തൊടുപുഴ: ഭരണപക്ഷത്തെ ഘടകകക്ഷികളുടെ എതിർപ്പിനെപോലും അവഗണിച്ച് പിഎം ശ്രീ പദ്ധതി അടിയന്തരമായി ഒപ്പിടാനുണ്ടായ സാഹചര്യം എന്താണെന്നു സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയൽസംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിന് പകരം കേരളത്തിന്റെ തനതു വിദ്യാഭ്യാസ നയത്തെയും പരന്പരാഗത വിദ്യാഭ്യാസ സന്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടുനൽകിയതിന്റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂ. ബിജെപി സർക്കാരിന്റെ കാവിവത്കരണം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു സർക്കാർ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം ബിജോയി മാത്യു , ജില്ലാ ട്രഷറർ ഷിന്റെ ജോർജ്, സജി മാത്യു, രാജിമോൻ ഗോവിന്ദ്, ജീസ് എം.അലക്സ്, ബിജു ഐസക്, ജിബിൻ ജോസഫ്, എം. തങ്കദുരൈ, വി.ആർ. രതീഷ്, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : LOCAL