തൃപ്രയാർ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
1547800
Sunday, May 4, 2025 6:48 AM IST
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ശുദ്ധിയും സർപ്പബലിയും നടന്നു. ഇന്നു രാവിലെ കാഴ്ചശീവേലിക്കുശേഷം ദ്രവ്യകലശാഭിഷേകം നടന്നു. 108 നിറച്ച കലശങ്ങൾക്കൊണ്ട് ഭഗവാന് അഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.
കാഴ്ചശീവേലിക്ക് കൊമ്പൻ എറണാകുളം ശിവകുമാർ തിടമ്പേറ്റി. മേളത്തിന് തൃപ്രയാർ അനിയൻമാരാർ പ്രമാണം വഹിച്ചു. വൈകീട്ട് ദീപാരാധനയ്ക്ക് പഞ്ചവാദ്യവും ഉണ്ടായിരുന്നു. തൃപ്രയാർ രമേശൻമാരാർ പ്രാമാണികനായി. പ്രതിഷ്ഠാദിനത്തിന് ക്ഷേത്രത്തിലെത്തിചേർന്ന എല്ലാവർക്കും പ്രതിഷ്ഠാദിന സദ്യയും ഉണ്ടായിരുന്നു. 2000 പേരോളം പങ്കെടുത്തു.