വണ്ണപ്പുറം: കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കുമളി സ്വദേശിനിയായ 26 കാരിയാണ് പുഴയിലേയ്ക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നു കാറിലാണ് ഇവർ പാലത്തിലെത്തിയത്.
പിന്നീട് വാഹനം നിർത്തി പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഇതുവഴി വന്നയാൾ വിവരം കാളിയാർ പോലീസിൽ അറിയിച്ചു. തുടർന്ന് എസ്ഐ സജി പി. ജോണ്, എഎസ്ഐ ഷൈലജ, എസ്സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ സുജിത് ഡേവിഡ് എന്ന യുവാവും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി.
പുഴയിൽ വെള്ളം കുറവായതിനാൽ ഇവർ ഒഴുകിപ്പോയില്ല. പോലീസ് യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മുട്ടുകണ്ടത്തുള്ള കൂട്ടുകാരിക്കൊപ്പം പറഞ്ഞു വിട്ടു. കാമുകനുമായുള്ള പിണക്കമാണ് യുവതി പുഴയിലേയ്ക്ക് ചാടാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
Tags : local