ചമ്പക്കുളം: കുട്ടനാടൻ കാർഷിക കലണ്ടർ പ്രകാരം തുലാമാസം ആദ്യം വിതയ്ക്കാൻ ഒരുങ്ങിയിരുന്ന ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള ഈഴപ്പാടി പാടശേഖരത്തിൽ യഥാസമയം വിത്ത് ലഭ്യമായില്ല എന്ന് പരാതി.
ഓരോ കൃഷിഭവന്റെയും കീഴിൽ വരുന്ന പാടശേഖരങ്ങൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് എൻഎസ്സി യുടെ വിത്ത് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടാംകൃഷി ചെയ്യാതെ പുഞ്ചകൃഷിക്ക് ഒരുങ്ങുന്ന മിക്ക പാടശേഖരങ്ങളിലും വിത്ത് എത്തിച്ചു തുടങ്ങി.
രണ്ടാം കൃഷി ഉണ്ടായിരുന്ന പാടശേഖരങ്ങളിലും പുഞ്ചകൃഷിക്ക് ആവശ്യമായ വിത്ത് എത്തിക്കുമെന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുമ്പോഴും കുട്ടനാടൻ നെൽകർഷകരുടെ പ്രധാന പരാജയകാരണം നെൽവിത്ത് ആണ്. തൃശൂരിലെ കേരള വിത്ത് വികസന അഥോറിറ്റി നല്കുന്ന വിത്താണ് ഭൂരിപക്ഷം പാടശേഖരങ്ങളിലും വിതയ്ക്കുന്നത്. ഏക്കർ ഒന്നിന് 40 കിലോഗ്രാം വിത്ത് മാത്രമാണ് കൃഷി വകുപ്പ് വഴി നൽകുന്നത്.
കുട്ടനാട്ടിൽ ഏക്കർ ഒന്നിന് 55 മുതൽ 60 കിലോഗ്രാം വരെ വിത്തു വിതയ്ക്കുന്നു.
വിത്തിന്റെ ബാക്കി മറ്റുള്ളവരിൽനിന്നാണ് വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന വിത്തുകൾ കൂട്ടിക്കുഴച്ച് വിതയ്ക്കുമ്പോൾതന്നെ പ്രശ്നങ്ങൾ തുടങ്ങും.
കിളിർക്കാതെ പോകുന്ന വിത്ത്
സർക്കാർ വിതരണം ചെയ്യുന്ന വിത്തിൽ 80% ൽ അധികം കിളിർക്കും എന്നാണു കിട്ടുന്ന ഉറപ്പ്. കുട്ടനാട്ടിലെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാലോ, വിത്ത് സംഭരിക്കുന്ന സ്ഥലത്തെ ഈർപ്പം മൂലമോ കിളിർക്കാതെ പോകുന്നു. വിത്ത് ഈർപ്പം തട്ടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുവേണ്ട സൗകര്യം കുട്ടനാട്ടിലില്ല. വിവിധ സാഹചര്യങ്ങളിൽ സൂക്ഷിച്ച വിത്തു കൂട്ടിക്കലർത്തി വിതയ്ക്കുന്നതും കിളിർക്കാതെ പോകാൻ കാരണമാകുന്നു. ആഴ്ചകൾക്കുമുൻപേ വിത്ത് വാങ്ങി സൂക്ഷിക്കേണ്ടി വരുന്നുണ്ട്.
പ്രകൃതിയുടെ പ്രത്യേകത കൊണ്ട് പലപ്പോഴും നിശ്ചയിച്ച സമയത്ത് വിതയ്ക്കാനും കഴിയാറില്ല. വിത്ത് കിളിർക്കാത്തതിനാൽ വീണ്ടും വാങ്ങി കൃഷി ഇറക്കേണ്ടി വന്നവർ നിരവധിയുണ്ട്.
കുട്ടനാടൻ പാടശേഖരങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് ആവശ്യമായ വിത്ത് മുഴുവൻ കൃഷിഭവൻ വഴി വിതരണം ചെയ്യാൻ വേണ്ട നടപടി ഉണ്ടാകണം. വിത്ത് ഈർപ്പം തട്ടാതെ സംരക്ഷിക്കുന്നതിന് വേണ്ട സൗകര്യവും വേണം. കേന്ദ്രീകൃത വിത്ത് സംഭരണ- വിതരണ കേന്ദ്രങ്ങൾ കുട്ടനാട്ടിൽ തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
കുട്ടനാടിന് കുട്ടനാട്ടിലെ വിത്തുവേണം
കുട്ടനാടിന് അനുയോജ്യമായ വിത്ത് കുട്ടനാട്ടിൽതന്നെ ഉത്പാദിപ്പിക്കണം എന്നതാണ് മറ്റൊരാവശ്യം. വേമ്പനാട്ട് കായലിനോടു ചേർന്നുകിടക്കുന്ന കായൽനിലങ്ങൾ കലർപ്പില്ലാത്ത നെൽവിത്തുകൾ ഉത്പാദിപ്പിക്കാൻ ഏറ്റവും അനുയോജ്യമാണ്. കുട്ടനാടിന്റെ ഭൂപ്രകൃതി തന്നെ തയാറാക്കുന്ന വിത്തിനങ്ങൾ കൂടുതൽ വിളവു നേടിത്തരും.
ഇപ്പോൾ കുട്ടനാട്ടിലേക്ക് വിത്ത് എത്തിക്കുന്നത് മറ്റു ജില്ലകളിൽനിന്നാണ്. കൃഷി വകുപ്പ് മുൻകൈ എടുത്ത് കായൽനിലങ്ങൾ വിത്തുൽപാദന കേന്ദ്രങ്ങളാക്കിയാൽ കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനക്ഷമതയുളള വിത്തുകൾ നല്കാൻ കഴിയും. അതിനുള്ള അടിയന്തര നടപടികളാണ് വേണ്ടത്.
Tags : local