ഇടുക്കി: സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകൾക്ക് സ്റ്റാർട്ടപ്പ് മാതൃകയിൽ ധനസഹായം നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയൻ കോളജിൽ സംഘടിപ്പിച്ച ലോകം കൊതിക്കും കേരളം വിഷൻ -2031 സംസ്ഥാനതല ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര മേഖലയിൽ വൻകുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽനിന്ന് കേരളത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചു. കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിനോദസഞ്ചാര മേഖല പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. ആഭ്യന്തര -വിദേശസഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റിക്കാർഡ് നേട്ടം കൈവരിച്ചു. കേരളത്തിന്റെ ഭാവി ടൂറിസമാണെന്നും ഓരോ പൗരനും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. എ.ര ാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം സി.വി. വർഗീസ്, കെടിഐഎൽ ചെയർമാൻ എസ്.കെ. സജീഷ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ഡപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, എഡിഎം ഷൈജു പി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Tags : local