മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന വനിത അംഗത്തിന് അയോഗ്യത. 13-ാം വാർഡിൽനിന്നു കോൺഗ്രസ് നോമിനിയായി വിജയിച്ച അമ്പിളി ടി. ജോസിനെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യയാക്കിയത്. കോൺഗ്രസിലെ തന്നെ മറ്റൊരംഗമായ പത്മകുമാർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
2023ൽ പുളിങ്കുന്ന് പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഡിസിസി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചതിനെത്തുടർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. 2020ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസിലെ ധാരണപ്രകാരം ആദ്യത്തെ രണ്ടു വർഷം അമ്പിളിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. അടുത്ത ഒരു വർഷം പത്മജ അഭിലാഷും അവസാനത്തെ രണ്ടു വർഷം നീനു ജോസഫും പ്രസിഡന്റാകുമെന്നായിരുന്നു ധാരണ.
എന്നാൽ, ആദ്യ രണ്ടുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും അമ്പിളി സ്ഥാനമൊഴിയാൻ തയാറാകാതെ വന്നതോടെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി.
അവിശ്വാസത്തിനു മുൻപുതന്നെ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് അമ്പിളിക്ക് വിപ്പു നൽകിയിരുന്നു. 2023 ജനുവരി 23ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ ഇടത് അംഗങ്ങൾക്കൊപ്പം അമ്പിളിയും അവിശ്വാസ പ്രമേയത്തിൽനിന്നു വിട്ടുനിന്നതോടെ നിയമനടപടിക്കൊരുങ്ങാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുകയായിരുന്നു.
തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. അടുത്ത ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിധിയെത്തുടർന്ന് വിലക്കുണ്ട്.
സൗത്ത് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ഇവരുടെ ഭർത്താവ് ഇതിനിടെ പാർട്ടിവിട്ടു സിപിഐയിൽ ചേർന്നതും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
Tags : local