യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Tuesday, April 29, 2025 2:51 AM IST
ചങ്ങനാശേരി: ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാടപ്പള്ളി മോസ്കോ അഴകാത്തുപടി കാലായില്‍ കണ്ണമ്പള്ളി വീട്ടില്‍ അനീഷിന്റെ ഭാര്യ മല്ലിക(36) യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
മല്ലിക മരിച്ചുകിടക്കുന്നതായി ഭര്‍ത്താവ് അനീഷ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് വാര്‍ഡ്മെംബര്‍ പി.എ.ബിന്‍സണെ വീട്ടിലെത്തി അറിയിച്ചു. ഇദ്ദേഹം തൃക്കൊടിത്താനം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ മല്ലിക മരണപ്പെട്ടിട്ട് മൂന്നുമണിക്കൂറെങ്കിലും പിന്നിട്ടതായി മനസിലായി.
തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ മൃതദേഹം മല്ലികയുടെ റാന്നിയിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അനീഷി (41) നെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തെങ്ങുകയറ്റ തൊഴിലാളിയായ അനീഷ് ദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യ മല്ലികയുമായി കലഹമുണ്ടാക്കുന്നത് പതിവാണ്. മല്ലികയും മദ്യപിക്കാറുണ്ട്. ഞായറാഴ്ച രാത്രി അനീഷും മല്ലികയും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്ന് വഴക്കുണ്ടായതായും പോലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റിലും പോസ്റ്റുമാര്‍ട്ടത്തിലും മല്ലികയുടെ മുഖത്തും കണ്ണിനു താഴെയും ചെവിപ്പുറകിലും ചെറിയ പരിക്കുകളും ചതവുകളും ഈ പരിക്കുകളില്‍ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്.
വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. മല്ലികയുടെ മരണം സംബന്ധിച്ച് പരിശോധനകളും അന്വേഷണങ്ങളും നടക്കുന്നതോടൊപ്പം ഭര്‍ത്താവ് അനീഷിനെ ചോദ്യം ചെയ്തു വരികയാണെന്നും തൃക്കൊടിത്താനം എസ്എച്ച്ഒ അരുണ്‍ പറഞ്ഞു.