കോട്ടയം: ശബരി റെയില്‍വേ സ്ഥലമെടുപ്പ് ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന റെയില്‍വേ മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നും മുന്നോട്ടുപോയില്ല.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനും നടപടിയില്ല. പദ്ധതിയുടെ പകുതി ചെലവ് കിഫ്ബി പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നുമാണ് കരാര്‍.
കാലടി മുതല്‍ പിഴക് വരെ ആദ്യഘട്ടം സ്ഥലം ഏറ്റെടുത്തു കൊടുത്താലുടന്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റെയില്‍വേ റദ്ദാക്കുമെന്നും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേയുടെ ഉറപ്പ്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷനുകള്‍.
മൂന്നു വര്‍ഷത്തിനുള്ളില്‍ പാതയുടെയും പാലങ്ങളുടെയും രാമപുരം വരെയുള്ള സ്റ്റേഷനുകളുടെയും പണി പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് റെയില്‍വേയുടേത്. മൂവാറ്റുപുഴ, തൊടുപുഴ, മീനച്ചില്‍, മണിമല നദികള്‍ക്കു കുറുകെ നാലു വലിയ പാലങ്ങളും നിരവധി ചെറുപാലങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതേസമയം പിഴക് മുതല്‍ എരുമേലി വരെ അലൈന്മെന്റും സാമൂഹികാഘാത പഠനവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുത്തുകൊടുക്കണം.
2031ല്‍ പൂർത്തിയാക്കാൻ റെയിൽവേ
പിഴക് മുതല്‍ എരുമേലി വരെ പാതയുടെയും പാലങ്ങളുടെയും പണി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും റെയില്‍വേ വിഭാവനം ചെയ്യുന്നു. 2031ല്‍ ശബരി പാതയില്‍ ട്രെയിന്‍ ഓടിച്ചുതുടങ്ങാന്‍ വിധം റെയില്‍വേ ആസൂത്രണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കും അനാസ്ഥയും. സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ആഗോള അയ്യപ്പസംഗമത്തില്‍ ശബരി പദ്ധതി ചര്‍ച്ചാവിഷയമായില്ല.
സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായത്തോടെ സംസ്ഥാന വിഹിതം സമാഹരിക്കാനുള്ള തീരുമാനം ഉണ്ടാവണമെന്ന് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള മുതലെടുപ്പ് മാത്രമാണ് ശബരി റെയില്‍വേയുടെയും ശബരി വിമാനത്താവളത്തിന്റെയും നിര്‍മാണ പ്രഖ്യാപനവും ഉറപ്പുകളുമെന്ന് പരക്കെ വിമര്‍ശനം ഉയരുകയാണ്.111 കിലോമീറ്റര്‍ (69 മൈല്‍) നീളമുള്ള ശബരി റെയില്‍പാത 1997-98 ലെ റെയില്‍വേ ബജറ്റിലാണ് ആദ്യം നിര്‍ദേശിക്കപ്പെട്ടത്.
ഭൂമി ഏറ്റെടുക്കാന്‍ 1200 കോടി രൂപയാണ് ചെലവ്. പദ്ധതിക്ക് 3800 കോടിരൂപ ചെലവു വരും. ഇതിന്റെ പകുതി 1900 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നാണ് ധാരണ.
Tags : local