ഗവർണർമാരുടെ വിരുന്ന് മാസപ്പടിക്കേസിൽനിന്ന് തലയൂരാൻ: കെ. സുധാകരൻ
Tuesday, April 29, 2025 2:51 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ബിജെപി ഗവർണർമാർക്ക് വിരുന്നൊരുക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
കേരള ഹൗസിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്.
മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്കു കടക്കുന്പോഴാണ് മുഖ്യമന്ത്രിയുടെ അസാധാരണനീക്കം. ബിജെപിയുമായുള്ള ഡീലുകളുടെ തുടർച്ചയാണിത്. മാസപ്പടി കേസിൽ വിജയനെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഇറക്കിവിട്ടത്.
സിബിഐ കേസെടുത്ത് എഫ്ഐആർ ഇട്ടിട്ടും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാമിനെ പുറത്താക്കാതെ സംരക്ഷിക്കുന്നത് അധികം വൈകാതെ തനിക്കും ഇതേ അവസ്ഥ വരുന്പോൾ രാജിവയ്ക്കാതിരിക്കാനുള്ള മുൻകരുതലാണെന്നും സുധാകരൻ പറഞ്ഞു.