പൂരപ്പന്തലുകൾ മിഴിതുറന്നു
1548011
Monday, May 5, 2025 1:58 AM IST
തൃശൂർ: ആകാശംമുട്ടുന്ന പ്രകാശഗോപുരങ്ങളായി നടുവിലാലിലും നായ്ക്കനാലിലും മണികണ്ഠനാലിലും പൂരപ്പന്തലുകൾ റെഡി. സാന്പിൾ വെടിക്കെട്ടിനു തൊട്ടുമുന്പാണു മൂന്നു പന്തലുകളിലും ലൈറ്റുകൾ ഓണ്‍ ചെയ്തത്.
എടപ്പാൾ സ്വദേശി നാദം ബൈജുവിന്റെ നേതൃത്വത്തിലാണു പാറമേക്കാവിന്റെ പന്തൽ നിർമിച്ചത്. മണികണ്ഠനാലിൽ ഒരുക്കിയ പന്തലിൽ ലൈറ്റുകൾക്കു പുറമേ ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടതും കൗതുകമായി. പാറമേക്കാവിനായി അഞ്ചാം തവണയാണു ബൈജു പന്തൽ നിർമിച്ചത്.
ചെറുതുരുത്തി സ്വദേശി സെയ്തലവിയാണ് തിരുവന്പാടിയുടെ നടുവിലാൽ പന്തൽ നിർമിച്ചത്. പൂരത്തിനായി പതിനാറാം വർഷമാണ് സെയ്തലവിയും സംഘവും പന്തൽ ഉയർത്തിയത്. 24 കാലുകളിലായി 110 അടിയോളം ഉയരത്തിൽ ഗോപുരമാതൃകയിൽ നിർമിച്ചിരിക്കുന്ന പന്തലിൽ നിറയെ ഡിജിറ്റൽ ലൈറ്റുകളാണ്.
തിരുവന്പാടിയുടെ നായ്ക്കനാൽ പന്തൽ നിർമാണത്തിന് ഈ വർഷവും ചേറൂർ സ്വദേശി പള്ളത്ത് മണികണ്ഠനാണു നേതൃത്വം നൽകിയത്. ബഹുനിലപ്പന്തൽ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് ഒരുക്കിയത്. പൂരപ്പന്തൽപണിയിൽ മണികണ്ഠനിത് ആറാം വർഷമാണ്. ക്ഷേത്രമാതൃകയിൽ നാലുനിലകളിലായാണ് പന്തൽ.