പൂരച്ചടങ്ങിലേതുപോലെ മേളപ്രമാണിമാർക്കു നേരിൽ കാണാനായില്ല
1547810
Sunday, May 4, 2025 6:48 AM IST
തൃശൂർ: മേളം കൂട്ടായ്മയാണ്, അതുണ്ടെങ്കിൽ പൂരം കേമമാകുമെന്നു പാറമേക്കാവ്, തിരുവന്പാടി മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരും ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരും. തൃശൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
അവിചാരിതമെങ്കിലും മേളപ്രമാണിമാർ മുഖാമുഖത്തിനെത്തി മടങ്ങിയതു പൂരച്ചടങ്ങ് ഓർമിപ്പിക്കുംവിധത്തിലാണ്. പൂരത്തിന് ഇലഞ്ഞിച്ചോട്ടിൽ മേളം കലാശിച്ച് ഗോപുരത്തിനുള്ളിലൂടെ ആദ്യം പാറമേക്കാവ് തെക്കോട്ടിറങ്ങും. അതിനുശേഷമാണ് ശ്രീമൂലസ്ഥാനത്തു മേളം കലാശിച്ച് തിരുവന്പാടി തെക്കോട്ടിറങ്ങുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ചേരാനെല്ലൂർ എത്താൻ വൈകിയതോടെ ഈ ചടങ്ങ് മുഖാമുഖത്തിലും ദൃശ്യമായി.
ആദ്യമെത്തിയ പാറമേക്കാവ് മേളപ്രമാണിയായ കിഴക്കൂട്ട് അനിയൻമാരാരുടെ മുഖാമുഖം നടത്തി പ്രസ് ക്ലബ് അധികൃതർ അദ്ദേഹത്തെ യാത്രയാക്കി. മുക്കാൽ മണിക്കൂറിനുശേഷമെത്തിയ തിരുവന്പാടി മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാർ മുഖാമുഖത്തിൽ പങ്കെടുത്തു പുറത്തേക്കിറങ്ങി. മേളം കഴിഞ്ഞു പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങുന്നതുപോലെ പരസ്പരം കാണാതെയാണ് രണ്ടു പ്രമാണിമാരും വന്നുപോയത്.
ഒരേസമയത്തല്ല പരിപാടിയിൽ പങ്കെടുത്തതെങ്കിലും ഇരുവരും പ്രകടിപ്പിച്ചതു പരസ്പരസ്നേഹവും മേളം വിജയിക്കാൻ കൂട്ടായ്മയും സഹകരണവും ആവശ്യമാണെന്നുമാണ്.
തിരുവന്പാടി മേളപ്രമാണിയായിരുന്ന അനിയൻമാരാർ ഇലഞ്ഞിത്തറയിൽ മൂന്നാമത്തെ വർഷമാണ് പാറമേക്കാവ് മേളത്തിനു പ്രമാണിയാകുന്നത്. അനിയൻമാരാരുടെ അഭാവത്തിലാണ് അന്നു രണ്ടാമനായിരുന്ന ചേരാനെല്ലൂർ ശങ്കരൻകുട്ടി തിരുവന്പാടി മേളപ്രമാണിയായത്.