കള്ളപ്പണം വെളുപ്പിക്കല്‍: എം.സി. കമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റ് ചെയ്തു
Thursday, April 10, 2025 1:37 AM IST
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിംലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റുമായിരുന്ന എം.സി. കമറുദ്ദീനെയും ആത്മീയനേതാവ് ടി.കെ.പൂക്കോയ തങ്ങളെയും കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമാണ് അറസ്റ്റ്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുമെന്നും ഇതു വീണ്ടും നീട്ടിയേക്കാമെന്നും ഇഡി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
കമറുദ്ദീന് ഫാഷന്‍ ഗോള്‍ഡിന്റെ പേരിലുള്ള നാലു കമ്പനികളുടെ ചെയര്‍മാനും പൂക്കോയ തങ്ങള്‍ മാനേജിംഗ് ഡയറക്ടറായിരുന്നു. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫാഷന്‍ ഓര്‍ണമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, നുജം ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാലു കമ്പനികള്‍ 2008ല്‍ പ്രതിമാസം 12-14 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണു പൊതുജനങ്ങളില്‍നിന്ന് അനധികൃത നിക്ഷേപങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. പറഞ്ഞ തുക നല്‍കിയിരുന്നെങ്കിലും തുടക്കത്തില്‍ 2016ലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് അവര്‍ വീഴ്ച വരുത്താന്‍ തുടങ്ങി. ഇതു പരാതികളുടെ പ്രളയത്തിനു കാരണമായി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കമറുദ്ദീന്, പൂക്കോയ തങ്ങള്‍, മറ്റ് 29 പേര് എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 168 വഞ്ചനാ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. അന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് 168 പരാതിക്കാര്‍ക്കായി 26.15 കോടി രൂപ നല്‍കാനുണ്ടെന്നു കണ്ടെത്തി.
പോലീസ് അന്വേഷണത്തില്‍ കമ്പനി ഡയറക്ടര്‍മാരും അസാധാരണമാംവിധം ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍നിന്നു വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ വലിയ തുകകള്‍ പിരിച്ചതായി കണ്ടെത്തി. പ്രതികള്‍ ഏകദേശം 20 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
കമ്പനിക്ക് പൊതുനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്ന് ഇഡി പറഞ്ഞു. ഇതു മറികടക്കാന്‍ ഓഹരി മൂലധനത്തിന്റെയോ പൊതുജനങ്ങളില്‍നിന്നുള്ള മുന്‍കൂര്‍ പണത്തിന്റെയോ മറവില്‍ അവര്‍ ഫണ്ട് സ്വീകരിച്ചതായി ആരോപിക്കപ്പെടുന്നു.
മിക്ക നിക്ഷേപകരെയും പ്രത്യേകിച്ച്, വിദേശമലയാളികളെ കടലാസില്‍ ഓഹരി ഉടമകളോ ഡയറക്ടര്‍മാരോ ആക്കിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് കമ്പനികള്‍ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് പ്രതികള്‍ അവരുടെ പേരുകളില്‍ വസ്തുക്കള്‍ വാങ്ങി. ഈ സ്വത്തുക്കള്‍ പിന്നീട് വില്ക്കുകയോ കൈമാറ്റം ചെയ്തോ പണം തട്ടിയെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിഎംഎല്‍എ പ്രകാരം കമറുദ്ദീന്, പൂക്കോയ തങ്ങള്‍, മറ്റു പ്രതികള്‍ എന്നിവരുടെ 19.62 കോടി രൂപയുടെ സ്ഥാവര വസ്തുക്കള്‍ ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു. കമറുദ്ദീനെയും പൂക്കോയ തങ്ങളെയും 2020 നവംബര്‍ ഏഴിനു കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 ഫെബ്രുവരി 11ന് ജാമ്യത്തില്‍ പുറത്തിറങ്ങി. 10 മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ 2021 ഓഗസ്റ്റില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി. 93 ദിവസത്തെ ജയില്‍വാസത്തിനു ശേഷം അദ്ദേഹത്തിനു ജാമ്യം ലഭിച്ചു.