മാള മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെൽട്രോണുമായി ധാരണപത്രം ഒപ്പുവച്ചു
1547086
Thursday, May 1, 2025 1:12 AM IST
മാള: മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവനന്തപുരം കെൽട്രോണുമായി ധാരണപത്രം ഒപ്പുവെച്ചു.
പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള വിവിധ കോഴ്സുകൾ നടത്തുന്നതിനായാണ് ധാരണയായത്. ഇതനുസരിച്ച് അടുത്ത മൂന്ന് വർഷം വിവിധ മേഖലകളിലെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം ഉണ്ടാകുന്നതിനും വേണ്ടിയുള്ള കോഴ്സുകൾ കോളജിൽ റെഗുലർ കോഴ്സുകളോടൊപ്പം പഠിച്ച് പാസാകുവാനുള്ള സൗകര്യം വിദ്യാർഥികൾക്ക് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും കേരള സർക്കാരിന്റെയും അംഗീകാരമുള്ള തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആണ് ഇതനുസരിച്ച് നടത്താനാകുന്നത്.
ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ തൊഴിൽക്ഷമത ഇതുമൂലം ഗണ്യമായി ഉയരുന്നതാണ്. ഈ കോഴ്സുകളോടൊപ്പം വിവിധ വ്യവസായ മേഖലകളിൽ ഇന്റേൺഷിപ്പിനുള്ള സൗകര്യവും വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്. മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനുവേണ്ടി പ്രിൻസിപ്പൽ പ്രഫ. ഡോ. ഫോൺസി ഫ്രാൻസിസും കെൽട്രോണിനു വേണ്ടി ഐടി ബിസിനസ് ഗ്രൂപ്പ് മേധാവിയും ചീഫ് ജനറല് മാനേജരുമായ കെ. ഉഷയും ധാരണാപത്രം ഒപ്പുവെച്ചു.
ധാരണപത്രം കൈമാറുന്ന ചടങ്ങിൽ കെൽട്രോൺ പ്രോഗ്രാം കോർഡിനേറ്റർമാരായ വിനയ് വർഗീസ്, നാരായണൻ സി.ജെ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ്് പ്രഫസറും അഡീഷണൽ സ്കിൽ പ്രോഗ്രാം കോർഡിനേറ്ററുമായ സി.എം. കൃഷ്ണേന്ദു എന്നിവർ പങ്കെടുത്തു.