പാലക്കാട്: വിശുദ്ധ റാഫേൽ മാലാഖയുടെ നാമത്തിലുള്ള ചക്കാന്തറ കത്തീഡ്രലിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ റാഫേൽ മാലാഖയുടെ പ്രധാന തിരുനാൾ ഇന്ന്. തിരുനാളിന്റെ പ്രധാന ശുശ്രൂഷകളിലൊന്നായ തിരുസ്വരൂപം എഴുന്നള്ളിക്കൽ ഭക്തിസാന്ദ്രമായി.ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു നടന്ന വിശുദ്ധ കുർബാനക്ക് രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. ജെയിംസ് ചക്കിയാത്ത് നേതൃത്വം നൽകി.
തുടർന്ന് വിശ്വാസികൾക്ക് വണങ്ങുന്നതിനായി മാലാഖയുടെ ലദീഞ്ഞും നൊവേനയും രൂപം എഴുന്നള്ളിക്കലും ദീപാലങ്കാരത്തോടെ വാദ്യമേളവും നടന്നു. ഇന്നുരാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാനയും തുടർന്ന് കുടുംബയൂണിറ്റുകളിലേക്ക് വള എഴുന്നള്ളിപ്പുമുണ്ടാകും.
വൈകുന്നേരം നാലിനു വിശുദ്ധകുർബാനയ്ക്ക് ആലത്തൂർ പള്ളി വികാരി ഫാ. ആന്റു സി. അരിക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ തിരുനാൾ സന്ദേശം നൽകും.വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പള്ളിയങ്കണത്തിൽ നടക്കും.തുടർന്ന് കരിമരുന്ന് കലാവിരുന്നും ബാൻഡ് വാദ്യമേളങ്ങളും മറ്റു ആഘോഷ പരിപാടികളും പള്ളിയങ്കണത്തിൽ അരങ്ങേറും
Tags : local