നെന്മാറ: രണ്ടാംവിള നെൽകൃഷിക്കായി ഉഴുതു പാകപ്പെടുത്തിയ നെൽപ്പാടങ്ങളിൽ ആഫ്രിക്കൻചണ്ടി പെരുകുന്നു.
കൊയ്ത്തുകഴിഞ്ഞ സമയത്ത് നെൽപ്പാടത്ത് ചെറിയതോതിൽ കണ്ടിരുന്ന ചണ്ടികൾ ഉഴുതുമറിച്ച് പാകപ്പെടുത്തി വെള്ളംകെട്ടി നിർത്തിയതോടെയാണ് ദിവസങ്ങൾക്കകം പെരുകി കണ്ടം മുഴുവൻ വ്യാപിച്ചത്.തുറന്ന സൂര്യപ്രകാശവും ആവശ്യത്തിന് വെള്ളവും ലഭിച്ചതോടെയാണ് ദിവസങ്ങൾ കൊണ്ടാണ് വ്യാപകമായി പെരുകിയത്.
അകലെയുള്ള ഉപയോഗശൂന്യമായ കുളത്തിൽ നിന്ന് മഴവെള്ളത്തിലൂടെ വിത്തുകൾ ഒഴുകി വന്നതാവാം കാരണമെന്നു കർഷകർ പറയുന്നു. അയിലൂർ കൃഷിഭവൻ പരിധിയിലെ ചെട്ടികുളമ്പ് നെൽപ്പാടങ്ങളിലാണ് വ്യാപകമായി ആഫ്രിക്കൻ ചണ്ടി പെരുകിയത്. കർഷകനായ ചെട്ടികുളമ്പ് എ. സേതുമാധവൻ രണ്ടുദിവസങ്ങളായി തൊഴിലാളികളെ ഉപയോഗിച്ച് ചണ്ടി എടുത്ത് വരമ്പിലേക്ക് മാറ്റുകയാണ്. ഞാറു പാകാനോ, വിതയ്ക്കാനോ പറ്റാത്ത രീതിയിൽ ദിവസങ്ങൾക്കകം നെൽപ്പാടം മുഴുവൻ വ്യാപിച്ചത് കർഷകർക്ക് ബുദ്ധിമുട്ടായി.
ഈ ചണ്ടി നീക്കുന്നതിന് അധിക സാമ്പത്തിക ചെലവും കർഷകർക്ക് വരുന്നതായി സേതുമാധവൻ പറഞ്ഞു.വിത്തിറക്കാത്ത കർഷകർ കളനാശിനി തളിച്ച് നശിപ്പിക്കാൻ പരീക്ഷണം നടത്തുന്നുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കളയായതിനാൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുമ്പോഴും രക്ഷയില്ലെന്നു കർഷകർ പറയുന്നു.
Tags : local