പാലക്കാട്: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഭൂവുടമകൾക്ക് നൽകണമെന്നു വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ ഒലവക്കോട് മുതൽ താണാവ് വരെയുള്ള കുഴികൾ ഉടൻ നികത്തണമെന്നും എംപി നിർദേശിച്ചു.
സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പാലക്കാട് ടോപ് ഇൻ ടൗണ്‍ ഗാർഡൻ ഹാളിൽ ചേർന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-ഓർഡിനേഷൻ ആന്‍ഡ് മോണിട്ടറിംഗ് കമ്മറ്റി (ദിശ) യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നീർത്തടവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നതിനു യോഗം നിർദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായും നടപ്പിലാക്കുന്നതിന് എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് എംപി നിർദേശിച്ചു.
ദിശ കമ്മിറ്റി മെംബർ സെക്രട്ടറിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, ദിശ കമ്മിറ്റി കണ്‍വീനറായ ജില്ലാ ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടി.എസ്. ശുഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : local