വെർച്വൽ അറസ്റ്റിലൂടെ ഒരുകോടി തട്ടിയ സംഭവം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
Tuesday, April 29, 2025 2:51 AM IST
തൃശൂർ: വെർച്വൽ അറസ്റ്റിലൂടെ തൃശൂർ സ്വദേശിയുടെ പണം തട്ടിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
തൃശൂർ പറവട്ടാനി സ്വദേശിയിൽനിന്ന് 1.04 കോടി നഷ്ടമായ കേസിൽ സംസ്ഥാനത്ത് ആദ്യമായി കേസെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരന്റെ പേരിൽ റഷ്യയിലേക്ക് അയച്ച കൊറിയറിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
പാക്കേജ് മുംബൈ കസ്റ്റംസ് പിടികൂടിയെന്നും കേസ് രജിസ്റ്റർ ചെയ്തെന്നും ഫോണ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിനു കൈമാറുകയാണെന്നും തട്ടിപ്പുകാർ പറഞ്ഞു.
അക്കൗണ്ട് പരിശോധിക്കാനെന്ന വ്യാജേന പരാതിക്കാരന്റെ കാളത്തോടുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് മൂന്ന് അക്കൗണ്ടുകളിലേക്കു കഴിഞ്ഞ ജൂലൈ 22 മുതൽ 24 വരെയുള്ള കാലയളവിൽ 1,04,40,111 രൂപ ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു.
തട്ടിപ്പാണെന്നു വ്യക്തമായതോടെ സൈബർ പോലീസിൽ പരാതിനൽകി. പിന്നീടു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെയും സമീപിച്ചു. സൈബർ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിബിഐ കോടതിയെ അറിയിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു.