ഉഴവൂർ: തിരുവചന ശ്രവണത്തിലൂടെ നിസംഗത വെടിഞ്ഞ് സ്നേഹത്തിൽ ജ്വലിക്കണമെന്ന് കോട്ടയം അതിരൂപത പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ പറഞ്ഞു. കോട്ടയം അതിരൂപത ബൈബിൾ കൺവൻഷന്റെ രണ്ടാംദിനം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ഫാ. തോമസ് ആനിമൂട്ടിൽ.
പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷം ചേരാൻ തയാറാകണം. ഫരിസേയ മനോഭാവം വെടിഞ്ഞ് കണ്ണു തുറന്ന് യാഥാർഥ്യങ്ങൾ കാണണം. ആത്മാവിന്റെ അഭിഷേകത്തിൽ നിറയാൻ കഴിയണം. ദൈവികദാനങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ വചനശ്രവണത്തിലൂടെ പരിശ്രമിക്കണം. ദൈവത്തിന്റെ കരുതലും സ്നേഹവും ഏറ്റുവാങ്ങി ജ്വലിക്കുന്ന ദീപമായി ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ഫാ. തോമസ് ആനിമൂട്ടിൽ പറഞ്ഞു. ഫാ. സൈമൺ പുല്ലാട്ട്, ഫാ. റെന്നി കട്ടേൽ എന്നിവർ സഹകാർമികരായി.
മൂന്നാംദിനമായ ഇന്ന് അഞ്ചിന് കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഫാ. തോമസ് പ്രാലേൽ, ഫാ. സാബു മാലിത്തുരുത്തേൽ എന്നിവർ സഹകാർമികരാകും. ആറിന് വചനശുശ്രൂഷയും ആരാധനയും.
വചനവിരുന്നിന്നാളെ സമാപനം
അനേകായിരങ്ങളിലേക്ക് പുത്തൻ ആത്മീയത സമ്മാനിച്ച ബൈബിൾ കൺവൻഷന് നാളെ സമാപനം. ആദ്യത്തെ രണ്ടു ദിനങ്ങളിലായി പതിനായിരങ്ങളാണ് വചനവിരുന്നിൽ പങ്കെടുത്തത്. വിശ്വാസികൾ ഒഴുകിയെത്തിയതോടെ ഒഎൽഎൽ ഹയർ സെക്കൻഡറി മൈതാനത്തെ കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞു.
സമാപനദിനമായ നാളെ അഞ്ചിന് കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ദിവ്യകാരുണ്യപ്രദക്ഷിണത്തിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം കാർമികത്വം വഹിക്കും.
Tags : local