സമരത്തിന്റെ പേരിൽ പൂട്ടിപ്പോയ ഫാക്ടറിയിലെ തൊഴിലാളികൾ നഷ്ടസ്വപ്നങ്ങളുമായി മേയ് ദിനത്തിൽ ഒത്തുചേർന്നു
1547806
Sunday, May 4, 2025 6:48 AM IST
ചാലക്കുടി: തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ പൂട്ടിപ്പോയ ഫാക്ടറിയിലെ തൊഴിലാളികൾ കാൽ നൂറ്റാണ്ടിനുശേഷം മേയ് ദിനത്തിൽ നഷ്ട സ്വപ്നങ്ങളുമായി ഒത്തുചേർന്നു.
നിരവധി തൊഴിലാളികൾക്ക് അത്താണിയായിരുന്ന ചാലകുടിയിലെ ആദ്യകാലത്തെ ഫാക്ടറിയായിരുന്ന ടാപ്പിയോക്ക പ്രോഡക്ട്സിലെ തൊഴിലാളികളാണ് തൊഴിലാളി ദിനത്തിൽ ഒത്തുചേർന്നത്. 1953 ഫെബ്രുവരി 12ന് പനമ്പിള്ളി ഗോവിന്ദമേനോനാണ് കമ്പനി ഉദ്ഘാനം ചെയ്തത്. അനന്തൻ നായരാണ് കമ്പനി ഉടമ. 26 പേരാണ് അന്ന് തൊഴിലാളികൾ. 1959ൽ പാല കച്ചാലക്കകം ഗ്രൂപ്പ് കമ്പനി ഏറ്റെടുത്തു. 1965ലാണ് ഗുജറാത്തിലെ സയജി കമ്പനി ഏറ്റെടുത്തത്. 340 പേർ വരെ ഇവിടെ ജോലി ചെയ്തിരുന്നു. ഗ്ലൂക്കോസാണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്.
കേരളത്തിൽ സുലഭമായ പച്ചക്കപ്പയിൽ നിന്നാണ് 1972 വരെ ഗ്ലൂക്കോസ് ഉല്പാദിപ്പിച്ചിരുന്നത്. പച്ചക്കപ്പ കിട്ടാതായതോടെ ഉണക്ക കപ്പയിൽ നിന്നായി ഉല്പാദനം. തുടർന്ന് ചോളത്തിൽ നിന്നായി ഗ്ലൂക്കോസ് ഉല്പാദനം. മഹാരാഷ്ടയിൽ നിന്നും ചോളം കൊണ്ടുവന്നാണ് ഗ്ലൂക്കോസ് ഉല്പാദിപ്പിച്ചത്.
ഗ്ലൂക്കോസ് നിർമിക്കുന്ന മറ്റ് കമ്പനികളുമായി മത്സരം വന്നതോടെ കമ്പനി നഷ്ടത്തിലേക്ക് നീങ്ങി. ഈ സമയത്താണ് തൊഴിലാളി യൂണിയനുകൾ ശമ്പള വർധനവ് ആവശ്യപ്പെട്ടത്. ഇതോടെ കമ്പനി മുന്നോട്ടു പോകനാവാത്ത അവസ്ഥയിലായി. സ്വയം പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് ഇരട്ടി ഗ്രാറ്റ്വിറ്റി വാഗ്ദാനം ചെയ്തു. 84 പേർ ഒഴികെ ഇത് അംഗികരിച്ച് പിരിഞ്ഞുപോയി. 2000-ൽ കമ്പനി അടച്ചുപൂട്ടി.
കാൽ നൂറ്റാണ്ടിനുശേഷം കമ്പനിയിലെ തൊഴിലാളികൾ ചാലക്കുടി റസ്റ്റ് ഹൗസിൽ ഒത്ത് ചേർന്നു. പഴയകാലസ്മരണകൾ അയവിറക്കി. കമ്പനി ആദ്യകാലജീവനക്കാരായ എം. ഫിലോമിന, കെ.വി. അന്നം, സി.എം. പരമേശ്വരൻ നമ്പൂതിരി, കെ. ശിവരാമൻ, എ. ആർ. ഡേവീസ് ആലപ്പാട്ട്, സുധാകരൻ കമ്മത്ത്, എം. വിശ്വനാഥൻ, പി.ഡി.നാരായണൻ എന്നിവരെ ആദരിച്ചു. എ.ഡി. ഡേവീസ്, പി.സി. ജോണി, പി.പി. നാരായണൻ പോറ്റി, വി.കെ. മുകുന്ദൻ, സി.എം. സുരേന്ദ്രൻ, നോബിൾ തോമസ്, വി.ഡി. വർഗീസ്, എം.യു. പോളി, എൻ.പി. ശിവൻ എന്നിവർ പ്രസംഗിച്ചു.