വനാതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള 11 കെവി ലൈന്‍ കേബിള്‍ ലൈനാക്കി മാറ്റണമെന്ന ആവശ്യം വനരോദനമായി
1548004
Monday, May 5, 2025 1:58 AM IST
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളായ ചൊക്കന, നായാട്ടുകുണ്ട് എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് നിലവിലുള്ള 11 കെവി ലൈന്‍ എച്ച്ടി ലൈന്‍ എബിസി ലൈന്‍ (കേബിള്‍ ലൈന്‍) ആക്കി മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം എങ്ങുമെത്തിയില്ല. വൈദ്യുതി മന്ത്രിക്കടക്കം നിവേദനം നല്‍കിയിട്ടും ഇതിനുള്ള നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
വെള്ളിക്കുളങ്ങര സബ് സ്റ്റേഷനില്‍ നിന്ന് ഏകദേശം 10 കിലോമീറ്ററിലധികം വനത്തിലൂടെ വലിച്ചിട്ടുള്ള 11 കെവി ലൈനിലൂടെയാണ് നാട്ടുകുണ്ടിലേക്കും ചൊക്കനയിലേക്കും വൈദ്യുതി എത്തുന്നത്. കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞ് ലൈനിലേക്ക് വീഴുന്നതു മൂലം പലപ്പോഴും ഇരുട്ടില്‍ കഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍.
ശാസ്താംപൂവം , കാരിക്കടവ് ആദിവാസി ഉന്നതികളിലേക്കും ഇതേ ലൈനില്കൂടിയാണ് വൈദ്യുതിയെത്തുന്നത്. കാറ്റില്‍ മരങ്ങള്‍ വീഴുന്നതിനു കാട്ടാനകള്‍ നിരന്തരം റബ്ബര്‍ മരങ്ങള്‍ തള്ളി മറിച്ചിടുന്നതും വൈദ്യുതി തകരാരിനു കാരണമാകാറുണ്ട്. കാരിക്കടവ് ഉന്നതിയിലേക്കുള്ള ലൈനിലാണ് ഇങ്ങനെ കാട്ടാനകള്‍ റബര്‍മരങ്ങള്‍ മറിച്ചിടാറുള്ളത്.
കാട്ടാനശല്യം രൂക്ഷമായിട്ടുള്ള കാരിക്കടവ് ഭാഗത്തേക്ക് വന്യമൃഗങ്ങളെ ഭയന്ന് രാത്രിയായാല്‍ ആരും യാത്ര ചെയ്യാറില്ല. കാട്ടാനയുടെ ആക്രമണത്തില്‍ ഈ പ്രദേശത്ത് മരണങ്ങള് ഉണ്ടായിട്ടുണ്ട്.
വൈദ്യുതി വകുപ്പ് ജീവനക്കാരേയും ആനകള്‍ ഓടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചൊക്കന,കാരിക്കടവ് ലൈനില്‍ തകരാര്‍ ഉണ്ടായാല്‍ രണ്ട് ആദിവാസി ഉന്നതികളും ചൊക്കനയിലെ തോട്ടം തൊഴിലാളികളുടെ പാഡികളും നായാട്ടുകുണ്ടിലെ നൂറോളം കുടുംബങ്ങളും ഇരുട്ടിലാകും. മൊബൈല്‍ ഫോണിന് പൊതുവേ റേഞ്ച് കുറവായ ഇവിടെ വൈഫൈ മുഖേനയുള്ള ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാണ് പുരംലേകത്തുള്ളവരുമായി ബന്ധപ്പെടുന്നത്. വൈദ്യുതി നിലച്ചാല്‍ ഇതിനു കഴിയാതെ വരും.
വെള്ളിക്കുളങ്ങര സെക്ഷനന് പരിധിയിലെ നായാട്ടുകുണ്ട് ഫീഡറിലെ കട്ടിപ്പൊക്കം മുതല്‍ ചൊക്കന, കാരിക്കടവ്, ശാസ്താംപൂവം വരെയുള്ള എച്ച്ടി ലൈന്‍ കേബില്‍ ലൈന്‍ (എബിസി) ലൈന്‍ ആക്കി മാറ്റിയാല്‍ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
വീട്ടുമുറ്റങ്ങളില്‍ പോലും കാട്ടാനയും പുലിയും വിഹരിക്കുനന സാഹചര്യം കണക്കിലെടുത്ത് തടസമില്ലാതെ വെളിച്ചം ലഭ്യമാക്കി വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാക്കാതെ തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒപ്പിട്ടുനല്‍കിയ നിവേദനങ്ങള്‍ ഇപ്പോഴും ബന്ധപ്പെട്ട ഓഫീസുകളുടെ മേശപ്പുറങ്ങളില്‍ തീര്‍പ്പുകാത്തു കിടക്കുകയാണ്.