2024-25ല്‍ സംസ്ഥാനത്ത് 2630 വന്യജീവി ആക്രമണങ്ങളുണ്ടായെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്
Tuesday, April 29, 2025 2:51 AM IST
കൊച്ചി: സംസ്ഥാനത്ത് 2024-25ല്‍ 2630 വന്യജീവി ആക്രമണങ്ങളുണ്ടായെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24 കാലത്ത് സംസ്ഥാനത്ത് 550 വന്യജീവി ആക്രമണങ്ങളാണുണ്ടായത്.
അഞ്ച് വര്‍ഷത്തിനിടെ 344 പേര് മരിച്ചതില്‍ 103 പേരും ആനയുടെ ആക്രമണത്തിനാണ് ഇരയായത്. 35 പേർ കാട്ടുപന്നിയുടെയും നാല് പേര് കടുവയുടെയും ആക്രമണത്തിലും പാമ്പുകടിയേറ്റ് 180 പേരും മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വനാതിര്‍ത്തികളില്‍ 725 ആദിവാസി സെറ്റില്‍മെന്റുകളിലായി ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നുണ്ട്. സെറ്റില്‍മെന്റുകളിലും പരിസരങ്ങളിലുമായി ആദിവാസികളല്ലാത്ത അഞ്ച് ലക്ഷത്തോളം പേര് വേറെയും താമസിക്കുന്നുണ്ട്.
വന്യ ജീവികളുടെ എണ്ണവും വര്‍ധിക്കുന്നതോടെ വന്യജീവി ആക്രമണം പതിവായി. കരിമ്പ്, വാഴ,പൈനാപ്പിള്‍ തുടങ്ങിയ കൃഷി വന്യജീവികളെ അതിര്‍ത്തികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മനുഷ്യനുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ രക്ഷപ്പെടാനായി ആനയും കടുവയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം നടത്തുന്ന ആക്രമണമാണ് അത്യാഹിതത്തിലെത്തുന്നത്.
വനത്തിന് അനുയോജ്യമല്ലാത്ത വൃക്ഷങ്ങള്‍ അമിതമായി വച്ചുപിടിപ്പിച്ചിട്ടുള്ളത് വനമേഖല കുറയ്ക്കുകയും വന്യജീവികള്‍ക്ക് മതിയായ ജീവിത സാഹചര്യം ലഭിക്കാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സോളാര്‍ വേലി, ആനക്കിടങ്ങുകള്‍ എന്നിവയ്ക്ക് പുറമെ ശബ്ദം ഉപയോഗിച്ച് വന്യജീവികളെ അകറ്റുന്ന മാര്‍ഗം നടപ്പാക്കണം.
ഹാംഗിംഗ് സോളാര്‍ പവര്‍ ഫെന്‍സ്, മുള്ളുകളുള്ള കള്ളിച്ചെടി പോലുള്ളവ നട്ടു വളര്‍ത്തല്‍, കണ്ട്രോള് റൂമുമായി ബന്ധപ്പെടുത്തിയുള്ള ഇലക്ട്രോണിക് മുന്നറിയിപ്പ് സംവിധാനം, സ്കാനിംഗിനും മോണിറ്ററിംഗിനും ഡ്രോണ്‍ ഉപയോഗിക്കല്‍, പ്രശ്നക്കാരായ വന്യമൃഗങ്ങള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കല്‍ എന്നിവയും നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.