ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾ അടുത്തമാസം: മുഖ്യമന്ത്രി
Tuesday, April 29, 2025 2:51 AM IST
നെടുങ്കണ്ടം : ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾ അടുത്തമാസം രൂപീകരിക്കും.
അതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകും.1960ലെ ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ട രൂപീകരണം അന്തിമ ഘട്ടത്തിലാണ്. നിയമഭേദഗതി പ്രകാരം പട്ടയ ഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാൻ കഴിയും.
1964ലെ കൃഷി ആവശ്യത്തിനുള്ള പതിവ് ചട്ടം, 1995ലെ നഗരസഭ, കോർപറേഷൻ മേഖലയിലെ വീടിനും ചെറിയ കടകൾക്കുമുള്ള ഭൂമിയുടെ ഉപയോഗം എന്നിവയിലെ ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിനും നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, പട്ടയഭൂമിയിൽ നിർമിച്ച സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു നിർമിതികൾ തുടങ്ങി പൊതുവായ കെട്ടിടങ്ങളുടെ ക്രമീകരണം സംബന്ധിച്ച നടപടികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.