അടിമാലി: ദേശീയപാത - 85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി നിരാശാജനകമെന്ന് ദേശീയപാത സംരക്ഷണസമിതി.
ദേശീയപാത-85ന്റെ ഭാഗമായ നേര്യമംഗലം മേഖലയിലെ നിര്‍മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി നല്‍കിയിരുന്ന പുനഃപരിശോധന ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്നുണ്ടായ കോടതി വിധിയിലാണ് സമിതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
റോഡ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയുള്ള കോടതി ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്ന് സംരക്ഷണ സമിതി ചെയര്മാന് പി.എം. ബേബി പറഞ്ഞു. നിലവില്‍ റോഡ് നിര്‍മാണത്തിന് തുടര്‍നടപടികൾ സ്വീകരിക്കേണ്ട ചുമതല സര്‍ക്കാരിലേക്കെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വേഗത കൈവരിക്കണമെന്നും ദേശീയപാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നവീകരണം നടക്കേണ്ട നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാലര കിലോമീറ്റര്‍ ഭാഗത്തെ റോഡിന്റെ അളവുകള്‍ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ദേശീയപാത അഥോറിറ്റി ചീഫ് സെക്രട്ടറിക്ക് നല്‍കണം.
വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ എല്ലാ രേഖകളും പരിശോധിച്ച് ചീഫ് സെക്രട്ടറി ന്യായമായ സമയത്തിനുള്ളില്‍ ഉത്തരവിറക്കണം. അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും കോടതി അറിയിച്ചു. വനഭൂമിയെയും അതിന്റെ വിസ്തൃതിയെയും സംബന്ധിച്ച് പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച രീതിയെക്കുറിച്ചും കോടതി അതൃപ്തി അറിയിച്ചതായും സമിതി നേതാക്കൾ പറഞ്ഞു.
Tags : local