ഇനി ഒരേയൊരു ദിവസംകൂടി; സർക്കാർ കനിയുമോ?
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: സർക്കാരിൽ നിന്ന് നീതി തേടി കൈകാലുകൾ കെട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തി വനിത സിപിഒ ഉദ്യോഗാർഥികൾ. വനിത സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് റാങ്ക് ഹോൾഡേഴ്സ് സമരം തുടരുന്നത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ഇന്നും നാളെയും അവധി ദിനങ്ങളാണ്.
എങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും അലിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്.
ഓരോ ദിവസവും പുതിയ സമര രീതികൾ പിന്തുടരുകയാണിവർ. ലക്ഷ്യം ഒന്നു മാത്രം; റാങ്ക് ലിസ്റ്റിൽ നിന്ന് നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തണം. അതുണ്ടായാൽ നൂറു കണക്കിന് വനിതകളുടെ ജീവിതത്തിൽ അത് പുതിയ വെളിച്ചമാകും.
എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന് അനുകൂലമായ യൊതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
എങ്കിലും പ്രതീക്ഷ കൈവിടാതെ സമരം തുടരുമെന്നാണ് ഇവർ പറയുന്നത്. സമരത്തിന്റെ പതിനഞ്ചാം ദിവസമായ ഇന്നലെ രാവിലെ കൈകാലുകൾ ബന്ധിച്ച് ശയന പ്രദക്ഷിണം നടത്തിയാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ശനിയാഴ്ച വരെയും സമരം തുടരുമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.