നീറ്റ് പരീക്ഷയ്ക്ക് ഐഡികാർഡ് എടുക്കാൻ മറന്ന വിദ്യാർഥിനിക്ക് തുണയായി വനിതാ പോലീസ്
1547999
Monday, May 5, 2025 1:58 AM IST
ചാലക്കുടി: നീറ്റ് എക്സാമിന് ഐഡി കാർഡ് എടുക്കാൻ മറന്ന വിദ്യാർഥിനിക്ക് തുണയായി വനിതാ പോലീസ്.
ചാലക്കുടി പനമ്പിള്ളി കോളജിൽ നടന്ന നീറ്റ് എക്സാം അറ്റൻഡ് ചെയ്യാൻ വന്ന മുരിങ്ങൂർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ഐഡി കാർഡ് എടുക്കാൻ മറന്നത്. അപ്പാപ്പന്റെ കൂടെ കോളജിൽ വന്ന വിദ്യാർഥിനിയെ കോളജിൽ ആക്കി അപ്പാപ്പൻ തിരിച്ചു പോയിരുന്നു. എക്സാം ഹാളിലേക്ക് ചെന്നപ്പോൾ ആണ് ഒറിജിനൽ ഐഡി കാർഡും ഫോട്ടോയും എടുത്തിട്ടില്ല എന്നറിയുന്നത്. അപ്പോൾ തന്നെ അപ്പാപ്പനെ വിളിച്ചെങ്കിലും ഫോൺ വീട്ടിൽ ആയിരുന്നത് കൊണ്ട് കിട്ടിയില്ല.
കുട്ടിയുടെ അച്ഛനും അമ്മയും വിദേശത്താണ് ജോലി ചെയ്യുന്നത്. വിഷമിച്ചു നിൽക്കുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം പറയുന്നത്. അപ്പോഴേക്കും സമയം 12.30 കഴിഞ്ഞിരുന്നു. വീട് മുരിങ്ങൂർ ആണെന്ന് പറഞ്ഞപ്പോൾ എന്നാൽ നമുക്ക് പോയി എടുത്ത് കൊണ്ട് വരാം എന്ന് പറഞ്ഞ് വെള്ളികുളങ്ങര സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ പി.എം ഷൈല ഉടൻ തന്നെ സ്വന്തം സ്കൂട്ടർ എടുത്ത് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ അനുവാദത്തോടെ കുട്ടിയേയും കൂട്ടി വിദ്യാർഥിനിയുടെ വീട്ടിൽ എത്തി ഡോക്യുമെന്റ്സ് എടുത്ത് തിരികെ 1.30 ന് മുമ്പ് കോളജിൽ എത്തിച്ചു.
എക്സാം അറ്റൻഡ് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിൽ നന്ദി പറഞ്ഞു കൊണ്ടാണ് വിദ്യാർഥിനി പരീക്ഷ ഹാളിലേക്ക് കയറിയത്.