കഞ്ചാവുമായി "റാപ്പർ വേടനും’ സംഘവും അറസ്റ്റിൽ
Tuesday, April 29, 2025 2:51 AM IST
തൃപ്പൂണിത്തുറ: കഞ്ചാവുമായി "റാപ്പർ വേടൻ’എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുൾപ്പെടെ ഒന്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ പത്തോടെ എരൂർ കണിയാമ്പുഴയിലുള്ള സ്വാസ് പാർപ്പിടസമുച്ചയത്തിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വേടൻ എന്നറിയപ്പെടുന്ന, തൃശൂർ മുളങ്കുന്നത്തുകാവ് വടക്കേപുരയിൽ വീട്ടിൽ വി.എം. ഹിരൺദാസ് (30), സംഘാംഗങ്ങളായ പത്തനംതിട്ട ആറന്മുള ചെമ്പകമംഗലത്ത് വില്ല വിനായക് മോഹൻ (30), തിരുവനന്തപുരം പാപ്പനംകോട് കൈമനം അമൃതനഗർ ശ്രീകൈലാസത്തിൽ വൈഷ്ണവ് ജി. പിള്ള (24), മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി കര ന്തോടി വീട്ടിൽ കെ. ജാഫർ(29), പാപ്പനംകോട് കൈമനം അമൃതനഗർ ശ്രീകൈലാസത്തിൽ വിഘ്നേഷ് ജി. പിള്ള (27), തൃശൂർ പറളിക്കാട് ഇല്ലിക്കോട്ടിൽ വീട്ടിൽ കശ്യപ് ഭാസ്കർ (26), വടക്കൻ പറവൂർ മന്നം കയ്യാലപ്പറമ്പിൽ വീട്ടിൽ കെ.ഡബ്ല്യു. വിഷ്ണു (26), കോട്ടയം മീനടം വട്ടുകുന്ന് വെങ്ങാശേരിൽ വീട്ടിൽ വിമൽ സി. ജോയി (23), തൃശൂർ മാള മണിയങ്കാവ് സൗത്ത് പുത്തൻചിറ വട്ടപ്പറമ്പിൽ വീട്ടിൽ വി.എസ്. ഹേമന്ത് (22) എന്നിവരെയാണു ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഫ്ലാറ്റിൽനിന്ന് ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പരിപാടി ബുക്ക് ചെയ്തതിനു ലഭിച്ച തുകയാണു പണമെന്നാണ് വേടൻ അറിയിച്ചത്.
ഞായറാഴ്ച രാത്രിയാണ് വേടനുൾപ്പെടെയുള്ള സംഘം പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയതെന്നു പറയുന്നു. പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ എല്ലാവരും വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബാച്ചിലർ പാർട്ടി നടന്നതായി പറയുന്നു. ഈ വിവരം ലഭിച്ചതിനെത്തുടർന്ന് ഇവിടം പോലീസ് നിരീക്ഷണത്തിലായിരുന്നു.
പുലിപ്പല്ല്: വേടനെതിരേ കേസെടുക്കും
തൃപ്പൂണിത്തുറ: കഞ്ചാവുകേസിൽ പിടിയിലായ റാപ്പർ വേടനെതിരേ പുലിപ്പല്ലുള്ള മാലയുടെ പേരിൽ വനംവകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തേക്കും. വേടനെ ഇന്നു കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും.
തായ്ലൻഡിൽനിന്നു കൊണ്ടുവന്ന പുലിപ്പല്ലാണിതെന്നാണ് വേടൻ പറഞ്ഞത്. ഒരു പരിപാടി നടത്തിയതിനു സമ്മാനമായി ലഭിച്ചതാണെന്നാണു വെളിപ്പെടുത്തിയത്. വേടന്റെ മുറിയിൽനിന്ന് കത്തിയും മഴുപോലെയുള്ള ആയുധവും കണ്ടെടുത്തിരുന്നു. പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കാനുള്ളതാണ് മഴു എന്നാ ണു പറയുന്നത്.