ചരിത്രത്തിലെ തീവണ്ടിപ്പാതകളിലുമുണ്ട് ഏറെ പൂരക്കഥകൾ
1547812
Sunday, May 4, 2025 6:48 AM IST
തൃശൂർ: തൃശൂർ പൂരവും റെയിൽവേയുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബന്ധമുണ്ടെന്നു നിസംശയം പറയാം. ചരിത്രത്തിലെ തീവണ്ടിപ്പാതകളിലുണ്ട് പൂരക്കഥകൾ. 1903ൽ തുടങ്ങുന്നു പൂരത്തീവണ്ടികളുടെ ചൂളംവിളികൾ.
1902ലെ തൃശൂർ പൂരത്തിനുശേഷമാണ് ഷൊർണൂർ - എറണാകുളം മീറ്റർഗേജ് തീവണ്ടിപ്പാത പ്രവർത്തനം തുടങ്ങിയത്. പതിവായുള്ള രണ്ടു തീവണ്ടികൾക്കുപുറമെ രണ്ടു പ്രത്യേക വണ്ടികൾ ഓടിച്ചിട്ടും 1903 മേയ് 16നു നടന്ന പൂരത്തിനുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. തിരുവിതാംകൂറിൽനിന്നും ബ്രിട്ടീഷ് മലബാറിൽനിന്നും പൂരം കാണാൻ അന്നു ധാരാളം പേരെത്തിയത്രെ. എറണാകുളത്തുനിന്നും ചെറുവണ്ണൂരിൽനിന്നും രണ്ടു പ്രത്യേക തീവണ്ടികളുണ്ടായിട്ടും പലർക്കും കയറാൻ സാധിക്കാതെ വാങ്ങിയ ടിക്കറ്റുംകൊണ്ട് ഒരുപാടുപേർക്കു തിരിച്ചുപോകേണ്ടിവന്നു.
പലരും അധിക കൂലി കൊടുത്ത് കാളവണ്ടിയിലും കുതിരവണ്ടിയിലുമാണ് പിന്നെ പൂരം കാണാനെത്തിയത്. അതായത് തൃശൂർവഴി തീവണ്ടിഗതാഗതം ആരംഭിച്ച ആദ്യവർഷം മുതൽതന്നെ റെയിൽവേയും പൂരവും തമ്മിലുള്ള ബന്ധം ആരംഭിച്ചു. 1929, 1930 വർഷങ്ങളിൽ സൗത്ത് ഇന്ത്യൻ റെയിൽവേ പൂരത്തിനു തീവണ്ടിമാർഗം യാത്രചെയ്യാൻ ജനങ്ങളെ ക്ഷണിച്ചുകൊണ്ടു നൽകിയ പരസ്യങ്ങളാണ് കൗതുകമുണർത്തുന്ന മറ്റൊന്ന്.
റോഡുമാർഗമുള്ള യാത്ര അന്നു ദുഷ്കരവും ഏറെ സമയമെടുക്കുന്നതുമായതിനാൽ താരതമ്യേന വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ തീവണ്ടിയാത്ര ജനങ്ങളെ ആകർഷിച്ചിരുന്നതായി പറയുന്നു. പൂരം കാണാൻ വേഗത്തിൽ എത്താമെന്നതും പൂരക്കാലത്തു ട്രെയിൻ യാത്രയ്ക്ക് പ്രിയമേറ്റിയിരുന്നു.