പോലീസ് സേനയില്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി ആര്. ബിന്ദു
1548005
Monday, May 5, 2025 1:58 AM IST
ഇരിങ്ങാലക്കുട: പോലീസ് സേനയില്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ പെരുമാറ്റം മുണ്ടാകണമെന്നും തൊഴില്‍ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് ഏസോസിയേഷന്‍ (കെപിഒഎ) തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രമസമാധാന ചുമതലയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു തന്നെ മാതൃകയാണ്. പരിശീലനത്തിന്റെ ഭാഗമായി ആത്മസമയമനം ശീലമാക്കിയവരാണ് പോലീസ് സേനാംഗങ്ങള്‍ എങ്കിലും വര്‍ധിച്ചുവരുന്ന ഡ്യൂട്ടി ഭാരവും തൊഴില്‍ സമ്മര്‍ദവും പലപ്പോഴും ആത്മ സംയമനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
അഭിമാനകരമായ പല നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കുമ്പോഴും പോലീസ് സേനയ്ക്കുള്ളില്‍ ആത്മഹത്യകള്‍ വളരെ വിഷമം ഉളവാക്കുന്നതാണെന്നും പോലീസ് ഉദ്യോഗസ്ഥരുടെ വെല്‍ഫയര്‍ ഉറപ്പുവരുത്തി ഡ്യൂട്ടിക്കിടയില്‍ പരസ്പരം ബഹുമാനം നിലനിര്‍ത്തണമെന്നും. തൊഴില്‍ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കെപിഒഎ ജില്ലാ പ്രസിഡന്റ് കെ.ഐ. മാര്ട്ടിന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ആര്. ബിജു, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഷാജി, സിറ്റി സെക്രട്ടറിമാരായ ബിനു ഡേവിസ്, മധുസൂദനന്, റൂറല്‍ സെക്രട്ടറി എം.എല്‍. വിജോഷ്, സംസ്ഥാന നിര്‍വാഹ സമിതി അംഗം ടി.ആര്. ബാബു, പെന്‍ഷണേഴ്സ് സഹകരണ ജില്ലാ പ്രസിഡന്റ്് പി.എ. പാര്ത്ഥന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി.ആര്. ബിജു സംഘടനാ റിപ്പോര്‍ട്ടും കെ.പി. രാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.കെ. ജിജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യുഎന്‍ സന്തോഷ് പ്രമേയങ്ങളും അവതരിപ്പിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.യു. സില്‍ജോ സ്വാഗതവും ചെയര്മാന് സി.എസ്. ഷെല്ലിമോന്‍ നന്ദിയും പറഞ്ഞു.