ഡി അഡിക്ഷന് സെന്ററില്‍ നിന്നെത്തി ഷൈന്‍ ടോം ചാക്കോ; ഭാസിയെയും ചോദ്യം ചെയ്തു
Tuesday, April 29, 2025 2:51 AM IST
ആലപ്പുഴ: ആലപ്പുഴയില്‍നിന്ന് രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്സൈസ് ചോദ്യം ചെയ്തു.
ആലപ്പുഴ എക്സൈസ് ഓഫീസില്‍ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ തുടര്‍ന്നു. ചോദ്യം ചെയ്യലിനു ശേഷം ഷൈന്‍ ടോമിനെ എക്സൈസിന്റെ മേല്‍നോട്ടത്തില്‍ ഡി അഡിക്ഷന് സെന്ററിലേക്ക് കൊണ്ടു പോയി.
തൊടുപുഴയിലെ സ്വകാര്യ ഡി അഡിക്ഷന് സെന്ററിലേക്കാണു കൊണ്ടു പോയതെന്നാണ് സൂചന. ശ്രീനാഥ് ഭാസിയും ഇന്‍സ്റ്റഗ്രാം താരം സൗമ്യയും മടങ്ങി. ചോദ്യം ചെയ്യലില്‍, ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും തസ്ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍. മൂന്നു പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താന, ഷൈനും ശ്രീനാഥിനുമൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് എക്സൈസിന് മൊഴി നല്‍കിയിരുന്നു. ഇത് പരിശോധിക്കാനാണ് ഇരുവരെയും വിളിച്ചുവരുത്തിയത്.
ചോദ്യ ചെയ്യലിനായി ബംഗളൂരുവിലെ ഡി അഡിക്ഷന് സെന്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് നടന് ഷൈന്‍ ടോം ചാക്കോ ആലപ്പുഴ എക്സൈസ് ഓഫീസില്‍ ഹാജരായത്. തസ്ലീമയുമായി ലഹരി ഇടപാട് ഇല്ലെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഷൈന്‍ മൊഴി നല്കി. മെത്താംഫെറ്റമിന്‍ ആണ് ഉപയോഗിക്കാറുള്ളതെന്നും, ലഹരി വിമുക്തിക്കായി സിനിമ ഷൂട്ട് വരെ മാറ്റിവച്ചിട്ടുണ്ട് എന്നും ഷൈന്‍ ആവര്‍ത്തിച്ചു.
അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഷൈനിന്റെ പിതാവ് മെഡിക്കല്‍ രേഖകളുമായി എക്സൈസ് ഓഫീസിലെത്തി. വിഡ്രോവല്‍ സിന്‍ഡ്രോമാണ് എന്നാണ് സംശയം. ഡി അഡിക്ഷന് സെന്ററിലെ ചികിത്സാ രേഖയാണ് ഹാജരാക്കിയത്. നടന്റെ സഹോദരനെ നേരത്തെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ അച്ഛനും അമ്മയും ഒരുമിച്ച് എത്തിയാണ് രേഖകള്‍ കൈമാറിയത്.
ലഹരി ഇടപാടില്‍ മോഡല്‍ ഇടനിലക്കാരിയായി പ്രവര്ത്തിക്കുകയായിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. സൗമ്യയെ ഇരുവരുടെയുമൊപ്പം ചോദ്യം ചെയ്യുന്നതും ഇക്കാരണത്താലാണ്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മൂന്നു പേരെയും വിട്ടയച്ചേക്കും. ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്കിരുത്തിയും പിന്നീട് ഒരുമിച്ചിരുത്തിയുമാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇതിനു ശേഷം ഇവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും.