ഏറ്റുമാനൂർ: അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ സ്വർണമാല കവർന്ന് കടന്നുകളഞ്ഞ മോഷ്ടാവിനെ ഏറ്റുമാനൂർ പോലീസ് 24 മണിക്കൂറിനകം പിടികൂടി.
അതിരമ്പുഴ പള്ളി മൈതാനം ജംഗ്ഷനിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ മലഞ്ചരക്ക് വ്യാപാരിയായ തെങ്ങുംതോട്ടത്തിൽ അപ്പച്ചന്റെ മാല കവർന്ന ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (21) ആണ് അറസ്റ്റിലായത്.
24ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് 80 വയസുകാരനായ അപ്പച്ചന്റെ കടയിലെത്തി രണ്ടര പവൻ തൂക്കം വരുന്നതും 2,50,000 രൂപയോളം വില വരുന്നതുമായ സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി പ്രതി കടന്നുകളഞ്ഞത്.
വിദേശത്തേക്ക് കൊണ്ടുപോകാൻ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാൻ എന്ന വ്യാജേനയാണ് ഇയാൾ കടയിൽ എത്തിയത്. അപ്പച്ചന്റെ വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നു പറഞ്ഞ് വിശ്വാസമാർജിച്ചാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ കേസെടുത്ത് സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയും 24 മണിക്കൂർ തികയുന്നതിന് മുമ്പേ ഹരിപ്പാട്ടുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോമി, സിവിൽ പോലീസ് ഓഫീസർമാരായ സാബു, അനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : local