പാവറട്ടി തീർഥകേന്ദ്രത്തിൽ തിരുനാളിനു കൊടികയറി
1547420
Saturday, May 3, 2025 1:54 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 149-ാം മാധ്യസ്ഥ തിരുനാളിനു കൊടികയറി. തീർഥകേന്ദ്രം റെക്ടർ റവ.ഡോ. ആന്റണി ചെമ്പകശേരിയാണ് കൊടിയേറ്റുകർമം നിർവഹിച്ചത്. ഫാ. ഗോഡ്വിൻ കിഴക്കൂടൻ, ഫാ. ലിവിൻ കുരുതുകുളങ്ങര എന്നിവർ തിരുക്കർമങ്ങൾക്കു സഹകാർമികരായി.
പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിൽ രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയെതുടർന്ന് നിരവധി വിശ്വാസികളെ സാക്ഷിയാക്കി വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത ശുഭ്രപതാക വാനിലേക്കുയർന്നതോടെ തിരുനാളിന്റെ വരവറിയിച്ച് വർണബലൂണുകൾ വാനിലേക്കുയർന്നു. കതിനാവെടികൾ മുഴങ്ങി. തുടർന്നു വാദ്യമേളങ്ങളോടെ പ്രദക്ഷിണമായി തീർഥകേന്ദ്രത്തിലെത്തി നൊവേന, ലദീഞ്ഞ്, ദിവ്യകാരുണ്യ ആശീർവാദം എന്നിവ നടന്നു.
മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, ട്രസ്റ്റിമാരായ കെ.ജെ. വിൻസെന്റ്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ, കുടുംബകൂട്ടായ്മ ഏകോപനസമിതി കൺവീനർ സേവിയർ അറയ്ക്കൽ, പ്രതിനിധിയോഗം സെക്രട്ടറി ജോബി ഡേവിഡ്, പിആർഒ റാഫി നീലങ്കാവിൽ, ഭക്തസംഘടന ഏകോപനസമിതി കൺവീനർ സി.വി. സേവിയർ, വിവിധ കമ്മിറ്റി കൺവീനർമാരായ സുബിരാജ് തോമസ്, വി.എൽ. ഷാജി, ജോൺ ഒ. പുലിക്കോട്ടിൽ എന്നിവർ ആഘോഷ ചടങ്ങുകൾക്കു നേതൃത്വം നൽകി.
മേയ് ഒന്പത്,10,11 തീയതികളിലാണ് മധ്യകേരളത്തിലെ ഏറെ പ്രസിദ്ധമായ പാവറട്ടി തിരുനാൾ.