District News
ഒറ്റപ്പാലം: നൂതന സങ്കേതിക വിദ്യകൾ മനസിലാക്കി എല്ലാവരുംകൃഷിയിലേക്കിറങ്ങി കൃഷിയെ ജനകീയമാക്കണമെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി.
ഒറ്റപ്പാലം മണ്ഡലത്തിൽ കെ. പ്രേംകുമാർ എംഎൽഎയ നടപ്പാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ നാട്ടുപച്ച കാർഷിക മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷി ശാസ്ത്രീയമായി ചെയ്യാൻ എല്ലാവരും പ്രാപ്തരാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ കർഷകരെ പരിപാടിയിൽ മന്ത്രി ആദരിച്ചു. കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ. ജാനകീദേവി, വൈസ് ചെയർമാൻ കെ. രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിജയലക്ഷ്മി, പി. ശാസ്തകുമാർ, പി. ജയശ്രീ, സി. രാജിക, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, എം. മോഹനൻ പ്രസംഗിച്ചു.
District News
ഷൊർണൂർ: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. കാരക്കാട് കള്ളിക്കാട്ടില്‍ നിതീഷിന്റെ ബൈക്കാണ് കത്തിനശിച്ചത്. ബൈക്ക് യാത്രികനായ നിതീഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ബൈക്കില്‍ അര ടാങ്കോളം പെട്രോളുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകാന്‍ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു നിതീഷ്.
വീടിന് സമീപത്തുവച്ചാണ് ബൈക്കിനു തീപിടിച്ചത്. ഷൊര്‍ണൂരില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.
District News
കൊടുവായൂർ: സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കൊടുവായൂർ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിട്ട വനിതാ ജിംനേഷ്യം യാഥാർഥ്യമായി.
ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ജിംനേഷ്യം കൊടുവായൂർ ചന്തപ്പെട്ടക്ക് സമീപമുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രവർത്തനം ആരംഭിച്ചത്. കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരൻ അധ്യക്ഷത വഹിച്ചു. വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷംരൂപ ചെലവഴിച്ചാണ് ജിംനേഷ്യം സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആറുമുഖൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറി കെ. നാരായണൻ പങ്കെടുത്തു.
District News
പാലക്കാട്: വിശുദ്ധ റാഫേൽ മാലാഖയുടെ നാമത്തിലുള്ള ചക്കാന്തറ കത്തീഡ്രലിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ റാഫേൽ മാലാഖയുടെ പ്രധാന തിരുനാൾ ഇന്ന്. തിരുനാളിന്റെ പ്രധാന ശുശ്രൂഷകളിലൊന്നായ തിരുസ്വരൂപം എഴുന്നള്ളിക്കൽ ഭക്തിസാന്ദ്രമായി.ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു നടന്ന വിശുദ്ധ കുർബാനക്ക് രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. ജെയിംസ് ചക്കിയാത്ത് നേതൃത്വം നൽകി.
തുടർന്ന് വിശ്വാസികൾക്ക് വണങ്ങുന്നതിനായി മാലാഖയുടെ ലദീഞ്ഞും നൊവേനയും രൂപം എഴുന്നള്ളിക്കലും ദീപാലങ്കാരത്തോടെ വാദ്യമേളവും നടന്നു. ഇന്നുരാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാനയും തുടർന്ന് കുടുംബയൂണിറ്റുകളിലേക്ക് വള എഴുന്നള്ളിപ്പുമുണ്ടാകും.
വൈകുന്നേരം നാലിനു വിശുദ്ധകുർബാനയ്ക്ക് ആലത്തൂർ പള്ളി വികാരി ഫാ. ആന്റു സി. അരിക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ തിരുനാൾ സന്ദേശം നൽകും.വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പള്ളിയങ്കണത്തിൽ നടക്കും.തുടർന്ന് കരിമരുന്ന് കലാവിരുന്നും ബാൻഡ് വാദ്യമേളങ്ങളും മറ്റു ആഘോഷ പരിപാടികളും പള്ളിയങ്കണത്തിൽ അരങ്ങേറും
District News
നെന്മാറ: രണ്ടാംവിള നെൽകൃഷിക്കായി ഉഴുതു പാകപ്പെടുത്തിയ നെൽപ്പാടങ്ങളിൽ ആഫ്രിക്കൻചണ്ടി പെരുകുന്നു.
കൊയ്ത്തുകഴിഞ്ഞ സമയത്ത് നെൽപ്പാടത്ത് ചെറിയതോതിൽ കണ്ടിരുന്ന ചണ്ടികൾ ഉഴുതുമറിച്ച് പാകപ്പെടുത്തി വെള്ളംകെട്ടി നിർത്തിയതോടെയാണ് ദിവസങ്ങൾക്കകം പെരുകി കണ്ടം മുഴുവൻ വ്യാപിച്ചത്.തുറന്ന സൂര്യപ്രകാശവും ആവശ്യത്തിന് വെള്ളവും ലഭിച്ചതോടെയാണ് ദിവസങ്ങൾ കൊണ്ടാണ് വ്യാപകമായി പെരുകിയത്.
അകലെയുള്ള ഉപയോഗശൂന്യമായ കുളത്തിൽ നിന്ന് മഴവെള്ളത്തിലൂടെ വിത്തുകൾ ഒഴുകി വന്നതാവാം കാരണമെന്നു കർഷകർ പറയുന്നു. അയിലൂർ കൃഷിഭവൻ പരിധിയിലെ ചെട്ടികുളമ്പ് നെൽപ്പാടങ്ങളിലാണ് വ്യാപകമായി ആഫ്രിക്കൻ ചണ്ടി പെരുകിയത്. കർഷകനായ ചെട്ടികുളമ്പ് എ. സേതുമാധവൻ രണ്ടുദിവസങ്ങളായി തൊഴിലാളികളെ ഉപയോഗിച്ച് ചണ്ടി എടുത്ത് വരമ്പിലേക്ക് മാറ്റുകയാണ്. ഞാറു പാകാനോ, വിതയ്ക്കാനോ പറ്റാത്ത രീതിയിൽ ദിവസങ്ങൾക്കകം നെൽപ്പാടം മുഴുവൻ വ്യാപിച്ചത് കർഷകർക്ക് ബുദ്ധിമുട്ടായി.
ഈ ചണ്ടി നീക്കുന്നതിന് അധിക സാമ്പത്തിക ചെലവും കർഷകർക്ക് വരുന്നതായി സേതുമാധവൻ പറഞ്ഞു.വിത്തിറക്കാത്ത കർഷകർ കളനാശിനി തളിച്ച് നശിപ്പിക്കാൻ പരീക്ഷണം നടത്തുന്നുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കളയായതിനാൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുമ്പോഴും രക്ഷയില്ലെന്നു കർഷകർ പറയുന്നു.
District News
ഒറ്റപ്പാലം: കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മറികടക്കാൻ പരന്പരാഗത കൃഷിരീതികൾ മാത്രം പോരെന്നും ആധുനിക സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും കൃഷിയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും കൃഷിമന്ത്രി പി. പ്രസാദ്.
അനങ്ങനടി ഗ്രാമപഞ്ചായത്തിലെ നവീകരണം പൂർത്തീകരിച്ച സ്റ്റേറ്റ് സീഡ് ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. പി. മമ്മിക്കുട്ടി എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് മെംബർ സി. അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഭൂവുടമകൾക്ക് നൽകണമെന്നു വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ ഒലവക്കോട് മുതൽ താണാവ് വരെയുള്ള കുഴികൾ ഉടൻ നികത്തണമെന്നും എംപി നിർദേശിച്ചു.
സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പാലക്കാട് ടോപ് ഇൻ ടൗണ്‍ ഗാർഡൻ ഹാളിൽ ചേർന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-ഓർഡിനേഷൻ ആന്‍ഡ് മോണിട്ടറിംഗ് കമ്മറ്റി (ദിശ) യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നീർത്തടവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നതിനു യോഗം നിർദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായും നടപ്പിലാക്കുന്നതിന് എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് എംപി നിർദേശിച്ചു.
ദിശ കമ്മിറ്റി മെംബർ സെക്രട്ടറിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, ദിശ കമ്മിറ്റി കണ്‍വീനറായ ജില്ലാ ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടി.എസ്. ശുഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
District News
പട്ടാന്പി: വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കെഎസ്എം കണ്വൻഷൻ സെന്ററിൽ കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. നാളികേര ഉത്പാദനത്തിൽ ഇനിയും മുന്നേറേണ്ടതുണ്ടെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ അധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. ആശ പദ്ധതി വിശദീകരണം നടത്തി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. അബ്ദുല്ലത്തീഫ്, വല്ലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.പി. സത്യഭാമ, യു.വി. ദീപ, സിഡിഎസ് ചെയർപേഴ്സണ്‍ സലീന, ഷൊർണൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെ. അമല, വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറി എ. നൗഫൽ, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
District News
പട്ടാന്പി: പട്ടാന്പി സെൻട്രൽ ഓർച്ചാർഡ് സമഗ്ര നവീകരണവും ഫാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
പിഷാരടീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖപ്രസാദ് പദ്ധതി വിശദീകരണം നടത്തി.
പട്ടാന്പി നഗരസഭ ചെയർപേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി, പട്ടാന്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, മുതുമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗവ്യാപനം തടയുന്നതിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിക്കടത്ത് തടയാൻ ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോലീസ്, മോട്ടോർ വാഹനവകുപ്പ്, ഫോറസ്റ്റ്, എക്സൈസ് എന്നീ വകുപ്പുകൾക്ക് കീഴിലുള്ള ചെക്ക്പോസ്റ്റുകളിലൂടെ പന്നി, പന്നിമാംസം, പന്നി ഉത്പന്നങ്ങൾ, പന്നിക്കാഷ്ഠം എന്നിവയുമായി വരുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചുവിടും. പോലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധനകൾക്കായി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകൾ നടക്കാൻ സാധ്യതയുള്ള ഇടറൂട്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാണ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെങ്കിലും ഇതു വളർത്തുപന്നികളെ ബാധിച്ചാൽ കർഷകർക്ക് കനത്ത സാന്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, കർഷകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പന്നികളെയും ഉത്പന്നങ്ങളെയും ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ സംശയകരമായ കടത്തുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു.
District News
ചിറ്റൂർ: താലൂക്കിൽ 27, 28 തിയതികളിൽ ശുരസസംഹാര മഹോത്സവം ആഘോഷിക്കാൻ സുബ്രഹ്്മണ്യസ്വാമി ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ സജീവം.
കൊടുവായൂർ, നല്ലേപ്പിള്ളി, ചിറ്റൂർ, കൊല്ലങ്കോട്, തത്തമംഗലം, നന്ദിയോട് ഉൾപ്പെടെ ക്ഷേത്രങ്ങളിലാണ് താലൂക്കിൽ ആഘോഷം വിപുലമായി നടക്കുന്നത്.
ഇതിനു മുന്നോടിയായി ക്ഷേത്രങ്ങളിൽ സ്കന്ദഷഷ്ടി പാരായണവും നടന്നുവരികയാണ്. സംഹാര ചടങ്ങിൽ പങ്കെടുപ്പിക്കാൻ അസുരരൂപങ്ങളുടെ നിർമാണ ജോലികളും അവസാന ഘട്ടത്തിലെത്തി. 27നാണ് ശൂരസംഹാരം.28ന് വൈകുന്നേരം സുബ്രമണ്യസ്വാമി തിരുകല്യാണചടങ്ങും തുടർന്നു നടക്കുന്ന എഴുന്നള്ളത്തോടെ ഉത്സവത്തിനു സമാപനമാവും.
താലൂക്കിൽ തമിഴ് വംശജർ കൂടുതലായി വസിക്കുന്നയിടങ്ങളിലാണ് നൂറ്റാണ്ടുകളായി ശൂരസംഹാരചടങ്ങ് നടത്തിവരുന്നത്.
District News
മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലായി നടന്ന ഗ്രാമീണ ഉത്സവങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കലാ കായിക പ്രതിഭകളാണ് ബ്ലോക്ക്തല മത്സര വേദിയിലേക്ക് എത്തുന്നത്. നവംബർ മൂന്നു വരെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ജിഎംയുപി സ്കൂൾ, മണ്ണാർക്കാട് എംഇഎസ് സ്കൂൾ തുടങ്ങി വിവിധ വേദികളിലാണ് പരിപാടി നടക്കുന്നത്.
കഴിഞ്ഞ ദിവസം കേരളോത്സവത്തിന്റെ മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര നെല്ലിപ്പുഴ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ബ്ലോക്ക് പഞ്ചായത്തിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ചെറുട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി. ബുഷറ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.എം. സലീം, രാജൻ ആമ്പാടത്ത് എന്നിവർ നേതൃത്വം നൽകി.
District News
വടക്കഞ്ചേരി: സാഹചര്യവും സന്ദർഭവും നോക്കി സിപിഐക്ക് രാഷ്ട്രിയ നിലപാടുകളിൽ മാറ്റംവരുത്താൻ കഴിയില്ലെന്നു സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ റവന്യുമന്ത്രിയുമായ കെ.പി.രാജേന്ദ്രൻ.
25-ാം പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനങ്ങൾ ആലത്തൂർ മണ്ഡലം തലത്തിൽ റിപ്പോട്ടിംഗ് നടത്തുന്നതിന്റെ ഭാഗമായി നടന്ന ജനറൽബോഡി യോഗത്തിലാണ് പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കെ.പി. രാജേന്ദ്രൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്. എ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി. സിദ്ധാർഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. രാമചന്ദ്രൻ , ജില്ലാ എക്സിക്യുട്ടീവ് അംഗം വാസുദേവൻ തെന്നിലാപുരം, ജില്ലാ കമ്മിറ്റി അംഗം മീനാകുമാരി, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ സലീം പ്രസാദ്, അലി കുന്നങ്കാട്, മണ്ഡലം സെക്രട്ടറി പി.എം. അലി, എൻ. അമീർ എന്നിവർ പ്രസംഗിച്ചു.
District News
ആലത്തൂർ: നിയന്ത്രണംവിട്ട കാർ കനാലിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരനു നിസാര പരിക്കേറ്റു. മലക്കുളം - ഇരട്ടക്കുളം ആർ. കൃഷ്ണൻ റോഡിൽ വാവേലിക്കു സമീപം ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. ഇരട്ടക്കുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വെള്ളമുള്ള കനാലിലേക്കു മറിയുകയായിരുന്നു.
കാറിലെ യാത്രക്കാരനായ ഇളവമ്പാടം സ്വദേശി ഷക്കീർ കാട്ടുശ്ശേരിയിലെ തോട്ടത്തിൽപോയി മടങ്ങുകയായിരുന്നു. ഇയാൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കംചെയ്തു.
District News
ചിറ്റൂർ: ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2022- 25 നാലാം ബാച്ച് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ജില്ലാ പോലീസ് മേധാവി അജിത് കുമാർ സല്യൂട്ട് സ്വീകരിച്ചു.
ചടങ്ങിൽ അഡീഷണൽ എസ്പി പാലക്കാട് എസ്പിസി ജില്ലാ നോഡൽ ഓഫീസർ എസ്. ഷംസുദ്ദീൻ, ചിറ്റൂർ ഐഎസ്എച്ച്ഒ ഇൻസ്പെക്ടർ ജെ. മാത്യു, ചിറ്റൂർ സബ് ഡിവിഷൻ ഡിവൈഎസ്പി പി. അബ്ദുൽ മുനീർ, സ്കൂൾ പ്രിൻസിപ്പൽ ടി. ഗിരി, പ്രധാനാധ്യാപിക ബിനീത, പിടിഎ പ്രസിഡന്റ് എം.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
District News
ഇടുക്കി: സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകൾക്ക് സ്റ്റാർട്ടപ്പ് മാതൃകയിൽ ധനസഹായം നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയൻ കോളജിൽ സംഘടിപ്പിച്ച ലോകം കൊതിക്കും കേരളം വിഷൻ -2031 സംസ്ഥാനതല ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര മേഖലയിൽ വൻകുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽനിന്ന് കേരളത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചു. കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിനോദസഞ്ചാര മേഖല പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. ആഭ്യന്തര -വിദേശസഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റിക്കാർഡ് നേട്ടം കൈവരിച്ചു. കേരളത്തിന്റെ ഭാവി ടൂറിസമാണെന്നും ഓരോ പൗരനും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. എ.ര ാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം സി.വി. വർഗീസ്, കെടിഐഎൽ ചെയർമാൻ എസ്.കെ. സജീഷ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ഡപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, എഡിഎം ഷൈജു പി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ മാർച്ചിൽ പോലീസുമായി ഉന്തും തള്ളും.
പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായത്. എന്നാൽ നേതാക്കൾ ഇടപെട്ട് ശാന്തമാക്കിയതോടെ സംഘർഷത്തിന് അയവു വന്നു.
പഞ്ചായത്ത് ഓഫീസിനു മുന്പിൽ ചേർന്ന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് കണ്‍വീനർ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. മുരളീധരൻ, എം.കെ. പുരുഷോത്തമൻ, ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, ജിൽസ് മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, പുഷ്പ വിജയൻ, ലത ജോസ്, നസിയ ഫൈസൽ, ആശ റോജി എന്നിവർ പ്രസംഗിച്ചു.
District News
ചെറുതോണി: സ്കൂൾ കായികമേളയിൽ 38 വർഷത്തിന് ശേഷം സ്വന്തം പേരിൽ റിക്കാർഡ് സ്ഥാപിച്ച കേരളത്തിന്റെ വേഗ റാണി ദേവപ്രിയയ്ക്ക് സിപിഎം വീടൊരുക്കും. 29ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂട്ടക്കല്ലിൽ വീടിന് ശിലയിടും.
ഇടുക്കിയുടെ മിടുക്കി കാൽവരി സ്പോർട്സ് സ്കൂൾ വിദ്യാർഥി ദേവപ്രിയയാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ വേഗമേറിയ താരമായത്. ദേവപ്രിയ വീട്ടിലെത്തുന്ന 29ന് സ്വീകരണവും വീടിന്റെ ശിലാസ്ഥാപനവും നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓൺലൈനിൽ വീട് നിർമാണം ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുകയെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.
കായികമേളയ്ക്ക് പോകാനുള്ള തുക നൽകി സഹായിച്ചത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യനാണ്. സിപിഎം കാമാക്ഷി ലോക്കൽ കമ്മിറ്റിയംഗമാണ് ദേവപ്രിയയുടെ പിതാവ് പി.കെ. ഷൈബു.
District News
തൊടുപുഴ: വെറ്ററൻസ് മീറ്റിൽ നിരവധി മെഡലുകൾ നേടി മരിയൻ കോളജ് ജീവനക്കാരനായ പ്രസാദ് ജില്ലയ്ക്കും കോളജിനും അഭിമാനമായി. സൂറത്ത് വെറ്ററൻസ് സ്പോർട്സ് ആന്‍ഡ് ഗെയിംസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ വീർ നർമദിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി 5x5000 മീറ്റർ ഓട്ടം, 1500 മീറ്റർ എന്നീ ഇനങ്ങളിൽ വെള്ളിമെഡലും 4x400 മീറ്റർ റിലെയിൽ സ്വർണമെഡലും നേടിയിരുന്നു.
ഇതിനു പുറമേ തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിൽ 400, 800, 1500 മീറ്റർ ഓട്ടത്തിൽ സ്വർണവും കരസ്ഥമാക്കി. ഒട്ടേറെ ദേശീയ, അന്തർ ദേശീയ ചാന്പ്യൻഷിപ്പുകളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം ബിഎസ്എഫിൽ ജോലി ചെയ്ത് രാജ്യത്തിന്റെ അതിർത്തി കാത്ത ഇദ്ദേഹം മത്സരത്തിനായി പരിശീലനം നടത്തിയിരുന്നത് കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിലാണ്.
കോളജ് അധികൃതർ, സുഹൃത്തുക്കൾ, നാട്ടുകാർ ഉൾപ്പെടെ വിവിധ തുറകളിലുള്ളവർ നൽകിയ പ്രോത്സാഹനവും അഭിനന്ദനവും കൂടുതൽ കരുത്ത് പകർന്നതായി പ്രസാദ് പറഞ്ഞു.
District News
തൊടുപുഴ: ഭരണപക്ഷത്തെ ഘടകകക്ഷികളുടെ എതിർപ്പിനെപോലും അവഗണിച്ച് പിഎം ശ്രീ പദ്ധതി അടിയന്തരമായി ഒപ്പിടാനുണ്ടായ സാഹചര്യം എന്താണെന്നു സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയൽസംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിന് പകരം കേരളത്തിന്റെ തനതു വിദ്യാഭ്യാസ നയത്തെയും പരന്പരാഗത വിദ്യാഭ്യാസ സന്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടുനൽകിയതിന്റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂ. ബിജെപി സർക്കാരിന്റെ കാവിവത്കരണം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു സർക്കാർ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം ബിജോയി മാത്യു , ജില്ലാ ട്രഷറർ ഷിന്റെ ജോർജ്, സജി മാത്യു, രാജിമോൻ ഗോവിന്ദ്, ജീസ് എം.അലക്സ്, ബിജു ഐസക്, ജിബിൻ ജോസഫ്, എം. തങ്കദുരൈ, വി.ആർ. രതീഷ്, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: രണ്ടാനമ്മയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ അധ്യാപകരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിനി ഗർഭിണിയാണെന്ന് തെളിഞ്ഞു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്.
നാലുവർഷം മുമ്പ് ബന്ധുവിന്റെ മകളെ പീഡിപ്പിച്ച കേസിലും യുവാവു പിടിയിലായിരുന്നു. അന്ന് പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷിക്കപ്പെട്ടില്ല.ഇയാൾക്കെതിരേ നിരവധി കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കട്ടപ്പന: ക്ഷീര കർഷകസമ്മേളനം ഉദ്ഘാടനത്തിനെത്തിയ മന്ത്രി ചിഞ്ചുറാണിക്ക് കർഷക വേഷത്തിലെത്തി നിവേദനം നൽകി. തങ്കമണി പനയോലിൽ ജോസാണ് പാളത്തൊപ്പി ധരിച്ചെത്തിയത്.
സെക്യൂരിറ്റി ജീവനക്കാർ മന്ത്രിയെ കാണാൻ പിന്നീട് അവസരം നൽകാമെന്ന് അറിയിച്ച് കസേരയിൽ ഇരുത്തിയെങ്കിലും മന്ത്രി ഇദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.
ക്ഷീരകർഷകരായ ഭർത്താവിനും ഭാര്യക്കും തുല്യ പെൻഷൻ അനുവദിക്കുക, പെൻഷൻ തുക വർധിപ്പിക്കുക, പാൽ വില വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജോസ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.നിവേദനം കൈപ്പറ്റിയ മന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജോസിന് ഉറപ്പുനൽകുകയും ചെയ്തു.
District News
തൊടുപുഴ: ശബരിമല ക്ഷേത്രത്തിന്റെ വസ്തുവകകൾ കൊള്ളയടിക്കുന്ന ഭരണതല അഴിമതിക്കെതിരേ പോരാടണമെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ
ആം ആദ്മി പാർട്ടിയിൽ നിന്നും രാജി വച്ചു വന്ന ജില്ലാ നിയോജക, മുനിസിപ്പൽ മണ്ഡലം ഭാരവാഹികളെ സ്വാഗതം ചെയ്ത് തൊടുപുഴയിൽ നടത്തിയ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ഫിലിപ്പ് ചേരിയിൽ, ക്ലമന്റ് ഇമ്മാനുവൽ , ജെയിസ് ജോണ്‍, പ്രദീപ് ആക്കിപ്പറന്പിൽ, ജോയി പുത്തേട്ട്, ജസ്റ്റിൻ ചെന്പകത്തിനാൽ, അജിത്ത് വരിക്കമാക്കൽ എന്നിവർ പ്രസംഗിച്ചു. എഎപി നേതാക്കളായ മൈക്കിൾ തെക്കേൽ, റൂബി വർഗീസ്, ബാബു പോൾ, നിമിൻ മാമൂട്ടിൽ, അഡ്വ. രേഷ്മ ചെറിയാൻ എന്നിവർക്ക് പി.ജെ. ജോസഫ് അംഗത്വം നൽകി.
District News
വണ്ടന്മേട്: മാസ് ഗ്രൂപ്പ് ഓഫ് കന്പനി ചെയർമാൻ ടി.ടി. ജോസ് ഓർമയായി. വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളിയിൽ ബിഷപ് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാർമികത്വത്തിലായിരുന്നു സംസ്കാരം. കേരളത്തിലെയും തമിഴ്നാട്ടിലെയും സാമൂഹ്യ, രാഷ്ട്രീയ, മതനേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നൽ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
മൃതദേഹം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വണ്ടന്മേട് മാസ് കോർപറേറ്റ് ഓഫീസിൽ എത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് വീട്ടിലേക്കു കൊണ്ടുപോയത്. അപ്പോൾ മുതൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിക്കൊണ്ടിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശേചന സന്ദേശം അറിയിച്ചു.
സംസ്കാരത്തിനു ശേഷം പള്ളി ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ഫാ. മാത്യു പായിക്കാട്ട്, രാരിച്ചൻ നീറണാകുന്നേൽ, സ്റ്റെനി പോത്തൻ, ജോസഫ് വാഴയ്ക്കൻ, കന്പം രാമകൃഷ്ണൻ എംഎൽഎ, ജോയ്സ് ജോർജ്, ജിജി കെ. ഫിലിപ്, ജോയി വെട്ടിക്കുഴി, മാത്യു സ്റ്റീഫൻ, ഇ.എം. ആഗസ്തി, വി.ആർ. ശശി, ആർ. മണിക്കുട്ടൻ, ആർ. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
അടിമാലി: ദേശീയപാത - 85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി നിരാശാജനകമെന്ന് ദേശീയപാത സംരക്ഷണസമിതി.
ദേശീയപാത-85ന്റെ ഭാഗമായ നേര്യമംഗലം മേഖലയിലെ നിര്‍മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി നല്‍കിയിരുന്ന പുനഃപരിശോധന ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്നുണ്ടായ കോടതി വിധിയിലാണ് സമിതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
റോഡ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയുള്ള കോടതി ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്ന് സംരക്ഷണ സമിതി ചെയര്മാന് പി.എം. ബേബി പറഞ്ഞു. നിലവില്‍ റോഡ് നിര്‍മാണത്തിന് തുടര്‍നടപടികൾ സ്വീകരിക്കേണ്ട ചുമതല സര്‍ക്കാരിലേക്കെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വേഗത കൈവരിക്കണമെന്നും ദേശീയപാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നവീകരണം നടക്കേണ്ട നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാലര കിലോമീറ്റര്‍ ഭാഗത്തെ റോഡിന്റെ അളവുകള്‍ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ദേശീയപാത അഥോറിറ്റി ചീഫ് സെക്രട്ടറിക്ക് നല്‍കണം.
വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ എല്ലാ രേഖകളും പരിശോധിച്ച് ചീഫ് സെക്രട്ടറി ന്യായമായ സമയത്തിനുള്ളില്‍ ഉത്തരവിറക്കണം. അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും കോടതി അറിയിച്ചു. വനഭൂമിയെയും അതിന്റെ വിസ്തൃതിയെയും സംബന്ധിച്ച് പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച രീതിയെക്കുറിച്ചും കോടതി അതൃപ്തി അറിയിച്ചതായും സമിതി നേതാക്കൾ പറഞ്ഞു.
District News
ചെറുതോണി: കാൻസർ രോഗികൾക്കായി വിദ്യാർഥിനികളടക്കം എഴുപതോളം പേർ മുടി ദാനംചെയ്തു. ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണു ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥിനികളും വീട്ടമ്മമാരും മുടി ദാനം ചെയതു.
വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് എൻഎസ്എസ് വോളണ്ടിയർ ലീഡർ അപർണയും ചേർന്ന് രണ്ട് വിദ്യാർഥിനികളുടെ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. ജി. സത്യൻ, ബ്ലോക്കു പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, എക്സൈസ് പ്രിവന്റ്ീവ് ഓഫീസർ ബിനു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരി, പ്രോഗ്രാം ഓഫീസർ എം.എം. അനിൽ എന്നിവർ പ്രസംഗിച്ചു. പാലാ കെ.എം. മാണി മെമ്മോറിയൽ ഗവ. ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥിന്റെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ ക്ലാസും നടന്നു.
District News
തൊടുപുഴ: ഇടുക്കി നിയോജക മണ്ഡലത്തിലെ അടിമാലി-നത്തുകല്ല്, ചേലച്ചുവട്-വണ്ണപ്പുറം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ടെൻഡർ അപ്രൂവൽ കമ്മിറ്റി യോഗം ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ തെരുവത്ത് ബിൽഡേഴ്സുമായി കരാർ ഒപ്പു വയ്ക്കാൻ അനുമതി നൽകി. അടിമാലി-നത്തുകല്ല് റോഡ് നിർമാണത്തിന് 45.57 കോടി രൂപയ്ക്കാണ് ടെൻഡർ.43.14 കോടി രൂപയ്ക്കാണ് ചേലച്ചുവട്-വണ്ണപ്പുറം റോഡിന്റെ പുനർ നിർമാണത്തിന് കരാർ നൽകുക. രേഖപ്പെടുത്തിയിരുന്നതിനേക്കാൾ 1.18 നിരക്ക് ശതമാനം താഴത്തിയാകും കരാറിൽ ഏർപ്പെടുക. ആറു കന്പനികൾ പേർ പങ്കെടുത്ത ടെൻഡർ നടപടികളിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കന്പനിക്കാണ് കരാർ നൽകിയിട്ടുള്ളത്.
കഴിഞ്ഞ മാസം 18നാണ് ടെൻഡർ ഓപ്പണ്‍ ചെയ്തത്. അതിനു ശേഷമാണ് ക്വോട്ട് ചെയ്ത നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ച നടത്തിയതും തീരുമാനത്തിലായതും. 26.25 കിലോമീറ്ററാണ് നത്തുകല്ല് റോഡ് പുനർ നിർമിക്കുന്നത്. ആറു ഘട്ടങ്ങളായാണ് നിർമാണം. ഇരട്ടയാർ പാലവും ഇതിൽ ഉൾപ്പെടും. 27 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചേലച്ചുവട്-വണ്ണപ്പുറം റോഡ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ടു കലുങ്കുകളും നിർമിക്കും.
റോഡുകളിൽ ആറു കിലോമീറ്റർ ദൈർഘ്യത്തിൽ ക്രാഷ് ബാരിയറുകളും മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ ഐറിഷ് ഓടയും പൂർത്തീകരിക്കും കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നിർമാണം നടത്തുന്നത്.
District News
ഇടുക്കി: രാമക്കൽമേട് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ ഭാഗമായുളള കുത്തുങ്കൽ-നെടുങ്കണ്ടം 110 കെവി വൈദ്യുതി ലൈനിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ഇബി അധികൃതരും ആക്ഷൻ കൗണ്‍സിൽ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
വൈദ്യുതി ലൈനിന്റെ അലൈൻമെന്റ് സംബന്ധിച്ച സർവേ തുടരാനും സ്ഥലമുടമകൾക്ക് നോട്ടീസ് നൽകുന്നതു നിർത്തിവയ്ക്കാനും യോഗത്തിൽ ധാരണയായി.
അലൈൻമെന്റ് സംബന്ധിച്ച പൂർണ വിവരങ്ങൾ ഒരാഴ്ചയ്ക്കകം സ്ഥലം ഉടമകൾക്ക് കൈമാറും.
സ്ഥലം വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലം വിട്ടു നൽകുന്നവർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമെടുക്കും.
പട്ടയമില്ലാത്തതും എന്നാൽ പട്ടയത്തിന് അർഹതയുള്ളതുമായ ഭൂമിക്ക് പട്ടയമുള്ള ഭൂമിയുടേതിന് സമാനമായ രീതിയിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ശ്രമിക്കും. കെഎസ്ഇബി നടത്തുന്ന സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ഏതെല്ലാം സ്ഥലങ്ങളിലൂടെയാണ് ലൈൻ കടന്നുപോകുന്നതെന്നതു സംബന്ധിച്ച സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ഇത്തരത്തിൽ മുൻപ് നടത്തിയ സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ഇബിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.ഡീൻ കുര്യാക്കോസ് എംപി, എഡിഎം ഷൈജു പി. ജേക്കബ്, കെഎസ്ഇബി ട്രാൻസ്ഗ്രിഡ് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ്. ശ്രീകുമാർ, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി. ഹരികുമാർ, കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സീന ജോർജ്, ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
District News
വണ്ണപ്പുറം: കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കുമളി സ്വദേശിനിയായ 26 കാരിയാണ് പുഴയിലേയ്ക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നു കാറിലാണ് ഇവർ പാലത്തിലെത്തിയത്.
പിന്നീട് വാഹനം നിർത്തി പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഇതുവഴി വന്നയാൾ വിവരം കാളിയാർ പോലീസിൽ അറിയിച്ചു. തുടർന്ന് എസ്ഐ സജി പി. ജോണ്‍, എഎസ്ഐ ഷൈലജ, എസ്സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ സുജിത് ഡേവിഡ് എന്ന യുവാവും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി.
പുഴയിൽ വെള്ളം കുറവായതിനാൽ ഇവർ ഒഴുകിപ്പോയില്ല. പോലീസ് യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മുട്ടുകണ്ടത്തുള്ള കൂട്ടുകാരിക്കൊപ്പം പറഞ്ഞു വിട്ടു. കാമുകനുമായുള്ള പിണക്കമാണ് യുവതി പുഴയിലേയ്ക്ക് ചാടാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
District News
ചമ്പക്കുളം: കുട്ടനാടൻ കാർഷിക കലണ്ടർ പ്രകാരം തുലാമാസം ആദ്യം വിതയ്ക്കാൻ ഒരുങ്ങിയിരുന്ന ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള ഈഴപ്പാടി പാടശേഖരത്തിൽ യഥാസമയം വിത്ത് ലഭ്യമായില്ല എന്ന് പരാതി.
ഓരോ കൃഷിഭവന്റെയും കീഴിൽ വരുന്ന പാടശേഖരങ്ങൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് എൻഎസ്സി യുടെ വിത്ത് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടാംകൃഷി ചെയ്യാതെ പുഞ്ചകൃഷിക്ക് ഒരുങ്ങുന്ന മിക്ക പാടശേഖരങ്ങളിലും വിത്ത് എത്തിച്ചു തുടങ്ങി.
രണ്ടാം കൃഷി ഉണ്ടായിരുന്ന പാടശേഖരങ്ങളിലും പുഞ്ചകൃഷിക്ക് ആവശ്യമായ വിത്ത് എത്തിക്കുമെന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുമ്പോഴും കുട്ടനാടൻ നെൽകർഷകരുടെ പ്രധാന പരാജയകാരണം നെൽവിത്ത് ആണ്. തൃശൂരിലെ കേരള വിത്ത് വികസന അഥോറിറ്റി നല്കുന്ന വിത്താണ് ഭൂരിപക്ഷം പാടശേഖരങ്ങളിലും വിതയ്ക്കുന്നത്. ഏക്കർ ഒന്നിന് 40 കിലോഗ്രാം വിത്ത് മാത്രമാണ് കൃഷി വകുപ്പ് വഴി നൽകുന്നത്.
കുട്ടനാട്ടിൽ ഏക്കർ ഒന്നിന് 55 മുതൽ 60 കിലോഗ്രാം വരെ വിത്തു വിതയ്ക്കുന്നു.
വിത്തിന്റെ ബാക്കി മറ്റുള്ളവരിൽനിന്നാണ് വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന വിത്തുകൾ കൂട്ടിക്കുഴച്ച് വിതയ്ക്കുമ്പോൾതന്നെ പ്രശ്നങ്ങൾ തുടങ്ങും.
കിളിർക്കാതെ പോകുന്ന വിത്ത്
സർക്കാർ വിതരണം ചെയ്യുന്ന വിത്തിൽ 80% ൽ അധികം കിളിർക്കും എന്നാണു കിട്ടുന്ന ഉറപ്പ്. കുട്ടനാട്ടിലെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാലോ, വിത്ത് സംഭരിക്കുന്ന സ്ഥലത്തെ ഈർപ്പം മൂലമോ കിളിർക്കാതെ പോകുന്നു. വിത്ത് ഈർപ്പം തട്ടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുവേണ്ട സൗകര്യം കുട്ടനാട്ടിലില്ല. വിവിധ സാഹചര്യങ്ങളിൽ സൂക്ഷിച്ച വിത്തു കൂട്ടിക്കലർത്തി വിതയ്ക്കുന്നതും കിളിർക്കാതെ പോകാൻ കാരണമാകുന്നു. ആഴ്ചകൾക്കുമുൻപേ വിത്ത് വാങ്ങി സൂക്ഷിക്കേണ്ടി വരുന്നുണ്ട്.
പ്രകൃതിയുടെ പ്രത്യേകത കൊണ്ട് പലപ്പോഴും നിശ്ചയിച്ച സമയത്ത് വിതയ്ക്കാനും കഴിയാറില്ല. വിത്ത് കിളിർക്കാത്തതിനാൽ വീണ്ടും വാങ്ങി കൃഷി ഇറക്കേണ്ടി വന്നവർ നിരവധിയുണ്ട്.
കുട്ടനാടൻ പാടശേഖരങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് ആവശ്യമായ വിത്ത് മുഴുവൻ കൃഷിഭവൻ വഴി വിതരണം ചെയ്യാൻ വേണ്ട നടപടി ഉണ്ടാകണം. വിത്ത് ഈർപ്പം തട്ടാതെ സംരക്ഷിക്കുന്നതിന് വേണ്ട സൗകര്യവും വേണം. കേന്ദ്രീകൃത വിത്ത് സംഭരണ- വിതരണ കേന്ദ്രങ്ങൾ കുട്ടനാട്ടിൽ തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
കുട്ടനാടിന് കുട്ടനാട്ടിലെ വിത്തുവേണം
കുട്ടനാടിന് അനുയോജ്യമായ വിത്ത് കുട്ടനാട്ടിൽതന്നെ ഉത്പാദിപ്പിക്കണം എന്നതാണ് മറ്റൊരാവശ്യം. വേമ്പനാട്ട് കായലിനോടു ചേർന്നുകിടക്കുന്ന കായൽനിലങ്ങൾ കലർപ്പില്ലാത്ത നെൽവിത്തുകൾ ഉത്പാദിപ്പിക്കാൻ ഏറ്റവും അനുയോജ്യമാണ്. കുട്ടനാടിന്റെ ഭൂപ്രകൃതി തന്നെ തയാറാക്കുന്ന വിത്തിനങ്ങൾ കൂടുതൽ വിളവു നേടിത്തരും.
ഇപ്പോൾ കുട്ടനാട്ടിലേക്ക് വിത്ത് എത്തിക്കുന്നത് മറ്റു ജില്ലകളിൽനിന്നാണ്. കൃഷി വകുപ്പ് മുൻകൈ എടുത്ത് കായൽനിലങ്ങൾ വിത്തുൽപാദന കേന്ദ്രങ്ങളാക്കിയാൽ കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനക്ഷമതയുളള വിത്തുകൾ നല്കാൻ കഴിയും. അതിനുള്ള അടിയന്തര നടപടികളാണ് വേണ്ടത്.
District News
ചേർത്തല: കൃപാസനം അഖണ്ഡജപമാല മഹാറാലി സമുദ്രതീരമായി മാറിയെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. കൃപാസനം അഖണ്ഡജപമാല മഹാറാലിയില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുന്ന ദൈവമക്കള്‍ക്ക് ലഭിക്കുന്ന സമാധാനം, കൃപയുടെ സമാധാനം ലോകം മുഴുവനും വ്യാപിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സമാധാനത്തിനായി വേണ്ടിയുള്ള അഖണ്ഡജപമാല മഹാറാലി ലോകത്തിനു മുഴുവന്‍ സമാധാനവും സഹവര്‍ത്തിത്വവും രാജ്യങ്ങള്‍ തമ്മില്‍ ഐക്യവും അഖണ്ഡതയും പുലരാനിടയാകട്ടെയെന്നും ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ പറഞ്ഞു.
പ്രായഭേദമെന്യേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസീസഹസ്രങ്ങള് റാലിയില്‍ അണിചേര്‍ന്നു. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയുടെ കടലോരത്തുള്ള കുരിശടിവലയം ചെയ്ത് റാലി ബസിലിക്കയിലേക്ക് എത്തിച്ചേര്‍ന്നു.
കൃപാസനം സ്പിരിച്വല്‍ അനിമേറ്റര്‍ ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍, കൃപാസനം മാനേജര്‍ സണ്ണി പരുത്തിയില്‍, വൈസ് ഡയറക്ടര്‍ തങ്കച്ചന് പനയ്ക്കല്‍, പിആര്‍ഒ അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, ജനറല്‍ സെക്രട്ടറി ടി.എക്സ്. പീറ്റര്‍, എച്ച്ആര്‍ മാനേജര്‍ ജോസഫ് അരൂര്‍, പബ്ലിക്കേഷന്‍ മീഡിയ സെക്രട്ടറി സിസ്റ്റര്‍ ജോമോള്‍ ജോസഫ്, എക്സിക്യൂട്ടീവ് കണ്‍വീനര്‍ റോബര്‍ട്ട് കണ്ണഞ്ചിറ, അലോഷ്യസ് തൈക്കല്‍, രതീഷ് ബാബു, മനോജ് തങ്കി, ജോസഫ് ഫെര്‍ണാണ്ടസ് തൈക്കാട്ടുശേരി, ജോസ് ബാബു കോതാട്ട് തുടങ്ങിയവർ നേതൃത്വം നല്കി.
District News
ആലപ്പുഴ: കണ്ണന് വര്‍ക്കി പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കയര്‍ ഫെഡ് മ്യുസിയം ഷോറൂമിന് തീപിടിച്ചു. ആളപായമില്ല.
വന്‍ നാശനഷ്ടം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആലപ്പുഴയില്‍നിന്ന് രണ്ട് യൂണിറ്റും ചേര്‍ത്തല, തകഴി, ചങ്ങനാശേരി നിലയങ്ങളില്‍നിന്ന് ഓരോ യൂണിറ്റും എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ശക്തമായ പുക ഉയര്‍ന്നതിനെതുടര്‍ന്ന് സമീപ പ്രദേശത്തുണ്ടായിരുന്നവരാണ് ആലപ്പുഴ അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചത്.
സേനാംഗങ്ങള്‍ക്ക് അകത്തു കയറാന്‍ കഴിയാത്തവിധം പുകയും ചൂടും ഗോഡൗണിലും പരിസരത്തും നിറഞ്ഞിരുന്നു. തുടര്‍ന്നു പുക പുറത്തുപോകാനുള്ള വെന്റിലേഷന് സൗകര്യങ്ങളൊരുക്കി. എക്സ്ഹോസ്റ്റ് ബ്ളോവര്‍ പ്രവര്‍ത്തിപ്പിച്ച് ബ്രീത്തിംഗ് അപ്പാരറ്റസ് ധരിച്ചാണ് സേനാംഗങ്ങള്‍ അകത്തുകയറിയത്. ആലപ്പുഴ ഫയര്‍ ആന്‍ഡ് റസ്ക്യു സ്റ്റേഷന് ഓഫിസര്‍ എസ്. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
District News
അമ്പലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരന്റെ ചിത്രം ഉൾപ്പെടുത്തി പാലം ഉദ്ഘാടനത്തിന്റെ നോട്ടീസും ഫ്ലക്സും.
പൊതുമരാമത്ത് വകുപ്പ് നിർമിച്ച തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിന്റെ പ്രോഗ്രാം നോട്ടീസിലാണ് ഒരു ഇടവേളയ്ക്കുശേഷം ജി. സുധാകരന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്.
ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി. സുധാകരന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവരുന്നത്. വർഷങ്ങൾക്കു ശേഷമാണ് സുധാകരനെയും ഉൾപ്പെടുത്തി സർക്കാർ ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് ഇറക്കുന്നത്. അതൃപ്തി തുടരുന്ന സുധാകരനെ നേരത്തെ സിപിഎം നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.
തുടർച്ചയായി പാർട്ടിയെയും സർക്കാരിനെയും വിമർശിക്കുന്ന സുധാകരനെ കുട്ടനാട്ടിൽ നടന്ന പരിപാടിയിൽ സിപിഎം ക്ഷണിച്ചെങ്കിലും ഇതിൽനിന്ന് വിട്ടുനിന്നിരുന്നു.പിന്നാലെ ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത
District News
മാവേലിക്കര: മുന്‍പിലും പിന്നിലുമായി പോയ ബസുകള്‍ക്കിടയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. എസ്ബിഐ കറ്റാനം ശാഖ മുന്‍ മാനേജര്‍ കറ്റാനം കരിപ്പോലിവിളയില്‍ എദന്‍സില്‍ റോബിന് കോശി വര്‍ഗീസ്(40) ആണ് മരിച്ചത്.
ഇന്നലെ പകല്‍ 11.30 ഓടെ പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കെഎസ്ആര്‍ടിസി എറണാകുളം-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിനും തിരുവല്ല-കായംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വാഗസ്ഥാനമെന്ന സ്വകാര്യബസിനുമിടയില്പ്പെട്ടാണ് അപകടം.
മൂന്നു വാഹനങ്ങളും മാവേലിക്കര ഭാഗത്തേക്കു വരികയായിരുന്നു. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടര്‍ന്ന് റോബിനും ബ്രേക്ക് പിടിച്ചു. പിന്നില്‍ വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണം തെറ്റി ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.
റോബിന്റെ ഹെല്‍മെറ്റ് സ്വകാര്യബസിന്റെ റേഡിയേറ്ററിന് മുന്പിലെ എയര്‍വെന്റില്‍ തുളച്ചുകയറി ഇരിക്കുന്ന നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റോബിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എസ്ബിഐയില്‍നിന്നും വോളന്ററി റിട്ടയര്‍മെന്റ് എടുത്ത റോബിന് കൊച്ചിക്കലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയും വിവിധ പ്രൊജക്ട് വര്‍ക്കുകള്‍ ചെയതുവരികയുമായിരുന്നു. കെ.പി. വര്‍ഗീസ്- സുസന്‍ വര്‍ഗീസ് ദമ്പതികളുടെ മകനാണ്. ഭാര്യ. ഡോ. സ്നേഹ ജി. തോമസ്. മക്കള്‍: എദന് റോബിന്, എഡ്വിന് റോബിന്.
District News
വേമ്പനാട്ടുകായൽ, ചെത്തിപ്പുഴ കായൽ എന്നിവയാൽ ചുറ്റപ്പെട്ടതാണ് തൈക്കാട്ടുശേരി പഞ്ചായത്ത്. 15 വാർഡുകളിൽ അഞ്ചു വാർഡുകൾ തീരദേശ വാർഡുകൾ. സിൽക്കാമണൽക്കുന്നുകളാൽ പ്രസിദ്ധമായിരുന്നു.
നേട്ടങ്ങൾ...
ബി. ഷിബു
(പ്രസിഡന്റ്
തൈക്കാട്ടുശേരി
പഞ്ചായത്ത്)
• അതിദരിദ്ര ഗുണഭോക്താക്കൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് പഞ്ചായത്തിനെ അതി ദരിദ്ര മുക്ത പഞ്ചായത്താക്കി.
• പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിച്ചു.
• 252 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് പരിചരണം.
• റോഡുകൾക്കും നവീകരണത്തിനുമായി 25,286,988 രൂപ.
• പൂച്ചാക്കൽ മാർക്കറ്റ് കാന നവീകരണം.
• ജലസ്രോതസുകളുടെ സംരക്ഷണം.
• സമ്പൂർണ സാക്ഷരത പ്രഖ്യാപനം.
• അങ്കണവാടികൾ, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു.
• രണ്ടു കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.
കോട്ടങ്ങൾ...
വിമൽ രവീന്ദ്രൻ
പാർലമെന്ററി പാർട്ടി
ലീഡർ, ബിജെപി
• കേന്ദ്ര സർക്കാർ പണം നൽകാൻ തയാറായിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞവർഷം തൊഴിൽ ആവശ്യപ്പെട്ട 50 % കുടുംബങ്ങൾക്കും 100 ദിനം തൊഴിൽ നൽകാൻ സാധിച്ചില്ല.
• ഗ്രാമീണ റോഡുകളുടെ നിർമാണമടക്കമുള്ള ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തൊ
ഒറ്റ നോട്ടത്തിൽ
കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു. എല്ലാ മതവിഭഗത്തിലുള്ളവരും സൗഹാർദത്തോടെ കഴിയുന്നു. ജനസംഖ്യ 19,287. ഇതിൽ 9609 പുരുഷൻമാരും 9678 സ്ത്രീകളും. ആകെ 15 വാർഡുകൾ. സിപി എം-3, സിപിഐ-3, കേരള കോൺഗ്രസ്-1, കോൺഗ്രസ്-4, ബിജെപി-4. 99 ശതമാനം സാക്ഷരതയുള്ള ഗ്രാമം. വിദ്യാഭാസ, സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങൾ ധാരാളമുള്ള ഗ്രാമം.
District News
മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന വനിത അംഗത്തിന് അയോഗ്യത. 13-ാം വാർഡിൽനിന്നു കോൺഗ്രസ് നോമിനിയായി വിജയിച്ച അമ്പിളി ടി. ജോസിനെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യയാക്കിയത്. കോൺഗ്രസിലെ തന്നെ മറ്റൊരംഗമായ പത്മകുമാർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
2023ൽ പുളിങ്കുന്ന് പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഡിസിസി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചതിനെത്തുടർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. 2020ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസിലെ ധാരണപ്രകാരം ആദ്യത്തെ രണ്ടു വർഷം അമ്പിളിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. അടുത്ത ഒരു വർഷം പത്മജ അഭിലാഷും അവസാനത്തെ രണ്ടു വർഷം നീനു ജോസഫും പ്രസിഡന്റാകുമെന്നായിരുന്നു ധാരണ.
എന്നാൽ, ആദ്യ രണ്ടുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും അമ്പിളി സ്ഥാനമൊഴിയാൻ തയാറാകാതെ വന്നതോടെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി.
അവിശ്വാസത്തിനു മുൻപുതന്നെ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് അമ്പിളിക്ക് വിപ്പു നൽകിയിരുന്നു. 2023 ജനുവരി 23ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ ഇടത് അംഗങ്ങൾക്കൊപ്പം അമ്പിളിയും അവിശ്വാസ പ്രമേയത്തിൽനിന്നു വിട്ടുനിന്നതോടെ നിയമനടപടിക്കൊരുങ്ങാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുകയായിരുന്നു.
തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. അടുത്ത ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിധിയെത്തുടർന്ന് വിലക്കുണ്ട്.
സൗത്ത് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ഇവരുടെ ഭർത്താവ് ഇതിനിടെ പാർട്ടിവിട്ടു സിപിഐയിൽ ചേർന്നതും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
District News
ആലപ്പുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡ ന്റായി അഡ്വ. കുര്യന് ജയിംസിനെയും ജനറല്‍ സെക്രട്ടറിയായി സി.ടി. സോജിയെയും ട്രഷററായി എസ്. വിനോദ് കുമാറിനെയും തെരഞ്ഞെടുത്തു. കുര്യന് ജയിംസ് ആലപ്പുഴ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.
സി.ടി. സോജി സംസ്ഥാന ഹോക്കി അസോസിയേഷന് ജനറല്‍ സെക്രട്ടറി കൂടിയാണ്. എസ്. വിനോദ്കുമാര്‍ സംസ്ഥാന ഷട്ടില്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറിയാണ്.
സീനിയര്‍ വൈസ് പ്രഡിഡന്റായി ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി കെ.എ. വിജയകുമാറും സ്ഥാനമേറ്റു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.ജി. വിഷ്ണു, സംസ്ഥാന ഒളിമ്പിക് അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീകുമാരക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ എട്ടിന് ജില്ലാ ജനറല്‍ ബോഡി ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
District News
മാന്നാര്‍: യുവാവിന്റെ കൈയിൽനിന്ന് ഓടയില്‍ വീണ താക്കോല്‍ക്കൂട്ടം അഗ്നിരക്ഷാസേനയെത്തി കണ്ടെടുത്ത് തിരികെ നല്കി. മാന്നാര്‍ ഇരമത്തൂര്‍ സ്വദേശിയായ യുവാവിന്റെ കൈയില്‍നിന്നാണ് മാന്നാര്‍ ടൗണിനു സമീപമുള്ള ഓടയുടെ വിടവിലൂടെ വാഹനത്തിന്റെ താക്കോല്‍ക്കൂട്ടം വീണത്. താക്കോല്‍ക്കൂട്ടം എടുക്കാന്‍ കഴിയാതെ വന്നതേടെയാണ് ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമിനെ വിവരം അറിയിച്ചത്.
മിനിറ്റുകള്‍ക്കുള്ളില്‍ ടീം സ്ഥലത്തെത്തി കമ്പിപ്പാര ഉപയോഗിച്ച് സ്ലാബ് നീക്കി താക്കോല്‍ക്കൂട്ടം കണ്ടെത്തി യുവാവിനെ ഏല്‍പ്പിച്ചു. തിരുവല്ല അഗ്നിരക്ഷാസേന സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഓഫീസര്‍മാരായ രാംലാല്‍, ഹരികൃഷ്ണന്, സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് താക്കോല്‍ വീണ്ടെടുത്തത്.
District News
ഏറ്റുമാനൂർ: അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ സ്വർണമാല കവർന്ന് കടന്നുകളഞ്ഞ മോഷ്ടാവിനെ ഏറ്റുമാനൂർ പോലീസ് 24 മണിക്കൂറിനകം പിടികൂടി.
അതിരമ്പുഴ പള്ളി മൈതാനം ജംഗ്ഷനിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ മലഞ്ചരക്ക് വ്യാപാരിയായ തെങ്ങുംതോട്ടത്തിൽ അപ്പച്ചന്റെ മാല കവർന്ന ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (21) ആണ് അറസ്റ്റിലായത്.
24ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് 80 വയസുകാരനായ അപ്പച്ചന്റെ കടയിലെത്തി രണ്ടര പവൻ തൂക്കം വരുന്നതും 2,50,000 രൂപയോളം വില വരുന്നതുമായ സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത്.
വിദേശത്തേക്ക് കൊണ്ടുപോകാൻ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാൻ എന്ന വ്യാജേനയാണ് ഇയാൾ കടയിൽ എത്തിയത്. അപ്പച്ചന്റെ വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നു പറഞ്ഞ് വിശ്വാസമാർജിച്ചാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ കേസെടുത്ത് സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയും 24 മണിക്കൂർ തികയുന്നതിന് മുമ്പേ ഹരിപ്പാട്ടുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോമി, സിവിൽ പോലീസ് ഓഫീസർമാരായ സാബു, അനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കോട്ടയം: ശബരി റെയില്‍വേ സ്ഥലമെടുപ്പ് ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന റെയില്‍വേ മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നും മുന്നോട്ടുപോയില്ല.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനും നടപടിയില്ല. പദ്ധതിയുടെ പകുതി ചെലവ് കിഫ്ബി പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നുമാണ് കരാര്‍.
കാലടി മുതല്‍ പിഴക് വരെ ആദ്യഘട്ടം സ്ഥലം ഏറ്റെടുത്തു കൊടുത്താലുടന്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റെയില്‍വേ റദ്ദാക്കുമെന്നും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേയുടെ ഉറപ്പ്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷനുകള്‍.
മൂന്നു വര്‍ഷത്തിനുള്ളില്‍ പാതയുടെയും പാലങ്ങളുടെയും രാമപുരം വരെയുള്ള സ്റ്റേഷനുകളുടെയും പണി പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് റെയില്‍വേയുടേത്. മൂവാറ്റുപുഴ, തൊടുപുഴ, മീനച്ചില്‍, മണിമല നദികള്‍ക്കു കുറുകെ നാലു വലിയ പാലങ്ങളും നിരവധി ചെറുപാലങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതേസമയം പിഴക് മുതല്‍ എരുമേലി വരെ അലൈന്മെന്റും സാമൂഹികാഘാത പഠനവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുത്തുകൊടുക്കണം.
2031ല്‍ പൂർത്തിയാക്കാൻ റെയിൽവേ
പിഴക് മുതല്‍ എരുമേലി വരെ പാതയുടെയും പാലങ്ങളുടെയും പണി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും റെയില്‍വേ വിഭാവനം ചെയ്യുന്നു. 2031ല്‍ ശബരി പാതയില്‍ ട്രെയിന്‍ ഓടിച്ചുതുടങ്ങാന്‍ വിധം റെയില്‍വേ ആസൂത്രണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കും അനാസ്ഥയും. സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ആഗോള അയ്യപ്പസംഗമത്തില്‍ ശബരി പദ്ധതി ചര്‍ച്ചാവിഷയമായില്ല.
സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായത്തോടെ സംസ്ഥാന വിഹിതം സമാഹരിക്കാനുള്ള തീരുമാനം ഉണ്ടാവണമെന്ന് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള മുതലെടുപ്പ് മാത്രമാണ് ശബരി റെയില്‍വേയുടെയും ശബരി വിമാനത്താവളത്തിന്റെയും നിര്‍മാണ പ്രഖ്യാപനവും ഉറപ്പുകളുമെന്ന് പരക്കെ വിമര്‍ശനം ഉയരുകയാണ്.111 കിലോമീറ്റര്‍ (69 മൈല്‍) നീളമുള്ള ശബരി റെയില്‍പാത 1997-98 ലെ റെയില്‍വേ ബജറ്റിലാണ് ആദ്യം നിര്‍ദേശിക്കപ്പെട്ടത്.
ഭൂമി ഏറ്റെടുക്കാന്‍ 1200 കോടി രൂപയാണ് ചെലവ്. പദ്ധതിക്ക് 3800 കോടിരൂപ ചെലവു വരും. ഇതിന്റെ പകുതി 1900 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നാണ് ധാരണ.
District News
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ(56)യെയും ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(47)യും കൊലപ്പെടുത്തി ചുട്ടെരിച്ച കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യ (67)നെ റിട്ടയേഡ് പഞ്ചായത്ത് ജീവനക്കാരി ഐഷ (ഹയറുമ്മ-58)യെ കൊലപ്പെടുത്തിയ കേസിലും അറസ്റ്റ് ചെയ്തു.
ചേര്‍ത്തല വാരനാടുനിന്നു 13 വര്‍ഷം മുന്‍പാണ് ഐഷയെ കാണാതായത്. ഐഷ സ്ഥലം വാങ്ങുന്നതിനു കരുതിവച്ചിരുന്ന പണവും സ്വര്‍ണവും തിരിച്ചുകൊടുക്കാമെന്ന ഉറപ്പില്‍ സെബാസ്റ്റ്യന്‍ കൈക്കലാക്കിയിരുന്നു. ഇതു തിരികെ ചോദിച്ചതിലെ വിരോധമാണു കൊലപാതകത്തിനു കാരണമായത്.
പണം തിരികെ കൊടുക്കാം എന്ന പേരില്‍ ഐഷയെ ചേര്‍ത്തലയിലെ വീട്ടിലേക്ക് സെബാസ്റ്റ്യന്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊല്ലുകയും സ്വര്‍ണമാല കവര്‍ന്നെടുക്കുകയും ചെയ്തു. കൊല നടത്തിയശേഷം മൃതദേഹം ചാമ്പലാക്കി കുഴിച്ചിട്ടെന്നാണ് കേസ്. ചേര്‍ത്തല മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഐഷയെ 2012 മേയ് 13നാണു കാണാതായത്. വൈകുന്നേരം നാലിന് ആലപ്പുഴയിലേക്ക് എന്നു പറഞ്ഞു വാരനാട്ടെ വീട്ടില്‍നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ല. അന്നു വൈകുന്നേരംതന്നെ സെബാസ്റ്റ്യന്‍ ഐഷയെ കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഐഷയുടേതാണോ എന്നു സംശയമുണ്ട്.ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ശരീരാവശിഷ്ടങ്ങള്‍ ഐഷയുടേതാണോയെന്നു പരിശോധിക്കുന്നതിന് മകളുടെ രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പള്ളിപ്പുറത്തെ വീട്ടിലും ചേര്‍ത്തലയിലെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിക്കും.
ജെയ്നമ്മയെ കൊലചെയ്ത കേസില്‍ അറസ്റ്റിലായതിനു പിന്നാലെ പോലീസ് അന്വേഷണ സംഘം സെബാസ്റ്റ്യന്റെ പറമ്പിലെ രണ്ടു കുളങ്ങളും കിണറും വറ്റിച്ച് നടത്തിയ പരിശോധനയില്‍ കുളത്തിന്റെ അടിത്തട്ടിലെ ചെളിയോടൊപ്പം ലേഡീസ് ബാഗ്, സാരിയുടെ ഭാഗം, തുണിക്കഷ്ണങ്ങള്‍ എന്നിവ ലഭിച്ചിരുന്നു. വീടിന്റെ മുന്‍ഭാഗത്തുനിന്ന് കൊന്തയുടെ ഭാഗവും കണ്ടുകിട്ടി.
റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന നടത്തിയെങ്കിലും സൂചനകള്‍ ലഭിച്ചിരുന്നില്ല. മൂന്നു പേരെയും കൊലപ്പെടുത്തി കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ കായലില്‍ തള്ളിയതായാണു പോലീസ് സംശയിക്കുന്നത്.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വള്ളാകുന്നത്തുവെളി സിന്ധു (43)വിന്റെ തിരോധാനത്തിലും സെബാസ്റ്റ്യന്‍ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. ജെയ്നമ്മ, ബിന്ദു പത്മനാഭന്, ഹയറുമ്മ എന്നിവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിന് തെളിവുകള്‍ വ്യക്തമാണ്.
District News
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. സഭയുടെ വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, സഭാ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരാണു കൂടിക്കാഴ്ച നടത്തിയത്.
കുമരകം താജ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ആശംസയും സഭയുടെ ഉപഹാരവും രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.
District News
കോട്ടയം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മോഷണം. മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. കടയുടെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന കാല് ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. കടയുടമ പുറത്തുപോയ സമയത്താണ് കടയില്‍ മോഷ്ടാവ് കയറിയത്. ഉടമ ഷട്ടര്‍ താഴ്ത്തി പോയതിനു പിന്നാലെയെത്തിയ മോഷ്ടാവ് ഷട്ടര്‍ ഉയര്‍ത്തി അകത്തുകയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. സംഭവത്തില്‍ ഉടമ പോലീസില്‍ പരാതി നല്കി.
District News
കടുവാക്കുളം: യുവദീപ്തി എസ്എംവൈഎം കടുവാക്കുളം യൂണിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന് 2025 അവാര്‍ഡിന് നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു. തോമസ് അര്‍ഹനായി. ജീവകാരുണ്യ രംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്യുന്നവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
ഇന്ന് രാവിലെ കടുവാക്കുളം ചെറുപുഷ്പം പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. മാത്യു ചങ്ങങ്കരി സമ്മാനിക്കും. യുവദീപ്തി - എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് അലൻ രാജന് മേട്ടുങ്കല്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപത യുവദീപ്തി -എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് മുഖ്യസന്ദേശം നല്‍കും.
ഇടവക വികാരി ഫാ. അനീഷ് മാക്കിയില്‍ എംസിബിഎസ്, ഫാ. ടിജോ മുണ്ടുനടയ്ക്കല്‍, ജോണ്സണ് പൂവന്തുരുത്ത്, ജയിംസ് ചൂരോടില്, സെബിന് സണ്ണി എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും. പി.യു. തോമസ് മറുപടി പ്രസംഗം നടത്തും.
District News
പാലാ: അപകടത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന് സാരമായ രൂപഭേദം വന്ന യുവാവിന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വാരിയെല്ലുകൊണ്ട് മൂക്കിന്റെ ആകൃതിയും ഉറപ്പും പുനഃസ്ഥാപിച്ചു.
വിദേശമലയാളിയും ഏറ്റുമാനൂര്‍ സ്വദേശിയുമായ 41 കാരന്റെ മൂക്കാണ് പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗവും ഇഎന്‍ടി വിഭാഗവും ചേര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കിയത്.
ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസും പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയുമായ എയര്‍ കോമഡോര്‍ ഡോ.പൗളിന് ബാബുവിന്റെ നേതൃത്വത്തില്‍ ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ലിനു തോമസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എബിന് കെ.ജോസ് എന്നിവര്‍ ചേര്‍ന്നാണ് വിജയകരമായ ശസ്ത്രക്രിയ നടത്തിയത്.
ജന്മനാ മൂക്കിനു ചെറിയ വളവുണ്ടായിരുന്ന യുവാവിന് വിദേശത്തുവച്ച് പടി കയറുമ്പോള്‍ തെന്നി വീണാണ് അപകടമുണ്ടായത്. മുഖം പടികളില്‍ അടിക്കുകയും മൂക്കിന്റെ പാലവും ഉള്ളിലെ അസ്ഥികളും തകരുകയും ചെയ്തു. തുടര്‍ന്നു മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടുകയായിരുന്നു.
യുവാവിന്റെ വാരിയെല്ലിന്റെ ഭാഗം എടുത്തു മൂക്കിന്റെ പാലവും ഉള്ളിലെ അസ്ഥികളും രൂപപ്പെടുത്തി റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയാണ് മൂക്ക് പൂര്‍വനിലയില്‍ എത്തിച്ചത
District News
കാഞ്ഞിരപ്പള്ളി: കാലീത്തീറ്റ കഴിച്ച് പശുക്കള്‍ ചത്താല്‍ പകരം പശുക്കളെ നല്‍കുന്നതിനും വിതരണം ചെയ്ത കമ്പനി അടച്ചുപൂട്ടുന്നതിനും ബില്‍ പാസാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച കാലിത്തീറ്റയും ധാതുലവണ മിശ്രിതവും കോഴിത്തീറ്റയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒട്ടനവധി ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖലകളിൽ എല്ലാം വികസനങ്ങൾ കൊണ്ടുവന്നു. 65 ശതമാനത്തിലധികം റോഡുകളും ബിഎംബിസി നിലവാരത്തിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു. സ്ത്രീശക്തീകരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റിജോ വാളാന്തറ, വാർഡ് മെംബർ മഞ്ജു മാത്യു, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കന്മാര് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പഞ്ചായത്തംഗം മഞ്ജു മാത്യുവിന്റെ ശ്രമഫലമായി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സാംസ്കാരിക നിലയത്തിന്റെ നിർമാണം പൂര്‍ത്തീകരിച്ചത്.
District News
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ നാലാമത്തെ കുട്ടികളുടെ സഭ (സ്റ്റുഡന്റ് സഭ) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളെ രാവിലെ ഒന്‍പതു മുതൽ അഞ്ചുവരെ നടക്കും.
സംസ്ഥാന സർക്കാരിന്റെ പാർലമെന്ററികാര്യ വകുപ്പിന്റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളിൽ ജനാധിപത്യബോധം വളർത്താനും തങ്ങളുടെ നിയോജകമണ്ഡലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട പത്തു പ്രധാനപ്പെട്ട മേഖലകൾ കണ്ടെത്തി അവ എംഎൽഎയുമായി പങ്കുവയ്ക്കും.
മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എങ്ങനെയെന്ന് വിദ്യാർഥിസമൂഹത്തിന് അവബോധം നൽകുകയെന്നത് പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കാർഷിക മേഖല, പരിസ്ഥിതി, ജനാധിപത്യം, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാഞ്ഞിരപ്പള്ളിയിലെ ടൂറിസം പദ്ധതികൾ, കലയും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ആരോഗ്യം, പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിവിധ മേഖലകളെ അധികരിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ ചർച്ച ചെയ്യും. പരിപാടിയോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും നൽകും.
അന്‍പതോളം സ്കൂളുകൾ പരിപാടിയിൽ പങ്കെടുക്കും. ഓരോ സ്കൂളിലെയും മൂന്നു വീതം വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. എംഎൽഎ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും കുട്ടികളോട് സംവദിക്കും.
District News
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് സംസ്ഥാന യുവജന കമ്മീഷനും കുടുംബശ്രീയുടെയും സഹകരണത്തോടെ നടത്തിയ മെഗാ തൊഴിൽമേള ഉദ്യോഗാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
1600ഓളം ഉദ്യോഗാർഥികൾ തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട നാല്പതോളം കമ്പനികൾ തൊഴിൽമേളയിൽ ഇന്റർവ്യൂ നടത്തി. 219 പേർക്ക് സ്പോട്ട് സെലക്ഷൻ കിട്ടി. ചുരുക്ക പട്ടികയിൽ 346 പേർ ഉൾപ്പെട്ടു.
ചീഫ് വീപ്പ് ഡോ. എൻ. ജയരാജ് തൊഴിൽമേള ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. മുൻ ധനകാര്യ മന്ത്രിയും വിജ്ഞാന കേരള സംസ്ഥാന അഡ്വൈസർ കൂടിയായ തോമസ് ഐസക്, മേളയിൽ പങ്കെടുത്ത് പഞ്ചായത്തിന്റെ മാതൃകാ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തുടർപ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു.
വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമേഷ് ആൻഡ്രൂസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആന്റണി മാർട്ടിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന മുട്ടത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ ഐ.എസ്. രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, കെ.ജി. രാജേഷ്, എം.ജി. വിനോദ്, സിന്ധു ദേവി, അഭിലാഷ് ബാബു, അനിരുദ്ധൻ നായർ, ജയാ ശ്രീധർ, ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, സിഡിഎസ് ചെയർപേഴ്സൺ ഉഷ പ്രകാശ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. സിന്ധുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
സെലക്ഷൻ കിട്ടാത്ത ഉദ്യോഗാർഥികൾക്ക് പരിശീലനം നടത്തി പ്രാപ്തരാക്കുകയും വീണ്ടും അവർക്കായി തൊഴിൽമേള സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അറിയിച്ചു.
District News
വഞ്ചിമല: അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനോലിൽ മാക്കൽ തങ്കച്ചൻ (തങ്കൻ-63), മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11ഓടെയാണ് അയൽവാസികൾ മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിസരത്ത് ദുർഗന്ധം വമിച്ചപ്പോഴാണ് ഇവർ ശ്രദ്ധിച്ചത്. ഇരുവരും മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലുണ്ടായിരുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ ദുരൂഹതകളൊന്നുമുള്ളതായി സൂചനയില്ലെന്ന് പോലീസ് പറഞ്ഞു. തങ്കൻ തെങ്ങുകയറ്റ തൊഴിലാളിയും അഖിൽ കൂലിപ്പണിക്കാരനുമായിരുന്നു. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
District News
ഉഴവൂർ: തിരുവചന ശ്രവണത്തിലൂടെ നിസംഗത വെടിഞ്ഞ് സ്നേഹത്തിൽ ജ്വലിക്കണമെന്ന് കോട്ടയം അതിരൂപത പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ പറഞ്ഞു. കോട്ടയം അതിരൂപത ബൈബിൾ കൺവൻഷന്റെ രണ്ടാംദിനം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ഫാ. തോമസ് ആനിമൂട്ടിൽ.
പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷം ചേരാൻ തയാറാകണം. ഫരിസേയ മനോഭാവം വെടിഞ്ഞ് കണ്ണു തുറന്ന് യാഥാർഥ്യങ്ങൾ കാണണം. ആത്മാവിന്റെ അഭിഷേകത്തിൽ നിറയാൻ കഴിയണം. ദൈവികദാനങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ വചനശ്രവണത്തിലൂടെ പരിശ്രമിക്കണം. ദൈവത്തിന്റെ കരുതലും സ്നേഹവും ഏറ്റുവാങ്ങി ജ്വലിക്കുന്ന ദീപമായി ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ഫാ. തോമസ് ആനിമൂട്ടിൽ പറഞ്ഞു. ഫാ. സൈമൺ പുല്ലാട്ട്, ഫാ. റെന്നി കട്ടേൽ എന്നിവർ സഹകാർമികരായി.
മൂന്നാംദിനമായ ഇന്ന് അഞ്ചിന് കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഫാ. തോമസ് പ്രാലേൽ, ഫാ. സാബു മാലിത്തുരുത്തേൽ എന്നിവർ സഹകാർമികരാകും. ആറിന് വചനശുശ്രൂഷയും ആരാധനയും.
വചനവിരുന്നിന്നാളെ സമാപനം
അനേകായിരങ്ങളിലേക്ക് പുത്തൻ ആത്മീയത സമ്മാനിച്ച ബൈബിൾ കൺവൻഷന് നാളെ സമാപനം. ആദ്യത്തെ രണ്ടു ദിനങ്ങളിലായി പതിനായിരങ്ങളാണ് വചനവിരുന്നിൽ പങ്കെടുത്തത്. വിശ്വാസികൾ ഒഴുകിയെത്തിയതോടെ ഒഎൽഎൽ ഹയർ സെക്കൻഡറി മൈതാനത്തെ കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞു.
സമാപനദിനമായ നാളെ അഞ്ചിന് കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ദിവ്യകാരുണ്യപ്രദക്ഷിണത്തിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം കാർമികത്വം വഹിക്കും.
District News
കുടക്കച്ചിറ: "ഇപ്പോ തീര്‍ത്തുതരാം' എന്ന പതിവ് ഡയലോഗ് തന്നെയാണ് കേട്ടത്. സാങ്കേതികവിദ്യ ജർമനും. പക്ഷേ റോഡുപണി പത്തു മാസമായി നിന്നിടത്തുതന്നെ. ആരോടു പരാതി പറയണം എന്ന് നാട്ടുകാർക്കറിയില്ല.
പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി 2024 നവംബര്‍ അവസാനമാണ് കുടക്കച്ചിറ പാറമട-കുരീക്കല്‍ നടുവില്മാവ്-പാലക്കാട്ടുമല റോഡ് നിര്‍മാണം ആരംഭിച്ചത്. ഒന്നാം ഘട്ടമായി സിമന്റുപാളി ഉറപ്പിച്ചു. തുടര്‍ന്ന് ഗുണനിലവാര പരിശോധനകൾ. പശ ഉപയോഗിച്ച് റോഡിന് ആവരണവുമിട്ടു. പിന്നെ കണ്ടത് പണി നീണ്ടുനീണ്ടുപോകുന്ന "കേരള' സാങ്കേതികവിദ്യ!
പശ ആവരണവും സിമന്റുപാളിയുമെല്ലാം പലയിടങ്ങളിലും പൊളിഞ്ഞു. യാത്ര ദുഷ്കരമായി. പശ ആവരണം വിരിച്ചശേഷം ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ടാറിംഗ് നടത്തുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം. ഇനിയെന്ത് "ടെക്നോളജി' ഇറക്കിയാലാണ് റോഡ് ഗതാഗതയോഗ്യമാകുക എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ് നാട്ടുകാരുടെ മുന്നിൽ.
District News
അരുവിത്തുറ: റബർത്തോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.
ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർത്തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു. ഇതു ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു.
അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച "സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ' എ ന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു. അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ എമരിറ്റസ് പ്രഫസർ ഡോ. ലാറി എറിക്സൺ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എമിററ്റസ് പ്രഫസർ ഡോ. എം.എൻ.വി പ്രസാദ് തുടങ്ങിയവർ എഡിറ്റർമാരായി പ്രസിദ്ധീകരിച്ച പുസ്തകം ഇതിനോടകം ശാസ്ത്ര ഗവേഷണലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. പുസ്തകത്തിന്റെ ഒരു കോപ്പി കോട്ടയം പുതുപ്പള്ളിയിലുള്ള റബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലന വിഭാഗം ഡയറക്ടർ ഡോ. എച്ച്. പ്രിയ വർമ ഏറ്റുവാങ്ങി.
ബോട്ടണി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഗവേഷണനേട്ടത്തെ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
District News
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ബിജെപിയിൽ ചേർന്നു. 34 വർഷമായി സജീവ സിപിഎം പ്രവർത്തകനും ലോക്കൽ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിക്കുകയും പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത ജോർജ് മാത്യുവാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായി വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പൂഞ്ഞാർ തെക്കേക്കരയിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎം അംഗമായ ജോർജ് മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മറ്റിയും വിഷയം ചർച്ച ചെയ്യുകയും പി.സി. ജോർജിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു വഴങ്ങിയില്ല. തുടർന്ന് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കോൺഗ്രസ് പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും ബിജെപിയിലേക്ക് ചേക്കേറിയ ജനപക്ഷത്തിന്റെ പിന്തുണ അപ്പോഴും ജോർജ് മാത്യുവിന് ഒപ്പമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷവും പ്രസിഡന്റുസ്ഥാനത്ത് തുടരാൻ ജോർജ് മാത്യുവിനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജോർജ് മാത്യുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മിനർവ മോഹൻ എന്നിവരും പങ്കെടുത്തു.
District News
പൂഞ്ഞാർ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പത്ത് നിർധന കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചു നൽകും. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയും മറ്റും ധനസമാഹരണം നടത്തിയാണ് ഭവനങ്ങൾ നിർമിക്കുന്നത്.
27 മുതൽ നവംബർ മൂന്നുവരെയുള്ള ദിവസങ്ങളിലായി പത്തു വീടുകളുടെയും ശിലാസ്ഥാപനകർമം അതതു സ്ഥലങ്ങളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികളും പൊതുപ്രവർത്തകരും എംഎൽഎ സർവീസ് ആർമി ഭാരവാഹികളും പങ്കെടുക്കും.
District News
പാലാ: കേരള കര്‍ഷക യൂണിയന്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷക യൂണിയന്-എം നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചന് നെടുമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്, കര്‍ഷക യൂണിയന്-എം സംസ്ഥാന സെക്രട്ടറി കെ.പി. ജോസഫ് കുന്നത്തുപുരയിടം, പാലാ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഭാസ്കരന് നായര്‍, സെക്രട്ടറി ടോമി തകിടിയേല്‍, റിട്ടയേർഡ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സി.കെ. ഹരിഹരന്, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: ഗുണമേന്മയുള്ള കോഴിയിറച്ചി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ ഹൈബ്രിഡ് ഔട്ട്ലെറ്റ് കുറവിലങ്ങാട്ട് പ്രവർത്തനം ആരംഭിച്ചു.
ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ ആദ്യവില്പനയും പഞ്ചായത്തംഗം ടെസി സജീവ് ഏറ്റുവാങ്ങലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ബീന തമ്പി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ എന്നിവർ പ്രസംഗിച്ചു.
District News
പാലാ: കെ.എം. മാണി മെമ്മോറിയല്‍ എവർറോളിംഗ് ട്രോഫി വടംവലി മത്സരം ഇന്നു വൈകുന്നേരം അഞ്ചിന് രാമപുരം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കും. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
യൂത്ത് ഫ്രണ്ട്-എം രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 20,000 രൂപയും നാലാം സമ്മാനമായി 10,000 രൂപയും നല്‍കും. അഞ്ച്, ആറ്, ഏഴ്, എട്ട് സമ്മാനങ്ങളായി 8000 രൂപയും ഒമ്പതു മുതല്‍ 16 വരെ സമ്മാനങ്ങളായി 5000 രൂപയും നല്‍കും. 45 ടീമുകള്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍, നേതാക്കളായ സുജയിന് കളപ്പുരയ്ക്കല്‍, അജോയ് തോമസ് എലുവാലുങ്കല്‍, ജിഷോ ചന്ദ്രന്‍കുന്നേല്‍, അലന് പീറ്റര്‍ കല്ലിടയില്‍, അനൂപ് പള്ളിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
District News
പാലാ: ഉദരസംബന്ധമായ രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 27 മുതല്‍ നവംബര്‍ എട്ടു വരെ ഗാസ്ട്രോ എന്ററോളജി മെഡിക്കല്‍ ക്യാമ്പ് നടത്തും.
പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷനും വിദഗ്ധ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായി ലഭിക്കും. കൂടാതെ ലാബ്, റേഡിയോളജി, എന്‍ഡോസ്കോപ്പി, കൊളനോസ്കോപ്പി എന്നിവയ്ക്ക് ഇളവുകളും ലഭ്യമാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 86069 66529, 7907742620.