യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസ്; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ്
Tuesday, April 29, 2025 2:51 AM IST
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനത്തില്‍ തുളസീധരന്‍ - വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര (28) കൊല്ലപ്പെട്ട കേസിലെ പ്രതികളായ പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), അമ്മ ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് എസ്. സുഭാഷ് ശിക്ഷിച്ചത്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുമ്പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍നിന്നൊഴിവാക്കി. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഐപിസി -302 പ്രകാരമാണ് പ്രതികള്‍ക്ക് ജീവപര്യം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം ഒരുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. ഐപിസി 344 - പ്രകാരം രണ്ട് വര്‍ഷം കഠിനതടവും 5,000 പിഴയും വിധിച്ചു.
പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഐപിസി 302 പ്രകാരം പരമാവധി ശിക്ഷനല്കിയതിനാല് 304 -ബി പ്രകാരം പ്രത്യേക ശിക്ഷ നല്‍കുന്നില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പിഴത്തുക, കൊല്ലപ്പെട്ട തുഷാരയുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
ഇന്നലെ രാവിലെ കേസ് അന്തിമവിധി പറയാനായി പരിഗണിച്ചപ്പോള്‍ തുഷാരയ്ക്കെതിരേ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
സ്ത്രീധനത്തിന്റെ പേരില്‍ നടത്തിയ കൊലപാതകമായതിനാല്‍ സമൂഹത്തിന് ഒരു സന്ദേശംകൂടി ആകണം കോടതി വിധിക്കുന്ന ശിക്ഷയെന്നും, മാത്രമല്ല രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട മാതൃസ്നേഹം നഷ്ടപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല എന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല എന്ന് കണ്ട് തൂക്കിക്കൊല ശിക്ഷ ഒഴിവാക്കണം എന്ന് പ്രതിഭാഗം വാദിച്ചു.
ശിക്ഷയെക്കുറിച്ച് പ്രതികള്‍ക്ക് അഭിപ്രായം പറയാന്‍ കോടതി അവസരം നല്കിയപ്പോള് പ്രായമുള്ള മാതാവിന് താന്‍ മാത്രമാണുള്ളതെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ഒന്നാം പ്രതി ചന്തുലാല്‍ പറഞ്ഞു. രണ്ടാം പ്രതി ഗീത ലാലി കോടതിയില്‍ വാവിട്ട് പൊട്ടിക്കരഞ്ഞു.
താന്‍ രോഗിയാണെന്നും മകന് മാത്രമേ ഉള്ളൂവെന്നും കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂയെന്നും അവര്‍ പറഞ്ഞു. തുട ർന്ന് ഉച്ചകഴിഞ്ഞാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
സമാനതകളില്ലാത്ത ക്രൂരത; രാജ്യത്ത് ആദ്യം
2019 മാര്‍ച്ച് 21ന് ഓയൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം രാത്രിയാണ് തുഷാര മരിച്ച വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിയ ഇവര്‍ കാണുന്നത് ശോഷിച്ച നിലയിലുള്ള മൃതദേഹമായിരുന്നു. മാതാപിതാക്കള്‍ പൂയപ്പള്ളി പോലീസിൽ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവം. തുഷാര നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതിയും വിലയിരുത്തി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു കേസ് കോടതിയുടെ മുന്നിലെത്തുന്നത്.
1961 ല്‍ മധ്യപ്രദേശില്‍ സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അതിൽ കൊലപാതകശ്രമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റഫറന്‍സ് കേസുകളില്ലാതെ ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും പോസ്റ്റ്മോര്‍ട്ടത്തിന്റെയും പിന്‍ബലത്തിലാണ് പ്രോസിക്യൂഷന് കേസ് തെളിയിക്കാനായത്.
ദിവസങ്ങളോളം പട്ടിണികിടന്ന് ചര്‍മം എല്ലിനോടു ചേര്‍ന്നു മാംസം ഇല്ലാത്ത നിലയിലായിരുന്നു തുഷാരയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് അപൂര്‍വവും അതി ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം മാത്രമായിരുന്നു.
ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞു നട്ടെല്ലിനോടു ചേര്‍ന്നിരുന്നു. മസ്തിഷ്കത്തില്‍ ഉള്‍പ്പെടെ ആന്തരികാവയവങ്ങളില്‍ നീര്‍ക്കെട്ടും ബാധിച്ചിരുന്നു.
26 മുറിവുകളും മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൈയിലെ മുറിവ് മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബാക്കിയുള്ള മുറിവുകള്‍ ഉരവ്, ചതവ് മൂലമുണ്ടായതാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറസിക് സര്‍ജനായിരുന്ന ഡോ. വത്സലയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടാണ് തുഷാര കൊലക്കേസ് പ്രോസിക്യൂഷന് തുടക്കം മുതലേ വാദിച്ചത്. ശാസ്ത്രീയതെളിവുകള്‍ക്ക് ഉപരിയായി അയല്‍ക്കാരുടെയും തുഷാരയുടെ മകളുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
തുഷാന്താണ് തുഷാരയുടെ സഹോദരന്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സാന്ദ്ര, മൂന്നാം ക്ലാസ് വിദ്യാര്‍ഥി മിത്ര എന്നിവര്‍ മക്കളാണ്. ഇവര്‍ ഇപ്പോള്‍ തുഷാരയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.