കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ(56)യെയും ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(47)യും കൊലപ്പെടുത്തി ചുട്ടെരിച്ച കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യ (67)നെ റിട്ടയേഡ് പഞ്ചായത്ത് ജീവനക്കാരി ഐഷ (ഹയറുമ്മ-58)യെ കൊലപ്പെടുത്തിയ കേസിലും അറസ്റ്റ് ചെയ്തു.
ചേര്‍ത്തല വാരനാടുനിന്നു 13 വര്‍ഷം മുന്‍പാണ് ഐഷയെ കാണാതായത്. ഐഷ സ്ഥലം വാങ്ങുന്നതിനു കരുതിവച്ചിരുന്ന പണവും സ്വര്‍ണവും തിരിച്ചുകൊടുക്കാമെന്ന ഉറപ്പില്‍ സെബാസ്റ്റ്യന്‍ കൈക്കലാക്കിയിരുന്നു. ഇതു തിരികെ ചോദിച്ചതിലെ വിരോധമാണു കൊലപാതകത്തിനു കാരണമായത്.
പണം തിരികെ കൊടുക്കാം എന്ന പേരില്‍ ഐഷയെ ചേര്‍ത്തലയിലെ വീട്ടിലേക്ക് സെബാസ്റ്റ്യന്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊല്ലുകയും സ്വര്‍ണമാല കവര്‍ന്നെടുക്കുകയും ചെയ്തു. കൊല നടത്തിയശേഷം മൃതദേഹം ചാമ്പലാക്കി കുഴിച്ചിട്ടെന്നാണ് കേസ്. ചേര്‍ത്തല മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഐഷയെ 2012 മേയ് 13നാണു കാണാതായത്. വൈകുന്നേരം നാലിന് ആലപ്പുഴയിലേക്ക് എന്നു പറഞ്ഞു വാരനാട്ടെ വീട്ടില്‍നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ല. അന്നു വൈകുന്നേരംതന്നെ സെബാസ്റ്റ്യന്‍ ഐഷയെ കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഐഷയുടേതാണോ എന്നു സംശയമുണ്ട്.ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ശരീരാവശിഷ്ടങ്ങള്‍ ഐഷയുടേതാണോയെന്നു പരിശോധിക്കുന്നതിന് മകളുടെ രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പള്ളിപ്പുറത്തെ വീട്ടിലും ചേര്‍ത്തലയിലെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിക്കും.
ജെയ്നമ്മയെ കൊലചെയ്ത കേസില്‍ അറസ്റ്റിലായതിനു പിന്നാലെ പോലീസ് അന്വേഷണ സംഘം സെബാസ്റ്റ്യന്റെ പറമ്പിലെ രണ്ടു കുളങ്ങളും കിണറും വറ്റിച്ച് നടത്തിയ പരിശോധനയില്‍ കുളത്തിന്റെ അടിത്തട്ടിലെ ചെളിയോടൊപ്പം ലേഡീസ് ബാഗ്, സാരിയുടെ ഭാഗം, തുണിക്കഷ്ണങ്ങള്‍ എന്നിവ ലഭിച്ചിരുന്നു. വീടിന്റെ മുന്‍ഭാഗത്തുനിന്ന് കൊന്തയുടെ ഭാഗവും കണ്ടുകിട്ടി.
റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന നടത്തിയെങ്കിലും സൂചനകള്‍ ലഭിച്ചിരുന്നില്ല. മൂന്നു പേരെയും കൊലപ്പെടുത്തി കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ കായലില്‍ തള്ളിയതായാണു പോലീസ് സംശയിക്കുന്നത്.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വള്ളാകുന്നത്തുവെളി സിന്ധു (43)വിന്റെ തിരോധാനത്തിലും സെബാസ്റ്റ്യന്‍ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. ജെയ്നമ്മ, ബിന്ദു പത്മനാഭന്, ഹയറുമ്മ എന്നിവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിന് തെളിവുകള്‍ വ്യക്തമാണ്.
Tags : local