ഇന്നു കാഴ്ചകളുടെ പൂരം
1547815
Sunday, May 4, 2025 6:48 AM IST
തൃശൂർ: ഇന്നു രാവിലെ തൃശൂരെത്തിയാൽപിന്നെ രാത്രി വൈകിമാത്രമേ ഈ നഗരം വിട്ടുപോകാനാകൂ... ഇന്നു കാഴ്ചകളുടെ പൂരമാണ് ശിവപുരിയിൽ.
ഇന്നാണ് സാന്പിൾ, ഇന്നാണ് ചമയപ്പുരകൾ തുറക്കുക, ഇന്നാണ് പന്തലുകൾ വർണവെളിച്ചം പൊഴിച്ച് പ്രകാശഗോപുരങ്ങളാവുക...
ഇന്നു രാവിലെതന്നെ തിരുവന്പാടിയുടെയും പാറമേക്കാവിന്റെയും ചമയപ്പുരകൾ തുറക്കും. അകത്ത് ആനച്ചൂരും ആനച്ചൂടും തട്ടാത്ത നെറ്റിപ്പട്ടങ്ങളുണ്ട്, ആകാശംകാണാത്ത പീലിക്കണ്ണുകളോടെയുള്ള ആലവട്ടങ്ങളുണ്ട്, പൂത്തുലയാൻ കാത്തിരിക്കുന്ന വെഞ്ചാമരങ്ങളുണ്ട്, മാനത്തേക്കുയരാൻ വെന്പുന്ന വർണക്കുടകളുണ്ട്... പിന്നെ, രഹസ്യമായി പണികഴിപ്പിച്ച വിസ്മയിപ്പിക്കുന്ന സ്പെഷൽ കുടകളും....
തിരുവന്പാടിയുടെ ആനച്ചമയങ്ങൾ ഷൊർണൂർ റോഡിലുള്ള കൗസ്തുഭം ഓഡിറ്റോറിയത്തിലാണ്. പാറമേക്കാവിന്റേത് അഗ്രശാലയിലും.
ഇന്നും നാളെയും ചമയപ്രദർശനം തുടരും. രണ്ടുദിവസങ്ങളായി നടത്തിയിട്ടുപോലും ചമയക്കാഴ്ചകൾ കാണുന്നതിൽ തിരക്കൊട്ടും കുറവില്ല. കൊടിയേറ്റംമുതൽ ചമയപ്രദർശനം നടത്തിയാലും ഇതേ തിരക്കുണ്ടാകുമെന്നു കാഴ്ചക്കാർ പറയുന്നു.
രാവിലെ ചമയക്കാഴ്ചകൾ കണ്ട് പൂരപ്പറന്പിലൊന്ന് ചുറ്റിക്കറങ്ങി നേരേ എക്സിബിഷനു കയറിയാൽ സമയം വന്ദേഭാരത് പോലെ കുതിച്ചുപായും. പിന്നെ പ്രദർശനനഗരിക്കു പുറത്തിറങ്ങുന്പോഴേക്കും നഗരം സാന്പിളിന് ഒരുങ്ങിക്കഴിഞ്ഞിരിക്കും. തൃശൂർ നഗരത്തിലേക്കുള്ള എല്ലാ വഴികളിലൂടെയും അപ്പോൾ വെടിക്കെട്ടുകന്പക്കാർ വന്നെത്തിക്കൊണ്ടിരിക്കും - ആകാശപ്പൂരം കാണാൻ...
ഇത്തവണ തിരുവന്പാടിയാണ് വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. ഓലപ്പടക്കവും ഗുണ്ടും അമിട്ടുമെല്ലാംചേർത്തുള്ള കിടുക്കാച്ചി സാന്പിളാകുമെന്നു രണ്ടുകൂട്ടരുടെയും വെടിക്കെട്ടൊരുക്കുന്നവർ ഉറപ്പുപറയുന്നു.
മുൻവർഷങ്ങളെക്കാൾ കൂടുതൽപേർക്ക് ഇത്തവണ സ്വരാജ് റൗണ്ടിൽ നിന്ന് സാന്പിൾ കാണാമെന്ന അധികാരികളുടെ വാക്കുവിശ്വസിച്ച് ഇത്തവണ വൻതിരക്കായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
തിരുവന്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ടൊരുക്കുന്നത്.
സാന്പിൾ വെടിക്കെട്ട് തുടങ്ങുംമുൻപേ തന്നെ റൗണ്ടിലെ മൂന്നു പ്രകാശഗോപുരങ്ങളും കണ്തുറക്കും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവന്പാടിക്കാർ നടുവിലാലിലും നായ്ക്കനാലിലും ഉയർത്തിയിട്ടുള്ള നിലപ്പന്തലുകളുടെ പണികൾ അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയാകുന്പോഴേക്കും പണികളെല്ലാം 99 ശതമാനവും കഴിയും. സന്ധ്യയ്ക്കു നഗരത്തിൽ സാന്പിൾ കാണാൻ ജനക്കൂട്ടം തിങ്ങിനിറയുന്പോൾ പന്തലുകളിൽ ലൈറ്റിടും. ഓരോ പന്തലും ചുറ്റും നടന്നുകണ്ട്, കണ്ണുകൾകൊണ്ട് ഉയരങ്ങൾ അളന്ന് പന്തലിലെ ഡിസൈനുകൾ പഠിച്ച് ഓരോ പന്തലിനും പൂരക്കന്പക്കാർ മാർക്കിടും.
അതും കണ്ട് റൗണ്ട് ചുറ്റി സാന്പിൾ വെടിക്കെട്ടിന്റെ ശബ്ദം ഹൃദയത്തിലേറ്റുവാങ്ങി ചമയങ്ങളുടെ സ്വർണവർണങ്ങളിൽ മനംമയങ്ങി നഗരം വിടുന്പോൾ ഒരു സമയമായിട്ടുണ്ടാകും....