ആനപ്പുറത്തു വിരിയും ചാത്തനാത്തെ കരവിരുത്
1547407
Saturday, May 3, 2025 1:53 AM IST
തൃശൂർ: പൂരച്ചന്തത്തിനു പത്തരമാറ്റ് അഴകേകാൻ ഇത്തവണയും ചാത്തനാത്തെ കരവിരുതിൽ ആനപ്പുറമേറുക വെൺമേഘവിശറിയും മയിൽപ്പീലിക്കണ്ണും. ആനച്ചൂരുതട്ടാത്ത പതിനഞ്ചു ജോഡിവീതം വെഞ്ചാമരവും ആലവട്ടവുമാണ് ഒരുങ്ങുന്നത്. പാറമേക്കാവ് വിഭാഗത്തിനു കുറ്റുമുക്ക് ചാത്തനാത്ത് പ്രഫ. മുരളീധരനും തിരുവന്പാടിക്കുവേണ്ടി കണിമംഗലം ചാത്തനാത്ത് സുജിത്തുമാണ് പൂരത്തിന് അഴകിന്റെ പൂമരം വിടർത്തുന്നത്.
ഇരുവരും പരന്പരാഗതമായി കൈമാറിക്കിട്ടിയ കലാവൈഭവം അനുഷ്ഠാനമെന്നോണം തുടരുകയാണ്. മുരളീധരന്റെ അച്ഛൻ ബാലകൃഷ്ണൻനായരുടെ പെങ്ങളുടെ മകനാണു സുജിത്ത്. നാലുവർഷംമുന്പ് സുജിത്തിന്റെ അച്ഛൻ കടവത്ത് ചന്ദ്രന്റെ വിയോഗത്തെതുടർന്നാണു സുജിത്തിനു വെഞ്ചാമരനിർമാണത്തിനുള്ള നിയോഗം വന്നുചേർന്നത്. കുറുമാലിക്കാവ് ക്ഷേത്രത്തിൽ കൗണ്ടർ അസിസ്റ്റന്റാണ് സുജിത്ത്. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു വിരമിച്ച കോമേഴ്സ് അധ്യാപകനായ മുരളീധരൻ പത്തുവയസുമുതലേ അച്ഛനോടൊപ്പം വെഞ്ചാമരനിർമാണത്തിൽ പരിചിതനാണ്. ഇരുവരുടെയും വീട്ടിലും പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിലും തിരുവന്പാടി ക്ഷേത്രത്തിനുമുന്പിലെ ദേവസ്വം കെട്ടിടത്തിലുമായാണു നിർമാണം നടത്തിയത്.
ആനപ്പുറമേറും ചമരിമാനഴക്
മഞ്ഞുപ്രദേശങ്ങളിൽ കാണുന്ന യാക്കിന്റെ (ചമരിമാൻ) വാലിലെ രോമംകൊണ്ടാണു വെഞ്ചാമരം നിർമിക്കുന്നത്. പൂരത്തിനുള്ള വെഞ്ചാമരങ്ങളുണ്ടാക്കാൻ 90 കിലോവരെ വാൽരോമങ്ങൾ ആവശ്യമുണ്ട്. ഒരുകിലോ രോമത്തിന് 25,000 രൂപയാണു വില. ലക്ഷങ്ങൾ മുടക്കിയാണു ഇതു കേരളത്തിൽ എത്തിക്കുന്നത്. ഒരു ജോഡി വെഞ്ചാമരത്തിൽ ആറു കിലോവരെ ഉപയോഗിക്കും.
യാക്കിന്റെ രോമം ചീകിയെടുത്ത് 12 കൈനീളത്തിൽ ചരടിൽ മെടഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുക. ഒരറ്റം ജനൽക്കന്പിയിൽ കെട്ടി മറുഭാഗം അരയിലും ബന്ധിപ്പിച്ചാണ് മെടയുക. ഇതുമാത്രം നാലുദിവസത്തെ പണിയുണ്ട്. തുടർന്നു ചാമരക്കതിരിൽ (പ്രത്യേക രീതിയിൽ കടഞ്ഞ മരക്കുറ്റി) ചുറ്റിക്കെട്ടിയെടുക്കും.
ആദ്യകാലത്തു തേക്കിൻതടി ഉപയോഗിച്ചിരുന്നെങ്കിലും ഭാരം കുറയ്ക്കാൻ പാലമരമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു സ്റ്റീൽ, ഗോൾഡ് പൂശിയ പിടികളുമുണ്ടാകും.
പീലിക്കണ്ണെഴുതി
ആലവട്ടമിഴികൾ
വാലിട്ടെഴുതിയ പീലിക്കടക്കണ്ണഴകായി പാറമേക്കാവ്, തിരുവന്പാടി ആലവട്ടങ്ങൾ. ചൂരൽപ്പൊളി മാതൃകയിൽ സ്വർണആലവട്ടമാണ് പാറമേക്കാവിന്റെ തിടന്പാനപ്പുറത്തു വിരിയുക.
രണ്ടു കൂട്ടാനകൾക്കു നാഗപടത്തിന്റെ വെള്ളി ആലവട്ടങ്ങൾ. ബാക്കിയുള്ളവയ്ക്കു വെള്ളിച്ചിൽ ആലവട്ടങ്ങളും മിഴിവേകും. പഴമയിൽ പുതുമയുടെ നിറങ്ങൾ തുന്നിച്ചേർത്തതാണു തിരുവന്പാടിയുടെ ആലവട്ടക്കാഴ്ചകൾ. തിടന്പാനയ്ക്കും രണ്ടു കൂട്ടാനകൾക്കും നിറച്ചാർത്തുകൾ സമൃദ്ധിയാണ്.
മയിൽപ്പീലിയുടെ തണ്ട് ചീകിയെടുത്ത് വളച്ചും ചുഴറ്റിയുമാണ് വിവിധ ഡിസൈനുകൾ ഉണ്ടാക്കുന്നത്.