സ്ഥിരമായി കൃഷി ഓഫീസർ ഇല്ല; മന്ത്രിക്കു നിവേദനം നൽകി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷിസംഘം
1547781
Sunday, May 4, 2025 6:36 AM IST
അന്നമനട: കൃഷിഭവനിൽ സ്ഥിരമായി കൃഷി ഓഫീസറെ നിയമിക്കണമെന്ന ആവശ്യവുമായി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി.
പിഎസ്സി വഴി നിയമനം ലഭിച്ച കൃഷി ഓഫീസറെ ഒരു വർഷം പൂർത്തിയാകും മുമ്പ് തന്നെ സ്ഥലം മാറ്റി. രണ്ടുവർഷം മുമ്പ് കൃഷി ഓഫീസർ ഇല്ലാതായിരുന്നിട്ട് വിവിധ തലങ്ങളിലും മന്ത്രിതലത്തിലും പരാതിപ്പെട്ടതിന് ശേഷം ലഭിച്ച കൃഷി ഓഫീസറെയാണ് അദ്ദേഹം ആവശ്യപ്പെടാതെ കുറച്ചു നാളുകൾക്ക് മുമ്പ് സ്ഥലം മാറ്റിയത്. കർഷകരെ മനപുർവം ദ്രോഹിക്കുന്ന നിലപാടാണ് കൃഷിവകുപ്പ് സ്വീകരിക്കുന്നതെന്നും സംഘം ഭാരവാഹികൾ കുറ്റപ്പെടുത്തി. 18 വാർഡുകളിലായി 2000 ഏക്കറിലധികം നെൽകൃഷി, നേന്ത്രവാഴ കൃഷി, ജാതി, തെങ്ങ്, അടയ്ക്കാമരം, പച്ചക്കറി തുടങ്ങിയ എല്ലാ വിധ കൃഷികളും ഉള്ള പഞ്ചായത്താണ് അന്നമനട.
വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ എം എൽ എ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൻ്റെ സ്ഥിതി ഇതാണെന്നും ഭാരവാഹികൾ പറഞ്ഞു. താൽക്കാലിക നിയമനവും സമീപ പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർക്ക് അധികച്ചുമതല നൽകിയും മുന്നാേട്ടു പോകുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
പഴയകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൃഷി ഭവൻ മുഖേന വിപുലമായ പ്രവർത്തനങ്ങളും കർഷക സൗഹൃദ പദ്ധതികളുമായി നീങ്ങുമ്പോൾ മുഴുവൻ സമയത്തേക്ക് കൃഷി ഓഫീസറെ നിയമിച്ചാൽ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുവെന്നാണ് കർഷകർ പറയുന്നത്. കാർഷിക പഞ്ചായത്തായ അന്നമനടയിൽ കർഷകരുടെ ആവശ്യങ്ങളിൽ സമയോചിതമായി ഇടപെടാനും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കി കിട്ടാനും സ്ഥിരം കൃഷി ഓഫീസറെ നിയമിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.