കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ നാലാമത്തെ കുട്ടികളുടെ സഭ (സ്റ്റുഡന്റ് സഭ) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളെ രാവിലെ ഒന്പതു മുതൽ അഞ്ചുവരെ നടക്കും.
സംസ്ഥാന സർക്കാരിന്റെ പാർലമെന്ററികാര്യ വകുപ്പിന്റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളിൽ ജനാധിപത്യബോധം വളർത്താനും തങ്ങളുടെ നിയോജകമണ്ഡലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട പത്തു പ്രധാനപ്പെട്ട മേഖലകൾ കണ്ടെത്തി അവ എംഎൽഎയുമായി പങ്കുവയ്ക്കും.
മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എങ്ങനെയെന്ന് വിദ്യാർഥിസമൂഹത്തിന് അവബോധം നൽകുകയെന്നത് പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കാർഷിക മേഖല, പരിസ്ഥിതി, ജനാധിപത്യം, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാഞ്ഞിരപ്പള്ളിയിലെ ടൂറിസം പദ്ധതികൾ, കലയും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ആരോഗ്യം, പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിവിധ മേഖലകളെ അധികരിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ ചർച്ച ചെയ്യും. പരിപാടിയോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും നൽകും.
അന്പതോളം സ്കൂളുകൾ പരിപാടിയിൽ പങ്കെടുക്കും. ഓരോ സ്കൂളിലെയും മൂന്നു വീതം വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. എംഎൽഎ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും കുട്ടികളോട് സംവദിക്കും.
Tags : local