കരിവീരപ്പുറമേറാൻ കലാകാരന്റെ കരവിരുതിൽ കൗതുകക്കുടകൾ
1548010
Monday, May 5, 2025 1:58 AM IST
തൃശൂർ: പൂരത്തിനു മായക്കാഴ്ചയൊരുക്കുന്ന കുടമാറ്റത്തിന് ഇത്തവണയും വ്യത്യസ്തകൾകൊണ്ട് ശ്രദ്ധേയനായി പൂങ്കുന്നം സീതാറാം മിൽലെയ്ൻ സ്വദേശി പ്രസാദ് തോട്ടപ്പാത്ത്. തിരുവന്പാടി വിഭാഗത്തിനു വേണ്ടി ശിവപാർവതിയുടെയും പാറമേക്കാവിനായി ഗണപതിയുടെയും സ്പെഷൽ കുടകളാണു പ്രസാദ് ഒരുക്കുന്നത്.
കുടമാറ്റത്തിന് ആദ്യമായി രൂപക്കുടകൾ അവതരിപ്പിച്ചു ശ്രദ്ധേയനായ ചിത്രകലാധ്യാപകൻകൂടിയായ പ്രസാദ് തിരുവന്പാടിക്കുവേണ്ടി 19 വർഷമായും പാറമേക്കാവിനുവേണ്ടി ആറാംവർഷവുമാണു കുട ഒരുക്കുന്നത്. പ്രതിഫലേച്ഛ കൂടാതെയാണു കുടനിർമാണം.
കുചേലന്റെ രൂപമൊരുക്കിയായിരുന്നു പൂരത്തിലേക്കുള്ള ചുവടുവയ്പ്. പ്രചോദനമേകിയത് കേരളവർമ കോളജ് അധ്യാപകനായിരുന്ന അന്തരിച്ച ജനാർദനൻ മാസ്റ്ററാണ്. നിലവിൽ ഒരു സെറ്റ് കുടയ്ക്ക് (14 കുടകൾ) ഒന്നേകാൽ ലക്ഷം രൂപയാണു നിർമാണച്ചെലവ്.
പാറമേക്കാവിനും തിരുവന്പാടിക്കും രണ്ടുസെറ്റ് കുടകൾവീതമാണ് പ്രസാദിന്റെ പണിപ്പുരയിൽ ഒരുങ്ങിയിട്ടുള്ളത്.
ഒന്നരമാസമായി രാത്രി വൈകിയും പണികൾ നടക്കുന്നു. നാലുപേർ സഹായത്തിനുണ്ട്. കൂടാതെ കൂട്ടുകാരും. കുന്നംകുളം എക്സൽ പബ്ലിക് സ്കൂളിലാണു പ്രസാദ് ജോലിചെയ്യുന്നത്. ശരണ്യയാണു ഭാര്യ. മകൻ: ദക്ഷ്.