ഇന്നു പൂരവിളംബരം
1548009
Monday, May 5, 2025 1:58 AM IST
തൃശൂർ: പൂരത്തിനു നാന്ദികുറിച്ച് വടക്കുംനാഥന്റെ തെക്കേഗോപുരനട തുറക്കാൻ രാവിലെ പത്തരയോടെ നെയ്തലക്കാവിലമ്മയെത്തും.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊന്പൻ എറണാകുളം ശിവകുമാർ തിടന്പേറ്റും. ഇന്നു രാവിലെ കുറ്റൂർ നെയ്തലക്കാവിൽനിന്നു തിടന്പേറ്റി പുറപ്പെടുന്പോൾ തട്ടകക്കാരും പൂരപ്രേമികളും ഭഗവതിയെ യാത്രയാക്കാനെത്തും.
കുറ്റൂരിൽനിന്നു പാന്പൂർ ചെന്പിശേരി മേൽപാലംവഴി വിയ്യൂർ ജംഗ്ഷനിലെത്തി പാട്ടുരായ്ക്കൽ ജംഗ്ഷനിലൂടെ തിരുവന്പാടിക്കു മുന്നിലെത്തി നായ്ക്കനാൽവഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
തുടർന്ന് പാറമേക്കാവിനു മുന്നിലൂടെ തേക്കിൻകാട് മൈതാനിയിലൂടെ ശ്രീമൂലസ്ഥാനത്തെത്തും. അവിടെ മേളംകൊട്ടിക്കലാശിച്ചശേഷം പടിഞ്ഞാറേഗോപുരം കടന്നു തെക്കേഗോപുരനടയിലെത്തി വാതിൽ തുറന്നു ശിവകുമാർ കാത്തുനിൽക്കുന്ന ഭക്തരെയും പൂരാസ്വാദകരെയും അഭിവാദ്യം ചെയ്യുന്നതോടെ പൂരവിളംബരം പൂർത്തിയാകും.
ഏഴാം തവണയാണ് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്താനെത്തുന്നത്.