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, വിശ്വാസപരിശീലക സംഗമം എന്നിവ ഉള്‍പ്പെടെ വിശ്വാസവഴികളിലെ നിരവധി കാഴ്ചകളും സഭാ പഠനങ്ങളുമാണ് രാജ്യാന്തര കോണ്‍ഗ്രസിന്റെ വിവിധ വേദികളില്‍ നടക്കുന്നത്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ മിഷന് രൂപതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്.
ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മിഷന് എക്സിബിഷന്, 7.30ന് ക്രിസ്തീയ സംഗീതനിശ, കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന്, കാര്‍ലോ ക്വിസ് എന്നീ പരിപാടികള്‍ ഉണ്ടാകും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്.